Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/04/2023)

പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

അങ്ങാടി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പൈപ്പ് ലൈനുകള്‍ ഉടന്‍ സ്ഥാപിച്ച് വൈകാതെ തന്നെ ജലവിതരണം ഇവിടെ കാര്യക്ഷമമാക്കാനാകും. ജല്‍ ജീവന്‍ പദ്ധതി വഴിയാണ് പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള വിതരണം നടപ്പാക്കുക. 2316 ഗാര്‍ഹിക കണക്ഷനുകളാണ് പദ്ധതി വഴി നല്‍കുക.
അങ്ങാടി – കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതിക്കായി 74 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അങ്ങാടി പഞ്ചായത്തില്‍ 1.64 കി.മീ ഡിഐ പൈപ്പുകളും 14,92 കി.മീ പിവിസി പൈപ്പുകളും 2.59 കി.മീ ജിഐ പൈപ്പുകളും ഉള്‍പ്പെടെ ആകെ 19.15 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കാനാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്.
പമ്പാനദിയില്‍ മാടത്തുംപടി കടവില്‍ പുതിയ കിണര്‍ നിര്‍മിച്ചാണ് ജലം ഉറപ്പാക്കുക. നിലവിലുള്ള മുഴുവന്‍ ടാങ്കുകളും തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും അങ്ങാടി പഞ്ചായത്തിലെ ജലവിതരണം സുഗമമാക്കുന്നത്.

 

വനിതാ മിത്ര കേന്ദ്രം-ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ഏപ്രില്‍ 15ന്

80 വനിതകള്‍ക്ക് താമസ സൗകര്യം
കുഞ്ഞുങ്ങള്‍ക്ക് ഡേ കെയര്‍ സെന്റര്‍

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട കണ്ണങ്കരയില്‍ ആരംഭിക്കുന്ന 80 വനിതകള്‍ക്ക് താമസ സൗകര്യം ലഭിക്കുന്ന വനിതാ മിത്ര കേന്ദ്രത്തിന്റെയും ഡേ കെയര്‍ സെന്ററിന്റെയും ഉദ്ഘാടനം ഏപ്രില്‍ 15ന് രാവിലെ 11ന് നടക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഹോസ്റ്റല്‍ ഉദ്ഘാടനം നിര്‍വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്കുള്ള വായ്പാ വിതരണം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. വനിതകള്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വനിതാ വികസന കോര്‍പറേഷന്‍ വനിതാ മിത്ര കേന്ദ്രം ഹോസ്റ്റലുകളും കുഞ്ഞുങ്ങള്‍ക്കുള്ള ഡേ കെയര്‍ സെന്ററുകളും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വനിതാ വികസന കോര്‍പറേഷന്‍ മികച്ച നിലയില്‍  വനിതാ ഹോസ്റ്റലുകള്‍ നടത്തി വരുന്നുണ്ട്.

കന്നുകാലി ഉടമകള്‍ക്ക് ധനസഹായം

കടുവയുടെ ആക്രമണത്തില്‍ പശുക്കളെ നഷ്ടപ്പെട്ട റാന്നി പെരുനാട് ക്ഷീര കര്‍ഷകരായ റജി വളവനാല്‍, ബഥനി പുതുവേല്‍ മാമ്പ്രയില്‍ രാജന്‍ എന്നിവര്‍ക്ക് മില്‍മാ അഡ്മിനിസ്‌ട്രേറ്റീവ്  കണ്‍വീനര്‍ ഭാസുരംഗന്‍ ധനസഹായം നല്‍കി. 25000 രൂപയും പലിശരഹിതമായി 50000 രൂപയുടെ ബാങ്ക് ലോണ്‍ ചെക്കുമാണ് കൈമാറിയത്.
നെടുമണ്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. മില്‍മ എംഡി
ഡി.എസ്. കോണ്ട, വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വാര്‍ഡ് അംഗം എം.എസ്. ശ്യാം, സെക്രട്ടറി  സന്ധ്യാ രാജ്, സംഘം പ്രസിഡന്റ് വി.കെ. സുശീലന്‍, വകുപ്പ്് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വിഷുവിന് ഒരുങ്ങി പന്തളം തെക്കേക്കര

വിഷുകണിക്ക് നാടന്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച്  കണിക്കിറ്റ് ഒരുക്കി പന്തളം തെക്കേക്കര. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ  കണി ഒരുക്കും ഗ്രാമം പദ്ധതി  പ്രകാരം കൃഷിയിറക്കിയ കണിവെള്ളരിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
തോലുഴം ഹരിതസംഘത്തിന്റെ നേതൃത്വത്തില്‍ ഹരിത സംഘത്തിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത ഗോപാലകൃഷ്ണകുറുപ്പ് ഗോകുലത്തിന്റെ കൃഷിയിടത്തിലായിരുന്നു വിളവെടുപ്പ് നടന്നത്.
25 കര്‍ഷകരുടെ കൃഷി വിജയപ്രദമായി വിളവെടുത്തതിലൂടെ ഓരോ കര്‍ഷകര്‍ക്കും നൂറു കിലോയിലധികം ഉല്‍പാദനം നടത്താന്‍ സാധിച്ചെന്നും നല്ല വില ലഭിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപ്പണിക്കര്‍, വാര്‍ഡ്  അംഗങ്ങള്‍, കൃഷി ഓഫീസര്‍ സി. ലാലി, സീനിയര്‍ കൃഷി അസിസ്റ്റന്റ് എന്‍. ജിജി, ഹരിതസംഘം ഭാരവാഹികളായ മോഹന്‍കുമാര്‍, എന്‍.ജി. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.