ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ താവളം ഉറപ്പിച്ച മാവോയിസ്റ്റ് നേതാവിനെ പിടികൂടി

 

കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ഒരോൺ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്

2007 ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേഖല കമാണ്ടറാണ് പിടിയിലായ അജയ് ഒരോൺ. ഝാർഖണ്ഡ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയെന്ന പേരിൽ ഒന്നര മാസമായി ഇതരസംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 2019ന് ശേഷം നാല് തവണ ഇയാൾ കോഴിക്കോട് എത്തിയിരുന്നു. ആയുധ നിയമപ്രകാരമുള്ള കേസിൽ 11 മാസം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട് അജയ് ഓരോൺ.

അതേസമയം അറസ്റ്റിലായ പ്രതിയെ കേരള – ഝാർഖണ്ഡ് പോലീസ് സംഘവും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ചോദ്യം ചെയ്തു. ഇയാൾക്ക് ഒളിവിൽ കഴിയാൻ പ്രാദേശിക സഹായം കിട്ടിയോ എന്നും പരിശോധിക്കുന്നുണ്ട്. ഝാർഖണ്ഡിൽ മാവോയിസ്റ്റുകൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നീക്കം.ഈ സംഭവത്തോടെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരുന്നു

error: Content is protected !!