തിരുവനന്തപുരം 08 മാർച്ച് 2023
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും സംയുക്തമായി രാജ്യാന്തര വനിതാ ദിനത്തിന്റെ ഭാഗമായി വാരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സമാപനപരിപാടിയിൽ സംസ്ഥാന പട്ടികജാതി,പട്ടികവർഗ വകുപ്പ് സ്പെഷൽ സെക്രട്ടറി ശ്രീ എൻ. പ്രശാന്ത് ഐഎഎസ് മുഖ്യാതിഥിയായി. ചെറിയ ഇളവുകൾക്കുവേണ്ടി ശബ്ദമുയർത്തുന്നതിനു പകരം സ്ത്രീകൾ പുരുഷനൊപ്പമുള്ള തുല്യഅവകാശം നേടിയെടുക്കുന്നതിനായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. മാനുഷികമൂല്യങ്ങൾ നഷ്ടപ്പെടാതെ സാങ്കേതിക വിദ്യ സ്ത്രീശാക്തീകരണത്തിനുള്ള ഉപകരണമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വിശദീകരിച്ചു.
വിദ്യാർഥിനികളുമായി ചോദ്യോത്തര പരിപാടിയും നടത്തി. രാജ്യാന്തര വനിതാദിനം മുഖ്യപ്രമേയമമാക്കി നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിലെ വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു.എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെൻ പ്രിൻസിപ്പൽ ഡോ.വിനോദ് ജോർജ് സ്വാഗതവും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയിന്റ് ഡയറക്ടർ ശ്രീമതി വി.പാർവതി കൃതഞ്ജതയും രേഖപ്പെടുത്തി. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെൻ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ശ്രീജ യു. ഭാസി ആശംസയർപ്പിച്ചു.