കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഇന്ന് (ഏപ്രില്‍ 24) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സ്വാഗതം ആശംസിക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി തോമസ്, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
നാല് നിലകളിലായി 1,65,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് അക്കാദമിക്ക് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. ആശുപത്രി കെട്ടിടത്തിനു സമീപമായി തന്നെ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള മനോഹരമായ അക്കാദമിക്ക് ബ്ലോക്ക് മന്ദിരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ക്ലാസ് മുറികള്‍, ഹാളുകള്‍, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക്ക് ബ്ലോക്കാണ് കോന്നിയില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.
അനാട്ടമി, ഫിസിയോളജി, ഫാര്‍മക്കോളജി, ബയോ കെമിസ്ട്രി, പതോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ അക്കാദമിക്ക് ബ്ലോക്കില്‍ പ്രവര്‍ത്തിക്കും. പ്രിന്‍സിപ്പലിന്റെ ഓഫീസും അക്കാദമിക്ക് ബ്ലോക്കില്‍ ഉണ്ടാകും. മൂന്ന് ലക്ചര്‍ ഹാളുകളില്‍ രണ്ടെണ്ണത്തില്‍ 150 കുട്ടികള്‍ക്ക് വീതവും, ഒന്നില്‍ 200 കുട്ടികള്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാകും. രണ്ട് നിലകളിലായി 15,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ലൈബ്രറി പ്രവര്‍ത്തിക്കും.
വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി ഒന്‍പതു സ്റ്റുഡന്റ് ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കും, പരീക്ഷാ നടത്തിപ്പിനുമായി 400 കുട്ടികള്‍ക്കിരിക്കാവുന്ന ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം നടത്തിയത്. പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡാണ് പ്രവര്‍ത്തിച്ചത്.
മുഖ്യമന്ത്രി ഇന്ന്(ഏപ്രില്‍ 24) പത്തനംതിട്ട ജില്ലയില്‍;
രണ്ട് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്(ഏപ്രില്‍ 24) പത്തനംതിട്ട ജില്ലയിലെത്തും. രാവിലെ 10.30ന് കോന്നി ഗവണ്‍മെന്റ്് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. തുടര്‍ന്ന് വൈകുന്നേരം 3.30ന് അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും.
അഞ്ചു വര്‍ഷം കൊണ്ടു സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ മുന്‍ഗണനകളില്‍ ഒന്നാണ്. ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ വിട്ടുപോയതുമായ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് പുറത്തു വരാനുള്ള സഹായവും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുകയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ മുഖ്യലക്ഷ്യം. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ പിന്നോക്കം നില്‍ക്കുന്ന സാമൂഹ്യ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള അഭിമാനകരമായ ഈ പദ്ധതി.
കോന്നി മെഡിക്കല്‍ കോളേജ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപ കിഫ്ബിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കോന്നി മെഡിക്കല്‍ കോളജിനെ ഉന്നത നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഒരു ഘട്ടത്തില്‍ വികസനം നിലച്ചുപോയ മെഡിക്കല്‍ കോളജിനെ വികസനത്തിന്റെ ടോപ് ഗിയറിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തിയാണ് വികസന കുതിപ്പിനു വഴിയൊരുക്കിയത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരത്തിലുള്ള കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സമര്‍പ്പിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്ക് പത്തനംതിട്ട ജില്ലയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമ്മാനമായാണ് വിലയിരുത്തപ്പെടുന്നത്.
വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തുന്ന മുഖ്യമന്ത്രിക്ക് മികച്ച സ്വീകരണം നല്‍കുന്നതിന് നാടൊരുങ്ങിക്കഴിഞ്ഞു. ആദ്യ പരിപാടി നടക്കുന്ന കോന്നി മെഡിക്കല്‍ കോളജ് അങ്കണത്തിലും രണ്ടാമത്തെ പരിപാടി നടക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും പൊതുജനങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവകാശം അതിവേഗം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെയും തദ്ദേശ ഭരണവകുപ്പിന്റെയും നേതൃത്വത്തിലും കോന്നി മെഡിക്കല്‍ കോളജിലെ ക്രമീകരണങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സംഘാടക സമിതി ചെയര്‍മാനായ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു പരിപാടികളുമായും ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരാണ് നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ-ഗതാഗത ക്രമീകരണങ്ങള്‍ ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനാണ് ഏകോപിപ്പിക്കുന്നത്.