Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/03/2023)

‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ  പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

 ന്യൂഡൽഹി: 07 മാർച്ച് 2023

‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ പത്താമത്തേതാണിത്.

പങ്കാളികളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഈ വെബിനാറുകളിലൂടെ ബജറ്റ് നിർദേശങ്ങൾ നടപ്പാക്കുന്നതിൽ കൂട്ടായ ഉടമസ്ഥതയ്ക്കും തുല്യ പങ്കാളിത്തത്തിനും ഗവണ്മെന്റ് വഴിയൊരുക്കുകയാണെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ മഹാമാരിയുടെ കാലത്ത് ഇന്ത്യയുടെ സാമ്പത്തിക, ധനനയത്തിന്റെ പരിണിതഫലങ്ങൾക്കു ലോകം മുഴുവൻ സാക്ഷ്യം വഹിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ഒമ്പതുവർഷമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗവൺമെന്റ് നടത്തിയ ശ്രമങ്ങൾക്കു ഖ്യാതിയേകുകയും ചെയ്തു. ലോകം ഇന്ത്യയെ സംശയത്തോടെ വീക്ഷിച്ചിരുന്ന കാലഘട്ടം അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, ബജറ്റ്, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും ഒരു ചോദ്യത്തിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്തിരുന്നുവെന്നു ചൂണ്ടിക്കാട്ടി. സാമ്പത്തിക അച്ചടക്കം, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം എന്നിവയിലെ മാറ്റങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, ചർച്ചയുടെ ആദ്യാവസാനമുള്ള ചോദ്യച്ചിഹ്നത്തിനു പകരം വിശ്വാസവും പ്രതീക്ഷകളും ഇടംപിടിച്ചുവെന്നും ചൂണ്ടിക്കാട്ടി. സമീപകാല നേട്ടങ്ങളിലേക്കു വെളിച്ചം വീശി, “ഇന്ന് ഇന്ത്യയെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിളക്കമാർന്ന ഇടമെന്നാണു വിശേഷിപ്പിക്കുന്നത്” എന്നു പ്രധാനമന്ത്രി പറഞ്ഞു. ജി20യുടെ അധ്യക്ഷപദം ഇന്ത്യക്കാണെന്നും 2021-22 വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കാൻ ഇന്ത്യക്കായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഉൽപ്പാദനമേഖലയിലാണു നടന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെ ആഗോള വിതരണശൃംഖലയുടെ പ്രധാന ഭാഗമാക്കി മാറ്റുന്ന പിഎൽഐ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനു തുടർച്ചയായി അപേക്ഷകൾ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു പ്രധാനമന്ത്രി അഭ്യർഥിച്ചു.

ഇന്നത്തെ ഇന്ത്യ പുതിയ കഴിവുകളുമായി മുന്നേറുമ്പോൾ, ഇന്ത്യയുടെ സാമ്പത്തിക ലോകത്തുള്ളവരുടെ ഉത്തരവാദിത്വം വർധിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. അവർക്കു ലോകത്തിലെ ശക്തമായ സാമ്പത്തിക സംവിധാനവും ലാഭത്തിലായ ബാങ്കിങ് സംവിധാനവും ഉണ്ടെന്നും ഇത് എട്ടുപത്തുവർഷംമുമ്പു തകർച്ചയുടെ വക്കിലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, നയപരമായ തീരുമാനങ്ങൾ ധൈര്യത്തോടെയും വ്യക്തതയോടെയും എടുക്കുന്ന ഗവണ്മെന്റുമുണ്ട്. “ഇന്ന്, രാജ്യത്തിന്റെ ബാങ്കിങ് സംവിധാനത്തിലെ കരുത്തിന്റെ ഗുണഫലങ്ങൾ പരമാവധിപേരിലേക്ക് എത്തിക്കുക എന്നതു കാലഘട്ടത്തിന്റെ ആവശ്യമാണ്” – പ്രധാനമന്ത്രി പറഞ്ഞു. എംഎസ്എംഇ മേഖലയ്ക്ക് ഗവണ്മെന്റ് നൽകുന്ന പിന്തുണയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പരമാവധി മേഖലകളിലേക്ക് എത്തിച്ചേരാൻ ബാങ്കിങ് സംവിധാനത്തോട്  ആവശ്യപ്പെട്ടു. “ഒരു കോടി 20 ലക്ഷം എംഎസ്‌എംഇകൾക്കു പകർച്ചവ്യാധിയുടെ സമയത്തു ഗവണ്മെന്റിൽനിന്നു വലിയ സഹായം ലഭിച്ചു. ഈ വർഷത്തെ ബജറ്റിൽ, എംഎസ്എംഇ മേഖലയ്ക്ക് 2 ലക്ഷം കോടി രൂപയുടെ അധിക ഈടുരഹിത ഗ്യാരന്റി വായ്പയും ലഭിച്ചു. ഇപ്പോൾ നമ്മുടെ ബാങ്കുകൾ അവയെ സമീപിക്കുകയും അവയ്ക്കു മതിയായ ധനസഹായം നൽകുകയും ചെയ്യേണ്ടതു വളരെ പ്രധാനമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക ഉൾച്ചേർക്കലുമായി ബന്ധപ്പെട്ട ഗവണ്മെന്റിന്റെ നയങ്ങൾ കോടിക്കണക്കിനുപേരെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബാങ്ക് ഗ്യാരന്റി ഇല്ലാതെ 20 ലക്ഷം കോടിയിലധികം രൂപയുടെ മുദ്ര വായ്പ നൽകി കോടിക്കണക്കിനു യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഗവണ്മെന്റ് സഹായിച്ചു. പിഎം സ്വനിധി യോജനയിലൂടെ ഇതാദ്യമായി 40 ലക്ഷത്തിലധികം തെരുവോര കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ബാങ്കുകളിൽനിന്നു സഹായം ലഭിച്ചു. ചെറുകിട സംരംഭകരിൽ അതിവേഗം എത്തുന്നതിനായി ചെലവു കുറയ്ക്കുന്നതിനും വായ്പയുടെ വേഗത വർധിപ്പിക്കുന്നതിനുമുള്ള എല്ലാ പ്രക്രിയകളും പുനഃക്രമീകരിക്കാൻ അദ്ദേഹം പങ്കാളികളോട് ആവശ്യപ്പെട്ടു.

‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ എന്ന വിഷയത്തെക്കുറിച്ചു പരാമർശിക്കവേ, ഇതു തെരഞ്ഞെടുക്കലിന്റെ വിഷയമല്ലെന്നും, മറിച്ച്, “പ്രാദേശികതയ്ക്കായുള്ള ആഹ്വാനവും സ്വയംപര്യാപ്തത എന്ന കാഴ്ചപ്പാടും ദേശീയ ഉത്തരവാദിത്വമാണ്” എന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികതയ്ക്കായുള്ള ആഹ്വാനം, സ്വയംപര്യാപ്തത എന്നിവയോടുള്ള അതിയായ ഉത്സാഹം ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ആഭ്യന്തര ഉൽപ്പാദനം വർധിക്കുന്നതിനെക്കുറിച്ചും കയറ്റുമതിയിലെ റെക്കോർഡ് വളർച്ചയെക്കുറിച്ചും സംസാരിച്ചു. “ചരക്കുകളിലായാലും സേവനങ്ങളിലായാലും നമ്മുടെ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇത് ഇന്ത്യയുടെ വർധിച്ചുവരുന്ന സാധ്യതകളെ സൂചിപ്പിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു, പ്രാദേശിക കരകൗശല വിദഗ്ധരെയും സംരംഭകരെയും ജില്ലാതലംവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ സംഘടനകളും വ്യവസായ-വാണിജ്യ ചേംബറുകളും പോലുള്ള പങ്കാളികളോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കുടിൽ വ്യവസായത്തിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നു എന്നതിനേക്കാൾ ഉയർന്നുനിൽക്കുന്നതാണു പ്രാദേശികതയ്ക്കായുള്ള ആഹ്വാനമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. “ഇന്ത്യയിൽതന്നെ ശേഷി വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പണം ലാഭിക്കാൻ കഴിയുന്ന മേഖലകൾ ഏതൊക്കെയാണെന്നു നാം കാണണം” – ധാരാളം പണം പുറത്തേയ്ക്കൊഴുകുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെയും ഭക്ഷ്യ എണ്ണയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ബജറ്റിലെ മൂലധനച്ചെലവ് 10 ലക്ഷം കോടി രൂപയായി വൻതോതിൽ വർധിച്ചതും പിഎം ഗതിശക്തി ആസൂത്രണപദ്ധതി പ്രചോദിപ്പിച്ച ചലനാത്മകതയെയും പരാമർശിച്ച പ്രധാനമന്ത്രി, വിവിധ ഭൂമിശാസ്ത്രമേഖലകളുടെയും സാമ്പത്തിക മേഖലകളുടെയും പുരോഗതിക്കായി പ്രവർത്തിക്കുന്ന സ്വകാര്യമേഖലയെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകി. “ഇന്ന്, ഗവണ്മെന്റിനെപ്പോലെ രാജ്യത്തെ സ്വകാര്യ മേഖലയും അവരുടെ നിക്ഷേപം വർധിപ്പിക്കണമെന്നു ഞാൻ അഭ്യർഥിക്കുന്നു. അതിലൂടെ രാജ്യത്തിനു പരമാവധി പ്രയോജനം ലഭിക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ്‌ടി, ആദായനികുതിയിലെ കുറവ്, കോർപറേറ്റ് നികുതി എന്നിവ കാരണം മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ത്യയിൽ നികുതിഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന്, ബജറ്റിനുശേഷമുള്ള നികുതിസംബന്ധമായ വിവരണത്തെക്കുറിച്ചു പരാമർശിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഇതു മെച്ചപ്പെട്ട നികുതിപിരിവിനു കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു. 