പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും നിറച്ച് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കും .കർണാടകയിലെ വിജയം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ഊർജമാകും നൽകുക. കർണാടകയിൽ കോൺഗ്രസ് സർക്കാരില്‍ ആരാകും മുഖ്യമന്ത്രിയെന്നുള്ള ചര്‍ച്ച തുടങ്ങി . സിദ്ധരാമയ്യയുടേയും ഡികെ ശിവകുമാറിന്റേയും പേരുകൾ തന്നെയാണ് ഉയർന്നു കേൾക്കുന്നത്
കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടിയിരുന്നത് .കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഇത് മറികടന്നു . ബി ജെ പിയ്ക്ക് ഏറ്റ വലിയ തിരിച്ചടിയാണ് കര്‍ണാടകയില്‍ ഉണ്ടായത് . 5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്‍റെ വിധിയെഴുതിയത്.കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്.മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും മലയാളിയായ കോൺഗ്രസിന്റെ യു ടി ഖാദർ ഫരീദിന് വിജയം. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർത്ഥിയായ ബിജെപിയിലെ സതീഷ് കുമ്പളയ്ക്ക് 24,433 വോട്ടുകൾ മാത്രമാണ് നേടാനായത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം.മംഗളൂരു മണ്ഡലത്തിൽ നിന്ന് നേരത്തെ നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ മുഖമാണ്.
കോൺഗ്രസിനെതിരെ വർഷങ്ങളായി ബിജെപി ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ‘കോൺഗ്രസ് മുക്ത ഭാരതം’ എന്നത്. ഇപ്പോള്‍ കർണാടകത്തിലെ വിജയത്തോടെ ഇതിന് ബദൽ മുദ്രാവാക്യം കണ്ടെത്തിയിരിക്കുകയാണ് കോൺഗ്രസ്.
‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ എന്ന മുദ്രാവാക്യമാകും ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് ഇനി ഉപയോഗിക്കുക.ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഭരണമുള്ള ഏക സംസ്ഥാനമാണ് കർണാടക. അവിടെനിന്ന് കൂടി അവരെ പടിയിറക്കുന്നത് കോൺഗ്രസിന് ഊർജമേകുമെന്നാണ് വിലയിരുത്തൽ