Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 12/04/2023)

വിപണനമേള ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ സിഡിഎസ് വിഷു വിപണനമേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിപണന മേളയില്‍ വിഷുക്കണി കിറ്റ് ന്യായമായ വിലയില്‍ ലഭ്യമാണ്.  വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച ചിപ്‌സ്, അച്ചാര്‍ ഇനങ്ങള്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി ഇനങ്ങള്‍, നാടന്‍ പച്ചക്കറി എന്നിവയും മേളയില്‍ ലഭിക്കും.

യോഗത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളി അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ മണിയമ്മ, എന്‍.യു.എല്‍.എം മാനേജര്‍ എസ് അജിത്, സി ഡി എസ് അക്കൗണ്ടന്റ് ആതിര കൃഷ്ണന്‍, സിഡിഎസ് അംഗങ്ങള്‍, ഉപസമിതി കണ്‍വീനര്‍മാര്‍, ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍സ്, മാസ്റ്റര്‍ ഫാര്‍മേഴ്സ് എന്നിവര്‍ പങ്കെടുത്തു.

തോട്ടങ്ങളിലെ കാടും പടലും നീക്കം ചെയ്യണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും വന്യമൃഗ ആക്രമണം കാരണം വളര്‍ത്തു മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പരിധിയിലുളള ചെറുകിട, വന്‍കിട തോട്ടങ്ങളിലെ കാടും പടലും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കും.

വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനറല്‍ വിഭാഗത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ നടന്ന പൈലറ്റ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 93 ഗുണഭോക്താക്കള്‍ക്ക് ആണ് കട്ടില്‍ നല്‍കിയത്.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി. വിദ്യാധരപ്പണിക്കര്‍, പ്രിയ ജ്യോതികുമാര്‍, എന്‍ കെ ശ്രീകുമാര്‍, പഞ്ചായത്ത് അംഗമായ എ കെ സുരേഷ്, ഐസിഡിഎസ് ഉദ്യോഗസ്ഥര്‍,  ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിഷു ചന്ത ആരംഭിച്ചു
തുച്ഛമായ വിലയ്ക്ക് ഗുണമേന്മയുള്ള ജൈവപച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വിഷുചന്തയിലൂടെ ആറന്മുള ഗ്രാമപഞ്ചായത്ത്. ആറന്മുള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ ഉല്പാദിപ്പിച്ച ജൈവ പച്ചക്കറികളും വിവിധ കാര്‍ഷിക വിളകളും വിഭവങ്ങളും വില്‍പനക്കെത്തിച്ചിട്ടുണ്ട്. മേള ഏപ്രില്‍ 13 ന് സമാപിക്കും.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സോമവല്ലി ദിവാകരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവല്ലി ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ഡി.ശ്രീലേഖ ,വൈസ് പ്രസിഡന്റ് എന്‍.എസ്.കുമാര്‍, സിഡിഎസ് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹരിത കര്‍മ സേനയില്‍ ഒഴിവ്
പത്തനംതിട്ട നഗരസഭയില്‍ ഹരിത കര്‍മ സേന അംഗമായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ള 45 വയസ് പ്രായപരിധി കഴിയാത്ത വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എട്ടാം ക്ലാസ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടാവണം.
നഗരസഭാ നിവാസികള്‍ക്ക് മുന്‍ഗണന. നഗരസഭയുടെ എട്ട് കി.മീ പരിധിയില്‍ സ്ഥിരതാമസം ഉള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവര്‍ വെള്ള കടലാസിലുള്ള അപേക്ഷ ഏപ്രില്‍ 18 പകല്‍ 4 മണിക്ക് മുമ്പ് നഗരസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. ഫോണ്‍ – 9446954023

ദര്‍ഘാസ്
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളില്‍ ഉത്പാദിപ്പിക്കപ്പെട്ട തെങ്ങിന്‍തൈകള്‍, വിത്ത് തേങ്ങ, വളങ്ങള്‍, മറ്റ് നടീല്‍ വസ്തുക്കള്‍ എന്നിവ പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലും മറ്റ് സ്ഥലങ്ങളിലും  എത്തിച്ചു നല്‍കുന്നതിന്  അംഗീകൃത കരാറുകാരില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി  ഏപ്രില്‍ 26 ന് പകല്‍ 12 വരെ.ഫോണ്‍ :0468 2222597.