2013-14ൽ മൊത്ത നികുതി വരുമാനം ഏകദേശം 11 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2023-24ൽ 200 ശതമാനം വർധിച്ച് 33 ലക്ഷം കോടിയായി ഉയരും. വ്യക്തിഗത നികുതി റിട്ടേണുകൾ സമർപ്പിച്ചവരുടെ എണ്ണം 2013-14 മുതൽ 2020-21 വരെയുള്ള കാലയളവിൽ 3.5 കോടിയിൽനിന്ന് 6.5 കോടിയായി ഉയർന്നു. “നികുതി അടയ്ക്കുന്നതു രാഷ്ട്രനിർമാണവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന കടമയാണ്. നികുതി അടിത്തറയിലെ വർധന ജനങ്ങൾക്കു ഗവണ്മെന്റിൽ വിശ്വാസമുണ്ടെന്നതിന്റെ തെളിവാണ്. അടച്ച നികുതി പൊതുനന്മയ്ക്കുവേണ്ടി ചെലവഴിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ പ്രതിഭകൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും നൂതനാശയങ്ങൾക്കും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ഉന്നതിയിലെത്തിക്കാൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘വ്യവസായം 4.0’ കാലഘട്ടത്തിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത സംവി‌ധാനങ്ങൾ ലോകത്തിനു മാതൃകയായി മാറുകയാണെന്നു ജിഇഎം, ഡിജിറ്റൽ ഇടപാടുകൾ എന്നിവയുടെ ഉദാഹരണങ്ങൾ നൽകി പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ 75,000 കോടി ഇടപാടുകൾ ഡിജിറ്റലായി നടന്നുവെന്നതു യുപിഐയുടെ വിപുലീകരണം എത്രമാത്രം വ്യാപകമായെന്നു വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. “റുപേയും യുപിഐയും കുറഞ്ഞ ചെലവിലുള്ളതും വളരെ സുരക്ഷിതവുമായ സാങ്കേതികവിദ്യ മാത്രമല്ല, ലോകത്തിലെ നമ്മുടെ സ്വത്വവുമാണ്. നവീകരണത്തിനു വലിയ സാധ്യതകളുണ്ട്. ലോകമെമ്പാടുമുള്ള സാമ്പത്തിക ഉൾച്ചേർക്കലിനും ശാക്തീകരണത്തിനുമുള്ള മാർഗമായി യുപിഐ മാറണം. അതിനായി നാം കൂട്ടായി പ്രവർത്തിക്കണം. നമ്മുടെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ വ്യാപ്തി വർധിപ്പിക്കുന്നതിനു ഫിൻടെക്കുകളുമായി പരമാവധി പങ്കാളിത്തം ഉണ്ടാകണമെന്നു ഞാൻ നിർദേശിക്കുന്നു” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ചിലപ്പോൾ ചെറിയ ചുവടുപോലും ഉത്തേജനത്തിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, ബില്ലില്ലാതെ സാധനങ്ങൾ വാങ്ങുന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇതിലൂടെ ദോഷമൊന്നുമില്ലെന്ന തോന്നലുണ്ടാകുന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ബില്ലിന്റെ പകർപ്പു ലഭ്യമാക്കുന്നതു രാജ്യത്തിനു ഗുണകരമാകും എന്നതിനെക്കുറിച്ച് അവബോധം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. “നാം ജനങ്ങളെ കൂടുതൽ കൂടുതൽ ബോധവാന്മാരാക്കേണ്ടതുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗം ഉപസംഹരിക്കവേ, ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ നേട്ടങ്ങൾ എല്ലാ വർഗത്തിലും വ്യക്തിയിലും എത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാടോടെ പ്രവർത്തിക്കാൻ എല്ലാ പങ്കാളികളോടും അഭ്യർഥിക്കുകയും ചെയ്തു. മികച്ച പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ വലിയ ശേഖരം സൃഷ്ടിക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി. “അത്തരം ഭാവി ആശയങ്ങൾ നിങ്ങൾ എല്ലാവരും വിശദമായി ചർച്ച ചെയ്യണമെന്നു ഞാൻ ആഗ്രഹിക്കുന്നു” – അദ്ദേഹം ഉപസംഹരിച്ചു.

