Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/04/2023)

 

 

അന്നമേകി ന്യൂട്രി ട്രൈബ്  
ട്രൈബല്‍ മേഖലയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യുട്രി ട്രൈബ് പദ്ധതി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ മാതൃകാപരമായി നടപ്പിലാക്കി വരുന്നു.ട്രൈബല്‍ കോളനിയിലെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക,അധിക പോഷകാഹാരം വിതരണം ചെയ്യുന്നതിനായി പഞ്ചായത്തും  ഐസിഡിഎസും ആവിഷ്‌കരിച്ച പദ്ധതിയാണിത് .

 

ജീവിതസാഹചര്യങ്ങള്‍ കൊണ്ട്  പോഷകസമ്പൂര്‍ണ്ണമായ ആഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പദ്ധതിയിലൂടെ പരമാവധി ഗുണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് തലത്തില്‍ നടക്കുന്നത് . പോഷകാഹാരക്കുറവ്, അനിമീയ, ഭാരക്കുറവ് തുടങ്ങിയ നിരവധി പ്രശനങ്ങള്‍ പഞ്ചായത്തിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ മുന്‍പ് നേരിട്ടിരുന്നത് കണക്കിലെടുത്താണ് ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്.

 

കോട്ടാംപാറ ട്രൈബല്‍ കോളനി, ആവണിപ്പാറ ഗിരിജന്‍ സങ്കേതം, കാട്ടാത്തി കോളനി എന്നീ കോളനികളിലുള്ള കുട്ടികള്‍ക്കാണ് പോഷകാഹാര വിതരണം നടത്തുന്നത്.6 മാസം മുതല്‍ 3 വയസു വരെയുള്ള  കുട്ടികള്‍ക്ക് റാഗി, ശര്‍ക്കര ,നെയ്യ് എന്നിവയും ,3 മുതല്‍ 6 വയസു വരെയുള്ള  കുട്ടികള്‍ക്കും 10 മുതല്‍ 18  വയസുവരെയുള്ള കുട്ടികള്‍ക്കും  അണ്ടി പരിപ്പ്, ബദാം,കറുത്ത മുന്തിരി , കപ്പലണ്ടി, എന്നിവയുമാണ് നല്‍കുന്നത്. അങ്കണവാടി അനുപൂരക ഭക്ഷണം ഡബിള്‍ റേഷന്‍ ആയി നല്‍കുന്നതിന്  പുറമെയാണിത്.

 

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള പോഷകാഹാരവും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കായി  അംഗന്‍വാടി ജീവനക്കാരുടെ  ടീം രൂപീകരിച്ചിട്ടുണ്ട്. ടീമംഗങ്ങള്‍ എല്ലാ മാസവും 15 -ന് ട്രൈബല്‍ കോളനികള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും  കുട്ടികളുടെ ഉയരം, ഭാരം തുടങ്ങിയവ രേഖപ്പെടുത്തി അനാരോഗ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്നതിലും ശ്രദ്ധ ചെലത്തുന്നു. പോഷകസമ്പൂര്‍ണ്ണമായ ആഹാരം കുട്ടികളുടെ ആവശ്യവും അവകാശവുമാണ് എന്ന ലക്ഷ്യ ബോധത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

ചികില്‍സ രംഗത്ത്  മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ്

ഹോമിയോപ്പതി വകുപ്പ്  ചികില്‍സ രംഗത്ത്  നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നടപ്പിലാക്കിയ സാംക്രമിക രോഗ നിയന്ത്രണ പദ്ധതികളും മെഡിക്കല്‍ ക്യാമ്പുകളും, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകളും, സെമിനാറുകളും  രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്.

