Trending Now

പത്തനംതിട്ട ജില്ലാ തല അറിയിപ്പുകള്‍ ( 08/05/2023)

എന്റെ കേരളം മേള : സെവന്‍സ് ഫുട്ബോള്‍ മത്സരം (മേയ് 9)

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തുന്നു. എക്സൈസ് വകുപ്പ് വിമുക്തി മിഷന്‍, സ്പോര്‍ട്സ് കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കരുതലും കവചവും എന്ന പേരിലാണ് സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തുന്നത്.

(മേയ് 9) രാവിലെ എട്ടിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ക്ലബുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും.

കരുതലും കൈത്താങ്ങും : തിരുവല്ല താലൂക്കുതല അദാലത്ത് മേയ് ഒന്‍പതിന്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്ത് മേയ് ഒന്‍പതിന് രാവിലെ 10ന് നടക്കും. തിരുവല്ല എസ്സിഎസ് അങ്കണത്തിലെ അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും.

ആന്റോ ആന്റണി എംപി, അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അപേക്ഷ ക്ഷണിച്ചു

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ് /ഐടിഐ ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍ /ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് 18ന് വൈകുന്നേരം നാലുവരെ സ്വീകരിക്കും. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷകള്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍- 0468 2214387.

 

ജില്ലാ യോഗാ ഒളിമ്പ്യാഡ്

പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മെയ് 12 ന് കാത്തോലിക്കറ്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ യോഗാ ഒളിമ്പ്യാഡ് നടക്കുന്നു. മെയ് 21, 22 തീയതികളിലായി എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ ഗവ.ജി.വി.രാജാസ്‌പോര്‍ട് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല യോഗാ ഒളിമ്പ്യാഡിലേക്ക് പങ്കെടുപ്പിക്കേണ്ട പത്തനംതിട്ട ജില്ലാടിമിനെ തിരഞ്ഞെടുക്കാനാണ് മെയ് 12 ന് ഉദ്ദേശിക്കുന്നത്.

ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളെ അപ്പര്‍ പ്രൈമറിതലമായും ഒന്‍പത്, 10 ക്ലാസുകളിലെ കുട്ടികളെ സെക്കന്ററിതലമായും പരിഗണിക്കുന്നു. ഓരോ തലങ്ങളിലും നാല് ആണ്‍ കുട്ടികളെയും നാല് പെണ്‍കുട്ടികളെയും മത്സരങ്ങളില്‍ നിന്നും കണ്ടെത്തും. അങ്ങനെ 16 അംഗടീം പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുക്കും.

പത്തനംതിട്ട ജില്ലായോഗാ ഒളിമ്പ്യാഡിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ് രേണുകാഭായി, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.പി.വേണുഗോപാലന്‍,എസ്.എസ്.കെ പ്രോജക്ട്‌കോ-ഓര്‍ഡിനേറ്റര്‍ ഡോ.ലെജു.പി.തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലായോഗാ അസോസിയേഷന്‍, റവന്യൂ ജില്ലാസ്‌പോര്‍ട്‌സ് സെക്രട്ടറി,ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരുപാടി സംഘടിപ്പിക്കുന്നത്. ഫോണ്‍. 9961090979, 9446187489.

കുടിവെള്ള പദ്ധതിക്കായി കുഴിച്ചിട്ടിരിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിയിലാക്കണം : താലൂക്ക് വികസന സമിതി

പത്തനംതിട്ടയില്‍ കുടിവെള്ള പദ്ധതിക്കായി കുഴിച്ചിട്ടിരിക്കുന്ന റോഡുകളിലെ പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി റോഡുകള്‍ പൂര്‍വസ്ഥിയിലാക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോഴിക്കട ഉള്‍പ്പടെ ഉള്ള കടകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം.വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടി സ്വീകരിക്കണം. പത്തനംതിട്ട ടൗണ്‍, തെക്കേമല ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മുന്‍സിപ്പില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി യുടെ പ്രതിനിധി ജെറി മാത്യൂ സാം, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ റ്റി റ്റോജി, പത്തനംതിട്ട മുന്‍സിപ്പാലിറ്റി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് കുമാര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജി ഭാസ്‌കര്‍, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജോണ്‍ സാം, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്.സിറോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആശ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി :സര്‍വേ പരിശീലനം നടന്നു

സാധാരണ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ മേഖലയെക്കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷനും കൈറ്റ് കേരളയും ചേര്‍ന്ന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഇ -മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രെക്ടര്‍മാര്‍ക്കുള്ള പരിശീലനം നടന്നു. ഇരവിപേരൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായാണ് പരിശീലനം സംഘടിപ്പിച്ചത്.

