മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം:
പത്തനംതിട്ട ജില്ല മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍
വെയില്‍ ഏല്‍ക്കുന്ന വിധത്തില്‍ തുറസിടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള സമയങ്ങില്‍ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാന്‍ ശ്രദ്ധിക്കുക.
ബജറ്റ് അവതരിപ്പിച്ചു
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ് അവതരിപ്പിച്ചു. 16,07,40091 ( പതിനാറു കോടി ഏഴു ലക്ഷത്തി നാല്‍പ്പതിനായിരത്തി തൊണ്ണൂറ്റി ഒന്ന് രൂപ )വരവും 15,95,35000 (പതിനഞ്ചു കോടിതൊണ്ണൂറ്റി അഞ്ചു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ) ചിലവുംപ്രതീക്ഷിക്കുന്ന ബജറ്റ് കാര്‍ഷിക മേഖല, ആരോഗ്യം റോഡ് വികസനം,മാലിന്യസംസ്‌കരണം,ഭവന നിര്‍മ്മാണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നു.കാര്‍ഷിക മേഖലക്ക് 33 ലക്ഷംരൂപയും ഭവനനിര്‍മ്മാണത്തിന് 80 ലക്ഷംരൂപയും റോഡ് നിര്‍മ്മാണം,ആരോഗ്യമേഖലകള്‍ക്ക് 97 ലക്ഷം രൂപയും വകയിരുത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് മല്ലപ്പള്ളിയിലുള്ള കെല്‍ട്രോണ്‍ സെന്ററുമായി ബന്ധപ്പെടുക.ഫോണ്‍ : 0469 2961525, 8078140525.
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 27 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം.ട്രേഡ് : കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്.യോഗ്യത – കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.റ്റി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/കമ്പ്യൂട്ടര്‍ സയന്‍സ്, ഐ റ്റി ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി യും മൂന്ന് വര്‍ഷത്ത പ്രവൃത്തി പരിചയവും.ട്രേഡ് : മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി.യോഗ്യത – അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി യും മൂന്ന് വര്‍ഷത്ത പ്രവൃത്തി പരിചയവും.ഫോണ്‍ : 0479 2452210
കുളനട പഞ്ചായത്ത് പത്താം വാര്‍ഡില്‍ കാര്‍ഷിക കുളം നിര്‍മിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളനട ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിര്‍മിച്ച കാര്‍ഷിക കുളം കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.ബി. സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ അഭിഷേക്, പന്തളം ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, ബ്ലോക്ക് അംഗം ജോണ്‍സണ്‍ ഉള്ളന്നൂര്‍, വാര്‍ഡ് അംഗങ്ങളായ മിനി സാം, പുഷ്പകുമാരി, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൃഷ്ണകുമാര്‍, വിഇഒ വിനയന്‍ എംജിഎന്‍ആര്‍ഇജിഎസ് എ ഇ കരുണ, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണംങ്കര-വലഞ്ചുഴി റോഡിന് 45 ലക്ഷം രൂപ അനുവദിച്ചു
ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കണ്ണംങ്കര വലംഞ്ചുഴി റോഡിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറെ നാളുകളായി തകര്‍ന്ന് കിടന്നിരുന്ന റോഡാണിത്. റോഡ് അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം ജനങ്ങളുടെ നിരന്തരം ആവശ്യമായിരുന്നു ഈ റോഡിന്റെ പുനരുദ്ധാരണം. പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗമാണ് പ്രവൃത്തി നിര്‍വഹിക്കുന്നത്. നിലവിലുള്ള റോഡ് സര്‍ഫസ് ഇളക്കി, ഡബ്ല്യു.എം.എം. വിരിച്ച് 40 എം.എം സര്‍ഫസിംഗ് ചെയ്യുന്നതാണ്. ഇതു കൂടാതെ റോഡിന്റെ വശങ്ങള്‍ ഉയര്‍ത്തി സ്ലാബിടുകയും ചെയ്യും.
