
konnivartha.com : ചലച്ചിത്ര താരം ഇന്നസെന്റ് (75) അന്തരിച്ചു. ഇന്ന് രാത്രി 10.30 നായിരുന്നു മരണം. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്‍റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാൻസർ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടൻ ഇന്നസെന്റ് അറിയപ്പെടുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലും നാഷണല്‍ ഹൈസ്‌കൂളിലും ഡോണ്‍ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂളിലുമായി പഠനം. 1972ല്‍ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലിനയിച്ചു. പിന്നീട് നിര്‍മാതാവായിട്ടാണ് രംഗപ്രവേശം. ‘ഇളക്കങ്ങള്‍, ‘വിട പറയും മുമ്പേ’, ‘ഓര്‍മ്മയ്ക്കായി’, ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്,’ ‘ഒരു കഥ ഒരു നുണക്കഥ’ തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങള്‍ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചു. പിന്നീട് മുഴുവന്‍ സമയ അഭിനേതാവായി.
ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ ഒരുപോലെ തിളങ്ങി. 1989ല്‍ പുറത്തിറങ്ങിയ സിദ്ധിഖ് ലാലിന്റെ ‘റാംജി റാവു സ്പീക്കിങ്ങി’ലെ മാന്നാര്‍ മത്തായി എന്ന മുഴുനീള കോമഡിവേഷം ഇന്നസെന്റ് എന്ന പേര് മലയാള സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാക്കി. ഭരതന്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, സിദ്ധിക്ക് ലാല്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഇന്നസെന്റ് തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്തത്.മഴവില്‍ക്കാവടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ഇന്നസെന്റ് നിര്‍മിച്ച ‘വിടപറയുംമുമ്പേ’, ‘ഓര്‍മയ്ക്കായി’ എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ‘പത്താം നിലയിലെ തീവണ്ടി’യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്കു പുരസ്‌കാരം ഉള്‍പ്പെടെ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റിലെത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. 12 വര്‍ഷം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ കടുവയായിരുന്നു അവസാന ചിത്രം.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മുതൽ 11 മണിവരെ എറണാകുളത്ത് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വെക്കും.