Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2023)

 

 

 

 

 

എന്റെ കേരളം മേള: സംഘാടക സമിതി യോഗം (ഏപ്രില്‍ 11)
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം (ഏപ്രില്‍ 11) രാവിലെ 9.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരും.

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഏപ്രില്‍ 11ന്


  ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഏപ്രില്‍ 11ന് വൈകുന്നേരം 4.30ന് കൊടുമണ്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജനപ്രതിനിധികള്‍, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കിഫ്ബിയില്‍ നിന്നും 41.18 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച  പദ്ധതി കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലാണ് നിര്‍മാണം നടത്തുന്നത്. അടൂര്‍, കോന്നി നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ റോഡ്. കായംകുളം – പുനലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് ആരംഭിച്ച് അടൂര്‍-പത്തനംതിട്ട ദേശീയ പാതയില്‍ ചേരുന്നതാണ് ഈ റോഡ്. അടൂര്‍, കോന്നി താലൂക്കുകളില്‍ ഉള്‍പ്പെട്ട ഈ റോഡ് എംസി റോഡിനും എന്‍എച്ചിനും സമാന്തരമായി ഏഴംകുളം, കൊടുമണ്‍, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നു. ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ സമഗ്രവികസനം സാധ്യമാകും.
കൂടാതെ ശബരിമല തീര്‍ഥാടകര്‍ക്കും ഏറ്റവും പ്രയോജനകരമായി ഇതു മാറും.
കുമ്പഴ-മലയാലപ്പുഴ റോഡ് ഉദ്ഘാടനം മുഖ്യമന്ത്രി ഏപ്രില്‍ 11ന് നിര്‍വഹിക്കും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടനം ഏപ്രില്‍ 11ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനവും മുഖ്യപ്രഭാഷണവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതുള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കിയ 18 റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.
ആറന്മുള, കോന്നി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ് കുമ്പഴ-മലയാലപ്പുഴ റോഡ്.  ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍,  മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാരായ ജെറി അലക്‌സ്, ലാലി രാജു, വിമല ശിവന്‍, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കരുതലും കൈത്താങ്ങും: താലൂക്ക് അദാലത്തില്‍ ഏപ്രില്‍ 15 വരെ പരാതി സമര്‍പ്പിക്കാം

* പരാതികള്‍ പൂര്‍ണമായി സൗജന്യമായി നല്‍കാം
* പരാതികളും അപേക്ഷകളും സ്വീകരിക്കാന്‍ താലൂക്ക് അദാലത്ത് സെന്ററിലും
വെബ്‌സൈറ്റിലും സൗകര്യം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുവാനുള്ള സമയപരിധി ഏപ്രില്‍ 15 വരെ ദീര്‍ഘിപ്പിച്ചു. പരാതികള്‍ പൂര്‍ണമായും സൗജന്യമായി സമര്‍പ്പിക്കാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക.

പരാതികള്‍ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകള്‍ വഴിയും www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖാന്തരവും സമര്‍പ്പിക്കുന്നതിനു സൗകര്യം ഏര്‍പ്പെുടത്തിയിട്ടുണ്ട്. ഇതു പൂര്‍ണമായും സൗജന്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സമര്‍പ്പിക്കുമ്പോള്‍ 20 രൂപ സര്‍വീസ് ചാര്‍ജ് ഇടാക്കും. പൊതുജനങ്ങളില്‍നിന്നു പരാതികള്‍ നേരിട്ടു സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവര്‍ത്തിക്കും.
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം നിരസിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍ ( വിവാഹ/പഠന ധനസഹായം ക്ഷേമ പെന്‍ഷന്‍ മുതലായവ), പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കുടിശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, തെരുവ് നായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും, വഴിതടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എപിഎല്‍/ബിപിഎല്‍)ചികിത്സാ ആവശ്യങ്ങള്‍ക്ക്, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും അദാലത്തില്‍ നല്‍കാം.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങള്‍, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിക്കും.

ഹ്രസ്വകാല / വെക്കേഷന്‍ കോഴ്സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആലുവ നോളഡ്ജ് സെന്ററിലൂടെ ഹ്രസ്വകാല / വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ്, പൈത്തോണ്‍ പ്രോഗ്രാമിംഗ്,  ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, വേര്‍ഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്‍ഡ് സര്‍വെ, സിസിടിവി ടെക്നോളോജിസ് എന്നീ കോഴ്സുകളിലേക്ക് ഏത് പ്രായക്കാര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടണം.

ക്ലര്‍ക്ക് നിയമനം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് താത്കാലികമായി ഒരു ക്ലര്‍ക്കിനെ നിയമിക്കുന്നു. ബികോം ബിരുദവും ടാലിയുമാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി പരിജ്ഞാനം അഭികാമ്യം. താത്പര്യമുളളവര്‍ ഏപ്രില്‍ 19 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് രാവിലെ 10 ന് കോളജില്‍ ഹാജരാകണം.

