Trending Now

നവജാത ശിശു വില്‍പന: കുഞ്ഞിനെ കേരള പോലീസ് വീണ്ടെടുത്തു

 

തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തി. പണം വാങ്ങിയാണ് കുഞ്ഞിനെ വിറ്റത്. പണം നല്‍കിയ കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് നിയമപരമായ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി വീണ്ടെടുത്തു. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം.വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.

 

നവജാത ശിശുവിനെ വിറ്റ സംഭവം: മന്ത്രി റിപ്പോർട്ട് തേടി

തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി

വർഷങ്ങളായി മക്കളില്ലെന്നും മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നും കരമന സ്വദേശിനി

നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ. വർഷങ്ങളായി മക്കളില്ലെന്നും മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നും കരമന സ്വദേശിനി പറഞ്ഞു. തനിക്ക് കുഞ്ഞിന്റെ യഥാർത്ഥ മാതാവുമായി രണ്ടു വർഷത്തെ പരിചയമുണ്ട്. അവസ്ഥ കൊണ്ടു ചോദിച്ചതാണ്, സ്നേഹബന്ധത്തിന്റെ പുറത്താണ് കുഞ്ഞിനെ നൽകിയത്. അവരുടെ ഭർത്താവ് പ്രശ്നമുണ്ടാക്കിയപ്പോഴാണ് പണം ചോദിച്ചത്. മൂന്നു ലക്ഷം രൂപ പലപ്പോഴായി ചോദിച്ചു. കുഞ്ഞിനെ വളർത്താനാണ് ആഗ്രഹമെന്നും സ്ത്രീ വ്യക്തമാക്കി.

കുഞ്ഞിന് വേണ്ടി അമ്മതൊട്ടിലിൽ സമീപിച്ചിരുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ കിട്ടിയില്ല. പിന്നാലെ കുഞ്ഞില്ലാത്ത സങ്കടം കുഞ്ഞിന്റെ യഥാർത്ഥ അമ്മയോട് പറഞ്ഞിരുന്നു. ഗർഭം ധരിക്കാമെന്ന് അവർ തന്നോട് സമ്മതിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.