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് ആശങ്കകൾ നീക്കി: പ്രധാനമന്ത്രി

 ന്യൂഡൽഹി: 07 മാർച്ച് 2023

ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) നേട്ടങ്ങൾ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ പദ്ധതി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകൾ അകറ്റുക മാത്രമല്ല, അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു.

രാജ്യത്ത് ഇന്ന് അഞ്ചാമത് ജൻ ഔഷധി ദിവസ് ആഘോഷിക്കുകയാണെന്ന് കേന്ദ്ര രാസവള, രാസവസ്തു  മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ത്രെഡുകളിൽ അറിയിച്ചു. ഈ പദ്ധതി ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ നേരിട്ട് നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ്യത്തെ 12 ലക്ഷത്തിലധികം പൗരന്മാരാണ് പ്രതിദിനം ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നത്. വിപണി വിലയേക്കാൾ 50% മുതൽ 90% വരെ വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്ന മരുന്നുകൾ.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ഭാരതീയ ജൻ ഔഷധി പദ്ധതിയുടെ നേട്ടങ്ങൾ തികച്ചും തൃപ്തികരമാണ്. ഇത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ചികിൽസാച്ചെലവുമായി ബന്ധപ്പെട്ട ആശങ്കകൾ ഇല്ലാതാക്കുക മാത്രമല്ല, അവരുടെ ജീവിതം സുഗമമാക്കുകയും ചെയ്തു.”

പ്രധാനമന്ത്രി ഷില്ലോങ്ങിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നു

 ന്യൂഡൽഹി: 07 മാർച്ച് 2023

മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് കെ സാംഗ്മയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരെ ശ്രീ മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ശ്രീ  കോൺറാഡ്  സാങ്മജിയുടെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും  സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞ ചെയ്തവർക്ക് അഭിനന്ദനങ്ങൾ. മേഘാലയയെ വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ ശ്രമത്തിൽ  ആശംസകൾ.”

ബെംഗളൂരു ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റിന്റെയും മകന്റെയും പുനരുപയോഗത്തിനായുള്ള  ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

 ന്യൂഡൽഹി: 07 മാർച്ച് 2023


പുനരുപയോഗം ചെയ്യുന്നതിനും മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നതിനിമുള്ള  അവബോധം സൃഷ്ടിക്കുന്നതിനും , ബെംഗളൂരു ആസ്ഥാനമായുള്ള മുതിർന്ന കാർഡിയോളജിസ്റ്റായ ഡോ.ദീപക് കൃഷ്ണമൂർത്തിയുടെയും അദ്ദേഹത്തിന്റെ മകന്റെയും   ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും,  മാലിന്യത്തെ   സമ്പത്താക്കി മാറ്റുന്നതിൽ   കൂടുതൽ അവബോധം സൃഷ്ടിക്കുന്ന സമാന ശ്രമങ്ങൾ പങ്കിടാൻ ശ്രീ മോദി മറ്റുള്ളവരോട് അഭ്യർത്ഥിച്ചു.

എല്ലാ അധ്യയന വർഷാവസാനവും മകൻ ശ്രദ്ധാപൂർവം നോട്ട്ബുക്കുകളിൽ നിന്ന് ഒഴിഞ്ഞ കടലാസുകൾ പുറത്തെടുക്കുകയും ഡോക്ടർ അവ ബന്ധിപ്പിച്ച് കുറിപ്പുകൾ എഴുതാനും  പരിശീലനത്തിനും ഉപയോഗിക്കുമെന്നും ഡോക്ടർ അറിയിച്ചു.

മുകളിൽ സൂചിപ്പിച്ച ഡോക്ടറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സുസ്ഥിര ജീവിതത്തിന്റെ വലിയൊരു സന്ദേശത്തോടുകൂടിയ ഒരു നല്ല സംഘ  പ്രയത്നമാണിത്. നിങ്ങളുടെ മകനും നിങ്ങൾക്കും അഭിനന്ദനങ്ങൾ.

സമാനമായ ശ്രമങ്ങൾ പങ്കുവെക്കാൻ മറ്റുള്ളവരെയും   പ്രേരിപ്പിക്കും. അത്  പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ‘പാഴാക്കുന്നത് സമ്പത്താക്കി മാറ്റുന്നതിലും ’ കൂടുതൽ അവബോധം സൃഷ്ടിക്കും