അക്ഷയ ഊര്‍ജ അവാര്‍ഡ് 2022; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് അക്ഷയ ഊര്‍ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്. 2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്തിനുള്ള മേല്‍നോട്ട ചുമതല. അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യുന്നത്  ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക ജഡ്ജിംഗ് കമ്മിറ്റിയാണ്. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും, ഫലകവും  പ്രശസ്തിപത്രവും നല്‍കും.അപേക്ഷാ ഫോറവും, മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങളും അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ഏപ്രില്‍ 20 ന് മുന്‍പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

 

അടൂരില്‍ വിഷു, റംസാന്‍ ഉത്സവ വിപണി തുടങ്ങി
ഉപഭോക്താക്കള്‍ക്ക് പൊതു വിപണിയേക്കാള്‍ വളരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുന്ന വിഷു, റംസാന്‍ ഉത്സവ വിപണി സൗകര്യങ്ങള്‍ പൊതു ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂരിലെ വിഷു, റംസാന്‍ താലൂക്ക് ഫെയറിന്റെ ഉദ്ഘാടനം സപ്ലൈകോ അടൂര്‍ പീപ്പിള്‍സ് ബസാറില്‍  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ആദ്യ വില്‍പ്പന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് നടത്തി.

സംസ്ഥാനത്ത് ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കി എല്ലാ അവശ്യവസ്തുക്കളും ഗുണമേന്മയോടെ കൃത്യമായ അളവില്‍ ന്യായമായ വിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാകുന്നു. വിഷു ,റംസാന്‍ ഉത്സവ ദിനങ്ങളിലെ ആഘോഷങ്ങള്‍ കണക്കിലെടുത്ത് സപ്ലൈകോ വില്പനശാലകള്‍ ഏപ്രില്‍ 12 മുതല്‍ 21 വരെ ഉത്സവകാല ഫെയറുകള്‍ ആയി പ്രവര്‍ത്തിക്കും.

ഡിപ്പോ മാനേജര്‍ ബിജി തോമസ് ,ജൂനിയര്‍ മാനേജര്‍ എസ്.ദിനേശ് കുമാര്‍, വില്പനശാല മാനേജര്‍ എസ്.മുരളി, രാജേഷ് മണക്കാല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

കിലെ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
കിലെ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തൊഴില്‍ മേഖലയെയും തൊഴിലാളികളെയും സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ പത്രങ്ങള്‍, വാരികകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിന് പരിഗണിക്കേണ്ട ലേഖനങ്ങള്‍/വാര്‍ത്തകള്‍ എന്നിവ നല്‍കിയ ലേഖകന്റെ വിശദ വിവരങ്ങള്‍ സഹിതം ഏപ്രില്‍ 17 ന് വൈകുന്നേരം നാലിന് മുമ്പായി എക്സിക്യുട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ), തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 എന്ന മേല്‍ വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, കിലയുടെ ഓഫീസില്‍ നേരിട്ടോ നല്‍കണം. മികച്ച ലേഖനത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡും, ഫലകവും, പ്രശസ്തി പത്രവും നല്‍കും.

 

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ എല്‍ സി /എഐ) (കാറ്റഗറി നം.171/2018) തസ്തികയിലേക്ക് 27/11/2019ല്‍ നിലവില്‍ വന്ന 601/2019/എസ് എസ്  മൂന്ന് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും, എല്‍സി/എഐ സമുദായത്തിന്റെ നിലവിലുണ്ടായിരുന്ന ഒരു ഒഴിവിലേക്ക് നിയമനശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി 15/07/2021 ല്‍ ജോലിയില്‍ പ്രവേശിച്ചതിനാല്‍, ഈ എന്‍സിഎ റാങ്ക് ലിസ്റ്റ് 16/07/2021 പൂര്‍വാഹ്നത്തിന് നിലവിലില്ലാതാകുംവിധം 15/07/2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

റാങ്ക് ലിസ്റ്റ് റദ്ദായി   
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നം. 536/2013) തസ്തികയിലേക്ക് 21.01.2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 59/19/എസ്എസ്  എസ്പിഎല്‍  നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയായ മൂന്ന്  വര്‍ഷം പൂര്‍ത്തിയാക്കുകയും ദീര്‍ഘിപ്പിച്ച കാലാവധി 20/01/2023 തീയതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിനാല്‍ ഈ റാങ്ക് പട്ടിക 21/01/2023പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 20/01/2023 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

ബിസിനസ് ഗ്രോത്ത് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി) ന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍(ഇഡിസി) മുഖാന്തിരം ബിസിനസ് ഗ്രോത്ത് പ്രോഗ്രാം (ബിജിപി) നടത്തുന്നു. മെന്റര്‍ഷിപ്പ്, ട്രെയിനിംഗ് സെഷനുകള്‍, ഹാന്‍ഡ് ഹോള്‍ഡിംഗ് എന്നിവ അടങ്ങിയ ആറ് മാസത്തെ പ്രോഗ്രമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുളള സംരംഭകര്‍ക്ക് www.edckerala.org ല്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 29. ഫോണ്‍: 0484 2550322, 2532890

അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ മെയ് മാസം ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30.  ഫോണ്‍: 0471 2726275, 0484 2422275, 6282692725.

error: Content is protected !!