പരിഹാരമാകും; 20 ലക്ഷം രൂപ അനുവദിച്ചു
പെരുനാട് പഞ്ചായത്തിലെ കണ്ടംകുളം കക്കാട്ടാറിന്റെ തീരത്ത് ജലനിരപ്പ് ഉയര്‍ന്നു ഗതാഗതം തടസപ്പെടുന്നതിനും വീടുകളില്‍ വെള്ളം കയറുന്നതിനും ശാശ്വത പരിഹാര മാകുന്നു. ഇവിടെ നദിയിലെ എക്കല്‍ മാറ്റുന്നതിനും റോഡിന്റെ വശം ഡി ആര്‍ കെട്ടി സംരക്ഷ ഭിത്തി ഉയര്‍ത്തുന്നതിനും 20 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് ഇതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കക്കാട്ടാറില്‍ വൈദ്യതോല്‍പാദനത്തിനായി പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതി വന്നപ്പോഴാണ് പ്രതിസന്ധികള്‍ ആരംഭിച്ചത്.
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു
വികസനക്ഷേമ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ബജറ്റ്. 40.35 കോടി രൂപ ആകെ വരവും 40.35 കോടി രൂപ ചെലവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ ബജറ്റ് അവതരിപ്പിച്ചു.
ഇറപ്പുകുഴി പ്രമാടം ക്ഷേത്രം റോഡ് വാഴമുട്ടം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെ ആധുനിക നിലവാരത്തില്‍ വികസിപ്പിക്കും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
ഇറപ്പുകുഴി പ്രമാടം ക്ഷേത്രം റോഡ് വാഴമുട്ടം എല്‍ പി സ്‌കൂള്‍ ജംഗ്ഷന്‍ വരെ ആധുനിക നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രധിനിധി കളുടെയും യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
യോഗത്തില്‍ എം എല്‍ എ യോടൊപ്പം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍, പ്രമാടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ നായര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷീന രാജന്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബാബു രാജന്‍, അസി. എന്‍ജിനീയര്‍ രൂപക്ക് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
കലഞ്ഞൂര്‍ പഞ്ചായത്തില്‍ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു
കൊടുംചൂടില്‍ ബുദ്ധിമുട്ടുന്ന കാല്‍നടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്വാസമായി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിസരത്ത് തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചു. ദാഹജല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. കുടിവെള്ളം, തണ്ണിമത്തന്‍, സംഭാരം തുടങ്ങിയ പൊതുജനങ്ങള്‍ക്കായി തണ്ണീര്‍പന്തലില്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും സൗജന്യമായാണ് പൊതുജനങ്ങള്‍ക്ക് ദാഹജലം വിതരണം ചെയ്യുന്നത്.
ജില്ലാതല പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ (24) ഉച്ചയ്ക്ക് 1.30ന് ഓണ്‍ലൈനായി യോഗം ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
മാലിന്യ സംസ്‌കരണത്തിനായി നാം ഒറ്റമനസോടെ മുന്നോട്ട് വരണം: ഡെപ്യൂട്ടി സ്പീക്കര്‍
മാലിന്യ സംസ്‌കരണത്തിനായി നാം ഒറ്റമനസോടെ മുന്നോട്ട് വരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണം മഴക്കാല പൂര്‍വ ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി ജില്ല ഒട്ടാകെ സംഘടിപ്പിക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. മഴയ്ക്ക് മുമ്പേ നാടിനെ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായാണ് പരിശീലനം. ഉറവിട മാലിന്യസംസ്‌കരണം, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, ഹരിതകര്‍മ സേനയുടെ സമ്പൂര്‍ണ വിന്യാസം, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍, ജലസ്രോതസുകളുടെ ശുചീകരണം തുടങ്ങിയവയും മാലിന്യസംസ്്കരണ കാമ്പയിന്റെ ഭാഗമായി നടപ്പാക്കും.