ക്വട്ടേഷന്‍ തീയതി നീട്ടി
പത്തനംതിട്ട ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ഏപ്രില്‍ 12 ന് നിശ്ചയിച്ചിരുന്ന ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഏപ്രില്‍ 13 വരെയും ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുന്ന സമയം അന്നേ ദിവസം മൂന്നുവരെയും നീട്ടിവച്ചിരിക്കുന്നു.  ഫോണ്‍ : 0468-2322014.

ബയോമെട്രിക് മസ്റ്ററിംഗ്
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും  2022 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയ എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 30 ന് മുന്‍പായി അക്ഷയ കേന്ദ്രങ്ങള്‍ വഴി  ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നഗരത്തിനാകെ ശുദ്ധജലം അമൃത് 2.0 പദ്ധതിക്ക് തുടക്കമാകുന്നു
നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭയുടെ തനത് വിഹിതം കൂടി ഉപയോഗിച്ച് സംയുക്തമായി നടപ്പാക്കുന്ന  അമൃത് 2.0 പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.
നിലവില്‍ അച്ചന്‍കോവിലാറാണ് പ്രധാന ജല സ്രോതസ്. ഭാവിയില്‍ മണിയാര്‍ ഡാമില്‍ നിന്നും വെള്ളം എത്തിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രതീക്ഷിത ചിലവ് 21 കോടി രൂപയാണ്.  ശുദ്ധീകരണ പ്ലാന്റിലേക്ക് ആവശ്യമായ ജലം സംഭരിക്കുന്ന ഇന്‍ ടേക്ക് വെല്ലിന്റെ നവീകരണമാണ് ആദ്യഘട്ടം.  വെള്ളപ്പൊക്ക സമയങ്ങളില്‍ വലിയ തോതില്‍ കലക്കലും ചെളിയും പ്രധാന കിണറ്റിലേക്ക് ഒഴുകി എത്തി പമ്പിംഗ് മുടങ്ങുന്നത് സാധാരണമാണ്. ഇതിന് പരിഹാരമായി നിലവിലെ കിണറിന് സമീപത്തായി ഒരു കളക്ഷന്‍ വെല്‍ നിര്‍മിക്കും.
ആറ്റില്‍ നിന്നും കളക്ഷന്‍ വെല്ലിലേക്ക് 500 മില്ലിമീറ്റര്‍ വ്യാസമുള്ള 3 പൈപ്പുകള്‍ സ്ഥാപിച്ച് ഭാവിയിലെ ആവശ്യത്തിന് കൂടി ഉതകുന്ന നിലയില്‍ കൂടുതല്‍ ജലം എത്തിക്കും. കളക്ഷന്‍ വെല്ലില്‍ നിന്നും രണ്ട് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് പ്രധാന കിണറ്റിലേക്ക് വെള്ളം എത്തിക്കും. ഇതിലൂടെ പ്രധാന കിണറ്റിലേക്ക് ആറ്റില്‍ നിന്നും നേരിട്ട് ചെളിയും മറ്റ് വസ്തുക്കളും എത്തുന്നത് പൂര്‍ണമായും ഒഴിവാക്കാനാകും.  ആവശ്യമാകുന്ന ഘട്ടത്തില്‍ കളക്ഷന്‍ വെല്‍ മാത്രം വൃത്തിയാക്കിയാല്‍ മതിയാകും. മൂന്നര മീറ്റര്‍ വ്യാസമുള്ള കളക്ഷന്‍ വെല്ലാണ് നിര്‍മിക്കുന്നത്. വേനല്‍ക്കാലത്തെ ആറ്റിലെ ജലനിരപ്പ് കൂടി കണക്കാക്കി ആയിരിക്കും ജലശേഖരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ സ്രോതസിലെ ജലലഭ്യത  നൂറു ശതമാനവും ഉറപ്പാക്കാന്‍ സാധിക്കും.
ആധുനിക രീതിയിലുള്ള ജലശുദ്ധീകരണ ശാലയുടെ നിര്‍മാണമാണ് രണ്ടാംഘട്ടത്തില്‍. ഈ രണ്ടു പ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഉത്പാദനം ഒന്നര ഇരട്ടി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജലം ലഭിക്കാത്ത ഉയര്‍ന്ന പ്രദേശങ്ങളില്‍ സംഭരണികള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച ജലം പമ്പ് ചെയ്ത് എത്തിക്കുകയും കൂടുതല്‍ വിതരണ ശൃംഖലകള്‍ സ്ഥാപിച്ച് എല്ലാ വീടുകളിലും കണക്ഷന്‍ നല്‍കുകയും ചെയ്യുന്ന മൂന്നാം ഘട്ട പ്രവര്‍ത്തനവും ഇതോടൊപ്പം നടപ്പാക്കും.
നിലവില്‍ ഏകദേശം ആറര ദശലക്ഷം ലിറ്റര്‍ ജലമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഇത് 10 ദശലക്ഷം ലിറ്റര്‍ വെള്ളമാക്കി പ്രാരംഭഘട്ടത്തില്‍ ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ശേഷി കൂടിയ പമ്പ് സെറ്റുകളും കല്ലറ കടവില്‍ നിന്നും പാമ്പൂരി പാറ വരെ 700 മീറ്റര്‍ ദൂരത്തില്‍ പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കും. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ചയില്‍ തന്നെ ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും ജലം എത്തിക്കുക എന്ന ഉദേശത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഭാവിയില്‍ 20 ദശലക്ഷം ലിറ്റര്‍ ആവശ്യമായി വരും എന്ന് കണക്കാക്കി മണിയാര്‍ ഡാമില്‍ നിന്നും നഗരസഭയിലേക്ക് ജലം എത്തിക്കുന്ന പദ്ധതിയും ആലോചനയിലാണ്. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും ചെയര്‍മാന്‍ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് പുരോഗമിക്കുന്നു
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, വിവിധ ക്ഷേമ നിധികളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നടപ്പാക്കി വരുന്ന മസ്റ്ററിങ് പത്തനംതിട്ട ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഇതിനകം 31022 ഗുണ ഭോക്താക്കള്‍ മസ്റ്ററിങ് നടത്തിക്കഴിഞ്ഞു. സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവു പ്രകാരം ഐടി മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ ജൂണ്‍ 30 വരെ മസ്റ്ററിങ് നടത്തുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക യൂസര്‍ ഐഡിയും, പാസ് വേഡും നല്‍കിയിട്ടുണ്ട്.
മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തില്‍ അക്ഷയ കേന്ദ്രങ്ങളിലും, പിന്നീട് വാര്‍ഡ് തല ക്യാമ്പുകള്‍ ക്രമീകരിച്ചും മസ്റ്ററിങ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അക്ഷയ കേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിങ് നടത്തുന്നതിന് 30 രൂപയാണ് ഫീസ്. കിടപ്പു രോഗികള്‍ക്കും, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും വീടുകളില്‍ എത്തി മസ്റ്ററിങ് നടത്തുന്നതിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ മസ്റ്ററിങ് നടത്തുന്നതിന് 50 രൂപയാണ് ഫീസ്. മസ്റ്ററിങ് നടത്തുന്നതിന് സര്‍ക്കാര്‍ സംസ്ഥാന ഐടി മിഷന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ഉത്തരവ് നല്‍കിയിട്ടുള്ളതെന്നും, ഇക്കാരണത്താല്‍ ഗുണഭോക്താക്കള്‍ ഈ സേവനത്തിനായി അക്ഷയ കേന്ദ്രങ്ങളെ മാത്രമേ സമീപിക്കാവൂവെന്നും ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ് അറിയിച്ചു.

കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
തുമ്പമണ്‍ ഗ്രാമപഞ്ചാത്തിന്റെയും വിജയപുരം മാവര പാടശേഖര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൊയ്ത്തുത്സവം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കൊയ്ത്ത് പാട്ടിന്റെയും നാടന്‍ കലാപരിപാടികളുടെയും അകമ്പടിയോടെയാണ് കൊയ്തു ഉത്സവം ആരംഭിച്ചത്. വിജയപുരം മാവര പുഞ്ചയില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ ജനപ്രതിനിധികളും കര്‍ഷകരും ഉള്‍പ്പടെയുള്ളവര്‍  50 ഏക്കര്‍ സ്ഥലത്തത്താണ് കൃഷി ചെയ്തത്.
തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ടി എ രാജേഷ് കുമാര്‍, തോമസ് ടി വര്‍ഗ്ഗീസ്, ബീന വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിനു മോള്‍, കെ സി പവിത്രന്‍, മോനി ബാബു, കെ കെ അമ്പിളി, സക്കറിയ വര്‍ഗ്ഗീസ്, പാടശേഖര സമിതി പ്രസിഡന്റ് ബാബു ജോര്‍ജ്, കൃഷി വകുപ്പ് ഉദ്യേഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പരിശോധന നടത്തും
നിരോധിത ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ഇന്നു (11) മുതല്‍ പരിശോധന നടത്തി ഫൈന്‍ ഈടാക്കുകയും കേസ് എടുക്കുകയും ചെയ്യുമെന്ന് ഇലന്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ് അറിയിച്ചു. ഫോണ്‍ :9496042643

error: Content is protected !!