പ്രമുഖ ബാലസാഹിത്യ രചയിതാവും അധ്യാപകനുമായിരുന്ന കെ. വി രാമനാഥന്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്‍, അത്ഭുത നീരാളി, മുന്തിരിക്കുല, സ്വര്‍ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വര്‍ണമുത്ത്, രാജുവും റോണിയും, അദൃശ്യ മനുഷ്യന്‍, കളിമുറ്റം, ചെകുത്താന്മാര്‍ സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോര്‍ കഥകള്‍ (ബാലസാഹിത്യം) തുടങ്ങിയവ കൃതികളാണ്. കര്‍മകാണ്ഡം, രാഗവും താളവും എന്നീ ചെറുകഥാ സമാഹാരങ്ങളും ചുവന്ന സന്ധ്യ, പ്രവാഹങ്ങള്‍ എന്നീ നോവലുകളും രചിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭീമ സ്മാരക അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റ് അവാര്‍ഡ്, എസ് പി സി എസ് പുരസ്‌ക്കാരം, സമസ്ത കേരള സാഹിത്യ പരിഷത്ത് ചെറുകഥാ മത്സരം ഒന്നാം സമ്മാനം തുടങ്ങിയവ നേടി.
1932 ല്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച രാമനാഥന്‍ കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ ഓണററി മെമ്പര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗം, ഡല്‍ഹിയിലെ എ ഡബ്ല്യു ഐ സി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌ക്കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കെ വിരമിച്ചു. മാതാവ്: കൊച്ചുകുട്ടി അമ്മ, പിതാവ്: മണമ്മല്‍ ശങ്കരമേനോന്‍. ഭാര്യ: രാധ. മക്കള്‍: രേണു, ഇന്ദുകല.