konnivartha.com: ശബരിമല തീര്‍ഥാടനപാതയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇലവുങ്കല്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാനും സുരക്ഷിതമായ ഗതാഗതം ഉറപ്പ് വരുത്തുന്നതിനുമായി ദേശീയ പാത അധികൃതരും പൊതുമരാമത്ത് വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷാവിഭാഗവുമായി ചേര്‍ന്ന് വിദഗ്ധാഭിപ്രായം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അപകടസാധ്യതയുള്ള ഇടങ്ങളില്‍ ക്രാഷ് ബാരിയറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, ബ്ലിങ്കറുകള്‍ തുടങ്ങിയവ സ്ഥാപിക്കുമെന്നും അന്യനാടുകളില്‍ നിന്നെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ വീതി മനസിലാക്കുന്നതിനായി എഡ്ജ് ലൈനുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തീര്‍ഥാടനകാലത്ത് അപകടങ്ങള്‍ ആവര്‍ത്തിച്ച ളാഹ വലിയ വളവിലും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ എംഎല്‍എ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ളാഹ കൊടുംവളവില്‍ അധികമായ സുരക്ഷാ ക്രമീകരണങ്ങള്‍ ദേശീയപാതാ വിഭാഗം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പിള്ള ജിഷ രാമചന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.അമ്പിളി, അസിസ്റ്റന്റ് എഞ്ചിനീയര്‍ (റോഡ്) ഷാജി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.