പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടുന്നു: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം:ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)
konnivartha.com : പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടുന്നതിനാലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലും വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.
ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങള്‍. ടാപ്പില്‍ നിന്നുളള വെളളം കുടിക്കുന്നതും, വഴിയോരത്തു നിന്നും ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയ്ഡ് പോലെയുളള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്.
ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കം ഛര്‍ദ്ദിയും വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം എന്നിവയുണ്ടായാല്‍ പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം അടിയന്തിര വൈദ്യസഹായം തേടണം.
പാനീയ ചികിത്സ പ്രധാനം
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജ്ജലീകരണം സംഭവിച്ച് മരണകാരണമായേക്കും . വയറിളക്ക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍ വെളളം, നാരങ്ങാ വെളളം എന്നിവ ഇടയ്ക്കിടെ നല്‍കണം.
ശ്രദ്ധിക്കാം ഇവയെല്ലാം
അഞ്ചു മിനിട്ടെങ്കിലും വെട്ടിത്തിളപ്പിച്ച് ആറിയ വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളച്ച വെളളത്തില്‍ പച്ചവെളളം ചേര്‍ത്തുപയോഗിക്കരുത്.പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുക.ആഹാരം പാകം ചെയ്യുന്നതിനും, വിളമ്പുന്നതിനും, കഴിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക.ആഹാരം ചൂടാറും മുമ്പ് കഴിക്കുക.ആഹാര സാധനങ്ങളും, കുടിവെളളവും അടച്ച് സൂക്ഷിക്കുക.തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല. ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷം കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുകയും, കൈ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുകയും വേണം.കിണറുകളിലെ വെളളം പരിശോധനയ്ക്ക് വിധേയമാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം.ചടങ്ങുകള്‍ക്കും മറ്റും വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുകയാണ് ഉചിതം. അഥവാ തയ്യാറാക്കുകയാണെങ്കില്‍ ശുദ്ധമായ വെളളവും ഐസും ഉപയോഗിച്ചാണെന്ന് ഉറപ്പു വരുത്തണം.പുറത്തു പോകുമ്പോള്‍ കുടിവെളളം കരുതുക.വീടിന്റെ പരിസരത്ത് ചപ്പു ചവറുകള്‍ കുന്നു കൂടാതെ സൂക്ഷിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.