konnivartha.com/ആലപ്പുഴ : ജോയ് വർഗീസ് ഫൗണ്ടേഷന്‍റെ 2023 ലെ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ് അർഹനായി. പച്ചയായ പാട്ടിന് 30 വയസ് , തീവെയിലിലും കുടപിടിച്ചൊരാൾ എന്നീ ഫീച്ചറുകളുടെ മികവ് പരിഗണിച്ചാണ് വർഗീസിനെ അവാർഡിന് തിരഞ്ഞെടുത്തത് . 15001 രൂപയുടെ ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മെയ് 19 ന് ആലപ്പുഴയിൽ സമ്മാനിക്കുമെന്ന് ചെയർമാൻ ടോമി പുലിക്കാട്ടിൽ , ജനറൽ സെക്രട്ടറി കെ. ശ്യാമപ്രസാദ് എന്നിവർ അറിയിച്ചു.
അന്ന് 3.30 ന് ചടയംമുറി ഹാളിൽ ചേരുന്ന ചേരുന്ന ജോയ് വർഗീസ് അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന കൃഷി വകുപ്പുമന്ത്രി പി. പ്രസാദാണ് പുരസ്കാരം സമ്മാനിക്കുക.
മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ പി.കെ. സുരേന്ദ്രൻ, ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ കെ.വി. സുധാകരൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. കെ.ജി. പദ്മകുമാർ എന്നിവരുൾപ്പെട്ട പാനലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.