Trending Now

കെ 83 ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു; ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നി

 

കെ 83 ഫുട്ബോള്‍ പരിശീലന സെലക്ഷന്‍  ക്യാമ്പ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ചുറുചുറുക്കുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍  കെ 83 എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്.

 

പദ്ധതിയുടെ ആദ്യഘട്ടമായ  ഫുട്ബോള്‍ പരിശീലനം പ്രമാടം പഞ്ചായത്തില്‍ ശനിയാഴ്ച ആരംഭിച്ചു. അഡ്വ.കെയു ജനീഷ് കുമാര്‍ പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ഇന്ത്യന്‍ ഫുട്ബോള്‍ താരം സി. കെ. വിനീത് ആണ് പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടുകൂടിയാണ് ഫുട്ബോള്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ദേശീയ ഫുട്ബോള്‍  താരങ്ങളായ റിനോ ആന്റോ, എന്‍.പി. പ്രദീപ്, അക്കാദമി ഡയറക്ടര്‍ അരുണ്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കും. പത്ത്മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനമാണ് പദ്ധതിയുടെ  ലക്ഷ്യം.

 

ആഴ്ചയില്‍ ആറു ദിവസമാണ് പരിശീലന ക്ലാസുകള്‍  നടക്കുന്നത്. ഞായര്‍ ഒഴിച്ചുള്ള എല്ലാ ദിവസവും  വൈകുന്നേരം 4.30 മുതല്‍ 6 മണി വരെ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ പരിശീലനം നടക്കും. രണ്ടു ബാച്ചുകള്‍ ആയി തിരിച്ചായിരിക്കും പരിശീലന പരിപാടി. കുട്ടികളുടെ ശാരീരിക- മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള  ക്ലാസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നൂറിലധികം കുട്ടികള്‍ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത പരിശീലന സെലക്ഷന്‍ ക്യാമ്പില്‍ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനിത്ത്.എന്‍, പഞ്ചായത്ത് അംഗങ്ങളായ നിഷ മനോജ് ഹരികൃഷ്ണന്‍, മിനി, രാജി. സി ബാബു, ശ്രീകുമാര്‍, ഉയരെ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആക്ലേത്ത്,  കെ.ആര്‍. ജയന്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!