Trending Now

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉണ്ടാകേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

Spread the love

 

konnivartha.com : സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും മാധ്യമ സ്ഥാപനങ്ങളും ഉണ്ടാകേണ്ടതും അവയെ സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നേരന്വേഷണം എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന യുവ മാധ്യമ ക്യാമ്പിന്റെ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

മാധ്യമ പ്രവര്‍ത്തകര്‍ ചരിത്രവും നിയമവും അറിയണം. ചരിത്ര ബോധമുണ്ടെങ്കില്‍ മാത്രമേ വര്‍ത്തമാനത്തെ വ്യാഖ്യാനിക്കുവാനും വരും കാലത്തെക്കുറിച്ച് പ്രവചിക്കുവാനും കഴിയുകയുള്ളു. വാര്‍ത്ത ഇന്ന് ഒരു വാണിജ്യ ഉത്പന്നമായി മാറിയിരിക്കുന്നു. ഇത് ഏറ്റവും നല്ല രീതിയില്‍ എങ്ങനെ വില്‍ക്കാന്‍ കഴിയും എന്നാണ് മാധ്യമ സ്ഥാപനങ്ങള്‍ നോക്കുന്നത്. വിപണിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും സത്യസന്ധതയ്ക്ക് വിലയില്ലാതാകുന്നു. സത്യം അന്വേഷിക്കുന്നതിനും പറയുന്നതിനും ആര്‍ജവമുള്ള മാധ്യമപ്രവര്‍ത്തകര്‍ പുതിയ തലമുറയില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കാലഘട്ടത്തിനനുസരിച്ച് എല്ലാ രംഗത്തും നൂതനമായ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്ന യുവജന ക്ഷേമ ബോര്‍ഡ് ഭാരവാഹികളെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അനുമോദിച്ചു. നേരന്വേഷണം എന്ന പേരില്‍ യുവജനങ്ങള്‍ക്കായി മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, ക്യാമ്പ് ഡയറക്ടര്‍ കെ.ജെ. ജേക്കബ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ സന്തോഷ് കാല, എസ്. കവിത, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, ജില്ലാ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് 25 മുതല്‍ 27 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

 

error: Content is protected !!