Trending Now

വികസന മുന്നേറ്റത്തിന്‍റെ  തിലകക്കുറിയായി കോന്നി മെഡിക്കല്‍ കോളജ്

 

konnivartha.com : കോന്നി മെഡിക്കല്‍ കോളജ് എന്ന ഹെല്‍ത്ത് ഹബ് പത്തനംതിട്ട ജില്ലയുടെ വികസന മുന്നേറ്റത്തിന്റെ തിലകക്കുറിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാമത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യ-ചികിത്സാ -വിദ്യാഭ്യാസ രംഗത്ത് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.

 

2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 24 ന് മുഖ്യമന്ത്രി അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനത്തിനായി മെഡിക്കല്‍ കോളജിലേക്ക് എത്തുമ്പോള്‍ ദ്രുതഗതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും നിശ്ചയദാര്‍ഢ്യത്തോടെ നിരന്തരം പരിശ്രമിച്ചതിന്റെ ഫലമാണ് കോന്നിയുടെ മണ്ണില്‍ മെഡിക്കല്‍ കോളജ് ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്.

 

മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും കോന്നി മെഡിക്കല്‍ കോളജ് വികസനത്തിനായി മികച്ച പിന്തുണ നല്‍കിയിരുന്നു.
കിഫ്ബിയില്‍ നിന്ന് അനുവദിച്ച 352 കോടിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. നിലവില്‍ 300 കിടക്കകളുള്ള ആശുപത്രി കെട്ടിടമാണുള്ളത്. 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം ഉയരുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജ് ചരിത്രമെഴുതും.

ഐസിയു
പീഡിയാട്രിക്ക് ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു എന്നീ സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്‍.എച്ച്.എം ഫണ്ടില്‍ നിന്നും 16 ലക്ഷം ഉപയോഗിച്ചാണ് പീഡിയാട്രിക്ക് ഐ.സി.യു നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഐ.സി.യുവിന്റെ ഇന്റീരിയല്‍ വര്‍ക്കും മെഡിക്കല്‍ ഐ.സി.യു.വിന്റെ നിര്‍മാണവും കെ.എം.എസ്.സി.എല്‍ ആണ് നടത്തുന്നത്.

സിടി സ്‌കാന്‍
അഞ്ച് കോടി രൂപ ചിലിവില്‍ അത്യാധുനിക സി.ടി സ്‌കാന്‍ സംവിധാനമാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സി.ടി. സ്‌കാന്‍ മുറി, സി.ടി. പ്രിപ്പറേഷന്‍ മുറി, സി.ടി. കണ്‍സോള്‍, സി.ടി. റിപ്പോര്‍ട്ടിംഗ് മുറി, റേഡിയോളജി സ്റ്റോര്‍ മുറി, യു.പി.എസ് മുറി, ഡോക്ടര്‍മാര്‍ക്കും നഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും ഇവയോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ഓപ്പറേഷന്‍ തിയറ്റര്‍
അഞ്ചു മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് കെ.എം.എസ്.സി നിര്‍മിക്കുന്നത്. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 50 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. 3.3 കോടി രൂപ ചെലവില്‍ ഗൈനക്കോളജി ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയില്‍ സജീകരിച്ചിരിക്കുന്നു. മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്.

രക്ത ബാങ്ക്
മോഡുലാര്‍ രക്തബാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഫ്ബിയില്‍ നിന്നും 1.28 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉടനടി സ്ഥാപിക്കും. രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള 45 ലക്ഷം വിലവരുന്ന ക്രയോ ഫ്യൂജ്, എലിസ പ്രൊസസര്‍ ഉള്‍പ്പടെ 22 ഉപകരണങ്ങള്‍ കിഫ്ബി ധന സഹായത്തില്‍ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങും. രക്ത ബാങ്കിന്റെ ലൈസന്‍സ് നടപടികളും പുരോഗമിക്കുകയാണ്.

ഹോസ്റ്റല്‍ കെട്ടിടം
ആണ്‍കുട്ടികള്‍ക്ക് അഞ്ച് നിലയും പെണ്‍കുട്ടികള്‍ക്ക് ആറ് നിലയുമുള്ള ഹോസ്റ്റല്‍ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ മാസത്തില്‍ പ്രവേശനം നല്‍കും.

പതിനൊന്ന് നിലയുള്ള ഫ്ളാറ്റ്
11 നിലയില്‍ ജീവനക്കാര്‍ക്കായുള്ള ഫ്‌ളാറ്റിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. നാല് ടവറുകളായി നിര്‍മിക്കുന്ന ഫ്‌ളാറ്റില്‍ 160 ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും താമസ സൗകര്യമുണ്ടായിരിക്കും. ലോണ്‍ട്രി ബ്ലോക്കിന്റെ നിര്‍മാണവും 80 ശതമാനം പൂര്‍ത്തിയായി. മെഡിക്കല്‍ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മോര്‍ച്ചറി, ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല എന്നിവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സജ്ജമാകുകയാണ്.

ഗൈനക്കോളജി വിഭാഗം
നിലവിലുള്ള ആശുപത്രി കെട്ടിടത്തില്‍ ലക്ഷ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്റര്‍, ഡെലിവറി റൂം, വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി എന്‍.എച്ച്.എമ്മില്‍ നിന്നും 3.3 കോടി രൂപയാണ് വിനിയോഗിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാക്കോസ് ആണ് നിര്‍മാണം നടത്തിയത്.
മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള റോഡുകള്‍ ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ചു. ജലഅതോറിറ്റിയുടെ ജലശുദ്ധീകരണപ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ മലയോരജനതയുടെ എക്കാലത്തേയും സ്വപ്നമാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വികസന മുന്നേറ്റത്തിലൂടെ സാക്ഷാത്ക്കരിക്കുന്നത്.


കോന്നി മെഡിക്കല്‍ കോളജിലെ സിടി സ്‌കാന്‍ സംവിധാനം


കോന്നി മെഡിക്കല്‍ കോളജില്‍ നിര്‍മാണം നടന്നു വരുന്ന ഹോസ്റ്റല്‍ സമുച്ചയം


കോന്നി മെഡിക്കല്‍ കോളജില്‍ നിര്‍മാണം നടന്നു വരുന്ന ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് സമുച്ചയം.

 

error: Content is protected !!