Trending Now

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

 

konnivartha.com : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി അവതരിപ്പിച്ചു. 483657376 (നാല്‍പത്തിയെട്ട് കോടി മുപ്പത്തിയാറ് ലക്ഷത്തി അന്‍പത്തിയേഴായിരത്തി മുന്നൂറ്റി എഴുപത്തിയാറ് രൂപ) വരവും 478076000 (നാല്‍പത്തിയേഴ് കോടി എണ്‍പത് ലക്ഷത്തി എഴുപത്തിയാറായിരം രൂപ) ചെലവും 5581376 (അന്‍പത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിയോരായിരത്തി മുന്നൂറ്റി എഴുപത്തായാറ് രൂപ) മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് തയാറാക്കിയിട്ടുള്ളത്.

സംരംഭക മേഖല, ഭവന നിര്‍മാണം, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, വനിതാക്ഷേമം, വയോജനക്ഷേമം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിന് ആവശ്യമായ തുക വകയിരുത്തിക്കൊണ്ടുള്ള ബജറ്റാണ് തയാറാക്കിയിട്ടുള്ളത്.

വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്കായി യുവജനക്ഷേമപരമായും ചെലവഴിക്കുന്നതിന് നാല്‍പത്തിയെട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭവന രഹിതര്‍ ഇല്ലാത്ത ഒരു സമ്പൂര്‍ണ ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കായി പതിനാല് കോടി ഇരുപത്തിയേഴു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എല്ലാ കുടുംബങ്ങളും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കണം എന്ന ലക്ഷ്യത്തില്‍ കാര്‍ഷിക മേഖലയില്‍ കൃഷി വ്യാപനത്തിന് നാല്‍പത്തിയഞ്ചുലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വെളിച്ചഗ്രാമം എന്ന പദ്ധതിയിലൂടെ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് ഇരുപത്തിയാറ് ലക്ഷം രൂപ വകയിരുത്തി.

ശുചിത്വം, കുടിവെള്ളം എന്നീ മേഖലകളില്‍ സമ്പൂര്‍ണത കൈവരിക്കുന്നതിന് നാല്പത്തിയെട്ടു ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികള്‍ക്കായി ഇരുപത്തിനാല് ലക്ഷം രൂപ ബജറ്റില്‍ ഇടംപിടിച്ചു. വിവിധ റോഡുകളുടെ കോണ്‍ക്രീറ്റിംഗ്, പുനരുദ്ധാരണം, പൊതുകെട്ടിട നിര്‍മാണം എന്നിവയ്ക്ക് പശ്ചാത്തല മേഖലയിലെ വികസനം ലക്ഷ്യമാക്കി ബജറ്റില്‍ ഒരുകോടി പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി പാലീയേറ്റീവ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി മുപ്പത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശ്മശാന നിര്‍മാണത്തിനായി ഏഴ് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

error: Content is protected !!