ഓരോ വാര്‍ഡില്‍നിന്നും 10 സന്നധ പ്രവര്‍ത്തകര്‍ വീതം ഇന്‍സ്ട്രക്ടറായി പങ്കെടുത്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷേര്‍ലി ജയിംസ്, ആര്‍.ജയശ്രീ, അനില്‍ ബാബു, കെ.കെ വിജയമ്മ, ജിന്‍സന്‍ വര്‍ഗീസ്, എം.എസ് മോഹനന്‍, ത്രേസ്യാമ്മ കുരുവിള, കെ.സതീഷ്, ബിജി ബെന്നി, സുസ്മിത ബൈജു ,വിനീഷ് കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.വി.അനില്‍, കെറ്റ് കേരള റിസോഴ്സ് പേഴ്സണ്‍മാരായ എം.ടി തോമസ്, ടി.ആര്‍ രതി, സാക്ഷരതാമിഷന്‍ അസി.കോഡിനേറ്റര്‍ വൈ.സജീന, ഇ-മുറ്റം കോ ഓര്‍ഡിനേറ്റര്‍ വനമാലി ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.

പി.എം.എ.വൈ(ജി) ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനവും

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പി. എം. എ. വൈ(ജി) പദ്ധതിയിലൂടെ ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മവും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സാറാമ്മ ഷാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി. ജി. ശ്രീവിദ്യ, മറ്റു ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ ജെ.ഗിരിജ, ഹൗസിംഗ് ഓഫീസര്‍ ആശ ജി ഉണ്ണി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍, പി. എം. എ. വൈ(ജി) ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുരുമല കുടിവെള്ള പദ്ധതി ഉദ്ഘാടനം നടത്തി

ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് കുരുമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍പിള്ള നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പത്തുലക്ഷം രൂപ മുടക്കി 10 എച്ച്പി മോട്ടോറും എച്ച്ഡിപിഇ പൈപ്പ്‌ലൈനും ഉപയോഗിച്ചു പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഈ പദ്ധതിയിലൂടെ 40 കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുക.പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ കുരുമല നേരിടുന്ന പ്രധാന പ്രശ്നമായ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. വാര്‍ഡ് അംഗം അനില്‍ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എസ് രാജീവ്, വാര്‍ഡ് അംഗം കെ.കെ വിജയമ്മ ടീച്ചര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹരിതമിത്രം ആപ്പ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

ഹരിതമിത്രം ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ ഗാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ നിര്‍വഹിച്ചു

. ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഹരിതകര്‍മസേനയുടെ ആഭിമുഖ്യത്തിലുള്ള അജൈവ മാലിന്യശേഖരണ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള മൊബൈല്‍ ആപ്പ്ളിക്കേഷന്‍ ആണിത്. ഈ പദ്ധതിപ്രകാരം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ സേനാംഗങ്ങള്‍ സന്ദര്‍ശനം നടത്തുകയും ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങള്‍ ചോദിച്ചറിയുകയും, ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ തുടര്‍വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട വ്യക്തിഗത, വാര്‍ഡ്-തല മാലിന്യ സംസ്‌കരണ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. ഹരിതമിത്രം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ക്യൂ ആര്‍ കോഡ് പതിക്കുകയും, ഇതുപയോഗിച്ച് പ്രതിമാസ അജൈവ മാലിന്യ ശേഖരണം വിലയിരുത്തുകയും ചെയ്യും

ടെന്‍ഡര്‍

കൃഷി വകുപ്പിന്റെ വിവിധ ഫാമുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട തെങ്ങിന്‍തൈകള്‍, വിത്ത്, തേങ്ങ, വളങ്ങള്‍, മറ്റു നടീല്‍ വസ്തുക്കള്‍ എന്നിവ പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16 ന് പകല്‍ 12 വരെ.

