Trending Now

നമ്പൂതിരിക്ക് മുന്നിൽ നമ്പൂതിരിപ്പാട് ഇരുന്നപ്പോൾ

 

ചാലക്കര പുരുഷു

konnivartha.com : ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറിയ മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഇ.എം.എസ് ലോകത്തിലെ തന്നെ രേഖാചിത്രമെഴുത്തിലെ അതികായനായ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് മുന്നിൽ ഏതാനും മിനുട്ടുകൾ കൊച്ചു കുട്ടിയെപ്പോലെ ഇരുന്ന് കൊടുത്തത് മയ്യഴിക്ക് ഒരിക്കലും മറക്കാനാവില്ല. 1990 കളുടെ തുടക്കത്തിലാണ് ഈ അപൂർവ്വ സന്ദർഭമൊരുങ്ങിയത്. വരയുന്നയാളും വരയ്ക്കപ്പെടുന്ന ആളും നല്ല ഗൗരവത്തിലായിരുന്നു.

പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സംസ്ഥാന ചിത്രകലാകേമ്പിനോടനുബന്ധിച്ചാണ് ഇ.എം.എസ്. മയ്യഴിയിലെത്തിയത്.ഗാന്ധിജിയും, ശ്രീനാരായണ ഗുരുവും, വാഗ്ഭടാനന്ദനും വന്ന മയ്യഴിക്കാരുടെ ആദിതീയ്യ ക്ഷേത്രത്തിന്‍റെ അതേ ചരിത്ര ഭൂമികയിൽ തന്നെയാണ്, രാജ്യം കണ്ട എക്കാലത്തേയും മഹാനായ ആ കമ്മ്യണിസ്റ്റുമെത്തിയത്.സമ്മേളനത്തിന്‍റെ ഇടവേളയിൽ വീണു കിട്ടിയ നിമിഷങ്ങളിലാണ് ആർട്ടിസ്റ്റ് നമ്പൂതിരി ഇ.എം.എസിന്‍റെ നിമിഷ രേഖാചിത്രം ക്യാൻവാസിൽ ആലേഖനം ചെയ്തത്. ദാർശനികതയിൽ വിളക്കിയെടുത്ത ഭാവവും, പ്രകാശഭരിതമായ കണ്ണുകളും, എളിമയുടെ രാജഭാവവുമെല്ലാം തെളിഞ്ഞു നിന്ന ആരേവാ ചിത്രം ആർട്ടിസ്റ്റ്നമ്പൂതിരിയുടെ കലാ ജീവിതത്തിലെ തന്നെ അമൂല്യ രചനയായി വിലയിരുത്തപ്പെടുകയുണ്ടായി.

പി.ഗോവിന്ദപ്പിള്ള ,എം.വി.ദേവൻ, പ്രൊഫ: എം എൻ വിജയൻ ,ഡോ :കെ.പി.മോഹനൻ തുടങ്ങിയ പല പ്രമുഖരും അപൂർവമായ ഈ സമാഗമനത്തിന് സാക്ഷികളായിരുന്നു.മറ്റൊരിക്കൽ 1994 മെയ് 31 ന് ആരാലും ക്ഷണിക്കപ്പെടാതെ, കേട്ടറിഞ്ഞ കൗതുകത്തിൽ ഇ.എം.എസ്.നിനച്ചിരിക്കാതെ മലയാള കലാഗ്രാമത്തിലേക്ക് കയറിവരികയായിരുന്നു.

 

കലാഗ്രാമം ധന്യമാക്കപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ലോകപ്രശസ്തരായ ഒട്ടേറെ പ്രതിഭകൾ ഇവിടം സന്ദർശിച്ചിട്ടുണ്ടെകിലും, അവരൊക്കെ ക്ഷണിക്കപ്പെട്ട്   വന്നെത്തിയവരായിരുന്നു.