 

സ്ത്രീകളുടെ ആരോഗ്യപരിപാലനവും, സാമൂഹിക സമത്വം, സമാധാനം എന്നിവ ലക്ഷ്യമാക്കി വകുപ്പ് നടപ്പിലാക്കി വരുന്ന ലിംഗാധിഷ്ഠിത പദ്ധതിയായ സീതാലയം സെന്ററിന്റ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെപേര്‍ക്ക്  ആശ്വാസകരമായിട്ടുണ്ട്.വന്ധ്യതാ നിവാരണ ചികിത്സ രംഗത്ത്   നടപ്പിലാക്കിയായ ജനനി പദ്ധതിയിലൂടെ ചികിത്സയ്‌ക്കെത്തുന്ന ഓരോ ദമ്പതികളെയും വിശദമായ കേസ് പഠനത്തിലൂടെയും ആധുനിക പരിശോധന സംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തി നിരവധി കുടുംബങ്ങള്‍ക്ക് ഒരു കുഞ്ഞ്  എന്ന സ്വപ്നം  സഫലമാക്കാന്‍ സാധിച്ചു.

 

ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായി ഹോമിയോപ്പതിയൊടൊപ്പം പ്രകൃതി ജീവനം, യോഗ തുടങ്ങിയ ചികിത്സാസമ്പ്രദായങ്ങളെക്കൂടി സമന്വയിപ്പിച്ചു കൊണ്ട് ആരംഭിച്ച ആയുഷ് ഹോളിസ്റ്റിക്ക് സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട് . ക്യാന്‍സര്‍ ചികിത്സയ്ക്കും, സാന്ത്വന പരിചരണത്തിനുമായി ആരംഭിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഒട്ടേറെപേര്‍ക്ക് ആശ്വാസകരമാകുന്നുണ്ട്.കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യ – വ്യക്തിത്വ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആരംഭിച്ച സദ്ഗമയ പദ്ധതിയുടെ സേവനം കൂടുതല്‍ ശക്തമാക്കി.

നാരങ്ങാനം ഗവ ഹോമിയോ ഡിസ്പെന്‍സറിയെ മോഡല്‍ ഡിസ്പെന്‍സറിയായി ഉയര്‍ത്തിയും,
നിലവിലുള്ള മോഡല്‍ ഡിസ്പെന്‍സറിയെ കെഎഎസ്എച്ച് നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഹോമിയോപ്പതിവകുപ്പും   കേന്ദ്ര സര്‍ക്കാര്‍ ഹോമിയോപ്പതി ഗവേഷണ കേന്ദ്രമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഹോമിയോപ്പതി റിസര്‍ച്ച് സെന്ററും ചേര്‍ന്നുള്ള ആര്‍ സി റ്റി ശാസ്ത്രീയ ഗവേഷണം പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുത്ത 10 ഹോമിയോപ്പതി ഡിസ്പെന്‍സറികളില്‍ നടന്നു വരുന്നു.

ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ ഒഴിവ്

നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, കെജിറ്റിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ്പ്രോസസിംഗ് (ലോവര്‍) എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രവര്‍ത്തിപരിചയ സാക്ഷ്യപത്രം അഭിലഷണീയം. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മപദ്ധതി, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ടറേറ്റ് പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ മെയ് ആറിന് പകല്‍ മൂന്നിനു  മുമ്പായി സമര്‍പ്പിക്കണം.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവ്

തിരുവല്ല നഗരസഭയില്‍ നിലവില്‍ ഒഴിവുളള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മെയ് നാലിന് രാവിലെ 11 ന് നഗരസഭ ഓഫീസില്‍ അഭിമുഖം നടത്തുന്നു.  നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍( പ്രായപരിധി 35 വയസ് വരെ).  വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ : 0469 2701315,2738205

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)(മലയാളം മീഡിയം) (കാറ്റഗറി നം.203/2021) തസ്തികയുടെ   14/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക 18.04.2023 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസില്‍ ഫയര്‍ വുമണ്‍ (ട്രെയിനി)
(കാറ്റഗറി നം.245/20) തസ്തികയുടെ  217/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 03.04.2023 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവ്
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തില്‍ നിലവിലുളള ഒരു  ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് (കരാര്‍ അടിസ്ഥാനത്തില്‍) ഒഴിവിലേക്ക് ബി കോമും പിജിഡിസിഎയും യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് അഞ്ച്. ഫോണ്‍-04734 288621

കെ- മാറ്റ് പരിശീലനം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) ഏപ്രില്‍ 29 ന്  സൗജന്യ കെ-മാറ്റ് പരിശീലനം നല്‍കുന്നു. ഫോണ്‍ : 9446068080.