ഗ്രാമസഭ

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ മേയ് 17 മുതല്‍ 25 വരെ നടക്കും. വാര്‍ഡ്, തീയതി, സമയം, ഗ്രാമസഭ കൂടുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ. വാര്‍ഡ് ഒന്ന് ചെറുകുളഞ്ഞി മേയ് 17 ന് രാവിലെ 10.30 ന് അഞ്ചാനി ക്നാനായ പളളി ഓഡിറ്റോറിയത്തില്‍.

വാര്‍ഡ് രണ്ട് കരിമ്പനാംകുഴി മേയ് 17 ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ബംഗ്ലാംകടവ് ന്യൂ യുപിഎസില്‍. വാര്‍ഡ് മൂന്ന് വലിയകുളം മേയ് 18 ന് രാവിലെ 10.30 ന് വലിയകുളം ജിഎല്‍പിഎസ് ഓഡിറ്റോറിയത്തില്‍. വാര്‍ഡ് നാല് വടശേരിക്കര ടൗണ്‍ മേയ് 20 ന് ഉച്ചയ്ക്ക് രണ്ടിന് കുമരംപേരൂര്‍ ഇഎഎല്‍പിഎസില്‍. വാര്‍ഡ് അഞ്ച് ബൗണ്ടറി മേയ് 22 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ബൗണ്ടറി എംആര്‍ സ്‌കൂളില്‍. വാര്‍ഡ് ആറ് പേഴുംപാറ മേയ് 20 ന് രാവിലെ 11 ന് പേഴുംപാറ ഡിപിഎം യു പി എസില്‍.

വാര്‍ഡ് ഏഴ് അരീയ്ക്കകാവ് മേയ് 22 ന് രാവിലെ 10.30 ന് എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍. വാര്‍ഡ് എട്ട് മണിയാര്‍ മേയ് 23 ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് മണിയാര്‍ ഹെസ്‌കൂള്‍. വാര്‍ഡ് ഒന്‍പത് കുമ്പളത്താംമണ്‍ മേയ് 24 ന് ഉച്ചയ്ക്ക് രണ്ടിന് മുക്കുഴി ബാലവാടിയില്‍. വാര്‍ഡ് 10 തലച്ചിറ മേയ് 25 ന് രാവിലെ 10.30 ന് എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍.വാര്‍ഡ് 11 തെക്കുംമല മേയ് 24ന് രാവിലെ 10.30 ന് തെക്കുംമല സെന്റ് തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാളില്‍. വാര്‍ഡ് 12 ഇടത്തറ മേയ് 19 ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ഇടത്തറ എംറ്റിഎല്‍പിഎസില്‍. വാര്‍ഡ് 13 നരിക്കുഴി മേയ് 19 ന് രാവിലെ 10.30 ന് ചെങ്ങറ മുക്ക് എം.റ്റി.എല്‍.പി എസില്‍. വാര്‍ഡ് 14 കുമ്പളാംപൊയ്ക മേയ് 18 ന് ഉച്ചയ്ക്ക് രണ്ടിന് കുമ്പളാംപോയ്ക സിഎംഎസ് ഓഡിറ്റോറിയത്തില്‍. വാര്‍ഡ് 15 ഇടക്കുളം മേയ് 25 ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പളളിക്കമുരുപ്പ് സാംസ്‌കാരിക നിലയത്തില്‍. ഫോണ്‍: 04735 252029

സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലേക്ക് സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും.

വിലാസം:ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് , മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട-689 533. ഫോണ്‍ : 0468 2319998, 8281899462. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – യോഗ്യത: എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആര്‍സിഐ രജിസ് ട്രേഷന്‍, പ്രവര്‍ത്തി പരിചയം അഭിലഷണീയം.
സൈക്കോളജിസ്റ്റ്- സൈക്കോളജിയില്‍ പി.ജി, പ്രവര്‍ത്തി പരിചയം അഭിലഷണീയം.