 

എന്നാൽ,ശാരീരികാവശതകളേറെയുണ്ടായിട്ടും, സ്വന്തം ആഗ്രഹത്താൽ ഇവിടെ വന്നെത്തിയ ഈ മഹാമേരുവിന് മുന്നിൽ അന്ന് കലാഗ്രാമം ശിരസ്സ് നമിക്കുകയായിരുന്നു. ചെറുകുന്നിൻ മുകളിലുള്ള എം.ഗോവിന്ദൻ ഓഡിറ്റോയമടക്കം ഇ.എം.എസ്. നടന്നു കാണുകയും, കലയുടെ തീർത്ഥക്കരയിലെത്തിയതിൻ്റെ അനുഭൂതി സന്ദർശക പുസ്തകത്തിൽ എഴുതി വെക്കുകയും കൈയ്യൊപ്പ് ചാർത്തുകയും ചെയ്തു. കൊടിയേരി ബാലകൃഷ്ണനും, ടി.ടി.കെ.ശശിയും, വി.മുകുന്ദനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സാഹിത്യകാരൻ കെ.പാനൂർ നൽകിയ ഇളനീരും അദ്ദേഹം കുടിച്ചു.

 

പാർടി നിരോധിച്ച വേളയിൽ ഇ.എം.എസ്സിൻ്റെ ലേഖനങ്ങൾ മയ്യഴിയിലെ ക്രോണിക്കൽ പ്രസ്സിൽ അച്ചടിച്ചായിരുന്നു കേരളത്തിൽ വിതരണം ചെയ്തിരുന്നത്.1952ൽ ഇ.എം.എസിന്‍റെ പേരിൽ കേരളത്തിൽ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നപ്പോൾ കോഴിക്കോട് സ്വദേശിയായ കല്ലാട്ട് കൃഷ്ണനോടൊപ്പം മാഹിയിൽ ഒളിച്ചു താമസിച്ചിരുന്നു. ഈ സമയത്ത് ആദ്യമായി നടന്ന മദിരാശി അസംബ്ലി തെരഞ്ഞെടുപ്പിൽ കോഴിക്കോട് അസംബ്ലി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക നൽകിയപ്പോൾ, ഇ.എം.എസ്.മരിച്ചു പോയെന്ന് പറഞ്ഞ് റിട്ടേണിങ്ങ് ഓഫീസർ നോമിനേഷൻ സ്വീകരിച്ചില്ല. ത്രികോണ മത്സരത്തിനുണ്ടായിരുന്ന സോഷ്യലിസ്റ്റ് നേതാവും പ്രവാഹം പത്രാധിപരുമായിരുന്ന ബി.സി. വർഗ്ഗീസ് റിട്ടേണിങ്ങ് ഓഫീസറെ ചോദ്യം ചെയ്യുകയും, പിറ്റെ ദിവസം ഇ.എം.എസിന്‍റെ ഒപ്പ് വാങ്ങി ആര്യാ അന്തർജ്ജനം നോമിനേഷൻ എത്തിക്കുകയും അത് സ്വീകരിക്കപ്പെടുകയും. ചെയ്തു. ത്രികോണ മത്സരത്തിൽ കോൺഗ്രസ്സ് നേതാവും, പിന്നിട് നിയമമന്ത്രിയുമായ കെ.പി.കുട്ടികൃഷ്ണൻ നായർ നാനൂറ് വോട്ടിന് ജയിക്കുകയുമായിരുന്നു.

1954ൽ ചെറുകല്ലായിയിൽ ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരായ അച്ചുതനും, അനന്തനും വെടിയേറ്റ് വീരമൃത്യു വരിച്ചപ്പോൾ മയ്യഴിയിലെത്തിയ ഇ.എം.എസ്.സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. 1957 ൽ നീലേശ്വരത്ത് മത്സരിച്ചപ്പോഴും അദ്ദേഹം മയ്യഴിയിലെത്തിയിരുന്നു. മാഹി കോടതിക്ക് മുന്നിലെ അന്നത്തെ പാർടി ഓഫീസിലായിരുന്നു ഇ.എം.എസ്.വന്നിരുന്നത്.സിരകളിൽ അഗ്നി കോരിയിടുന്ന ഓർമ്മകൾ ഒരു നാടിന് സമ്മാനിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം.


ചിത്രവിവരണം: ആർട്ടിസ്റ്റ് നമ്പൂതിരി ,ഇ.എം.എസ്.നമ്പൂതിരിപ്പാടിനെ വരച്ചപ്പോൾഫ്രയൽ ചിത്രം)