ബയോമെട്രിക് മസ്റ്ററിംഗ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനുവദിയ്ക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30 വരെയുളള കാലയളവിനുളളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക/മാനസിക വെല്ലുവിളി  നേരിടുന്നവര്‍, കിടപ്പു രോഗികള്‍, വൃദ്ധ ജനങ്ങള്‍ എന്നിങ്ങനെ അക്ഷയകേന്ദ്രത്തില്‍ എത്തിചേരാന്‍ കഴിയാത്തവര്‍ മെയ് 10 ന് മുമ്പായി  പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം ഹോം മസ്റ്ററിംഗിന് ക്രമീകരണം ചെയ്യുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

 

പത്തനംതിട്ടയില്‍ ആകാശവാണിയുടെ പുതിയ എഫ്എം ട്രാന്‍സ്മിറ്റര്‍ ഏപ്രില്‍ 28 ന്  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയില്‍ ആകാശവാണിയുടെ പുതിയ എഫ്എം ട്രാന്‍സ്മിറ്റര്‍ ഏപ്രില്‍ 28 ന് രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടനം ചെയ്യും.  100 വാട്സാണ് ട്രാന്‍സ്മിറ്ററിന്റെ പ്രസരണശേഷി. പത്തനംതിട്ടയിലെ ഫ്രീക്വന്‍സി 100  മെഗാഹെര്‍ഡ്‌സാണ്.
തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ രാവിലെ അഞ്ചര മണി മുതല്‍ രാത്രി 11.10 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും.  പ്രക്ഷേപണിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കള്‍ക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും  റേഡിയോ പരിപാടികള്‍ കേള്‍ക്കാം. പത്തനംതിട്ടയിലെ ട്രാന്‍സ്മിറ്റര്‍  സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ മണ്ണാറ മലയിലായതിനാല്‍ 25 കിലോമീറ്റര്‍ ചുറ്റളവില്‍വരെ പരിപാടികള്‍ കേള്‍ക്കാനാകും.

ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അനെര്‍ട്ട് ഡിപ്ലോമ / എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി സൗരോര്‍ജ്ജ മേഖലയില്‍ ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആന്റ്  കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍  ഡിപ്ലോമ / ബി ഇ/ബി ടെക് അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കും  പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം . ആദ്യത്തെ 200 പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണന ക്രമത്തില്‍ ആയിരിക്കും പരിശീലനം ലഭിക്കുക. ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് 177 രൂപയും ബിഇ/ബിടെക്  വിദ്യാര്‍ഥികള്‍ക്ക്  295 രൂപയും രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. കോഴ്സ് തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട് ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട്. അനെര്‍ട്ടിന്റെ വെബ്സൈറ്റ് വഴി (http://www.anert.gov.in/) ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :18004251803, ഇ മെയില്‍ : [email protected].

ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന നിപുണ്‍ ഭാരത് മിഷന് പ്രോജക്ടില്‍  പത്തനംതിട്ട ജില്ലയില്‍ ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് വൈകുന്നേരം അഞ്ചു വരെ. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് എസ്.എസ്.കെ പത്തനംതിട്ടയുടെ ബ്ലോഗ് സന്ദര്‍ശിക്കുക.(https://dpossapta.blogspot.com). ഫോണ്‍:  0469 – 2600167.

error: Content is protected !!