Trending Now

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2023 മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ 29 ന് അവസാനിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ 9.30നാണ് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുക. 4,19,362 റെഗുലർ വിദ്യാർഥികളും192 പ്രൈവറ്റ്  വിദ്യാർഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801  ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണുള്ളത്. സർക്കാർ മേഖലയിൽ 1,170, എയിഡഡ് മേഖലയിൽ 1,421, അൺ എയിഡഡ് മേഖലയിൽ 369 എന്നിങ്ങനെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി. പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയുടെമൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. 18000ൽപ്പരം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിക്കും.

2023 പരീക്ഷ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർഥികൾ ഇത്തവണ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുമെന്നു മന്ത്രി പറഞ്ഞു. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. ഹയർ സെക്കണ്ടറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാമ്പുകൾ നടക്കും. 80 ക്യാമ്പുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാമ്പുകളിലുണ്ടാകും.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28820ഉം രണ്ടാം വർഷത്തിൽ 30740ഉം വിദ്യാർഥികൾ പരീക്ഷ എഴുതും. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയ ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30ന് അവസാനിക്കും.

പാഠപുസ്തകം വിതരണം

2023 – 24 അധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് ഒന്നാം വാല്യം ആകെ 2.81 കോടി പാഠപുസ്തകങ്ങളുടെ അച്ചടി ഉത്തരവ് നൽകിയതായി മന്ത്രി അറിയിച്ചു. അച്ചടി പുരോഗമിക്കുകയാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ 40 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബുകളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25 ന് വൈകിട്ടു മൂന്നിന് ആലപ്പുഴയിൽ നടക്കും.

സ്‌കൂൾ യൂണിഫോം വിതരണം

മാർച്ച് 25ന് രാവിലെ പത്തിന് സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമെന്നു മന്ത്രി അറിയിച്ചു.130 കോടി രൂപയാണു യൂണിഫോം വിതരണത്തിനു ചെലവു പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഹയർ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് ഹയർസെക്കണ്ടറി വിഭാഗം ‘വി ഹെൽപ്പ്’ എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 18004252844 എന്ന നമ്പറിൽ വിളിക്കാം. ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.

എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും  സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർസെക്കണ്ടറി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഹൗ ആർ യു

പരീക്ഷാകാല ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും വി.എച്ച്.എസ്.സി. വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ഹെൽപ്പ് ലൈൻ മാർച്ച് 8 മുതൽ ആരംഭിക്കും. 0471-2320323 എന്ന നമ്പറിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലികൗൺസലിംഗ് നടത്തുന്നു. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം.

പ്രത്യേക പരിപാടി

പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പിന്തുണ നൽകാൻ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദഗ്ധർ, തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി  ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

 

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സോഷ്യൽ

ഓഡിറ്റ്: മന്ത്രി വി ശിവൻ കുട്ടി

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുകയാണെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കിലയുടെ നേതൃത്വത്തിൽ നടക്കുന്ന സോഷ്യൽ ഓഡിറ്റ് ഇതിനോടകം 12 ജില്ലകളിൽ പൂർത്തീകരിച്ചിട്ടുണ്ട്. മാർച്ച് 10ഓടെ ഈ വർഷത്തെ സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ ജില്ലയിൽ നിന്നും 20 സ്‌കൂളുകൾ വീതം

സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകൾ തെരഞ്ഞെടുത്താണ് സോഷ്യൽ ഓഡിറ്റ് നടത്തിയത്. തീരപ്രദേശം, മലമ്പ്രദേശം, ട്രൈബൽ ഏരിയ തുടങ്ങിയ മേഖലകളിലെ സ്‌കൂളുകൾ ഇതിലുണ്ട്. ഓഡിറ്റ്, സ്‌കൂൾ സഭ, പബ്ലിക് ഹിയറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യൽ ഓഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആർ.പിമാർ സ്‌കൂളുകളിൽ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി,  ഈ രക്ഷിതാക്കൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി സ്‌കൂൾ സഭകളിൽ അവതരിപ്പിച്ച് പാസാക്കുന്നു. ഓഡിറ്റ് നടന്ന അഞ്ചു സ്‌കൂളുകൾ ഒരു ക്ലസ്റ്ററായി തിരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിംഗ് എന്ന രീതിയിൽ പബ്ലിക് മീറ്റിംഗുകൾ നടത്തുന്നു. ഈ മീറ്റിംഗുകളിൽ വാർഡ് മെമ്പർമാർ മുതൽ എം.എൽ.എ മാർ വരെയുള്ള ജന പ്രതിനിധികളും, ആരോഗ്യം, കൃഷി, സപ്ലൈകോ, എഫ്.സി.ഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുക്കുകയും പബ്ലിക് ഹിയറിംഗിൽ ഉയർന്നു വന്ന ഉച്ചഭക്ഷണ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു. ഇതിലൂടെ സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പറ്റി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും മെച്ചപ്പെട്ട അറിവു ലഭിക്കുകയും തങ്ങളുടെ കുട്ടികൾക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും ഈ പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾക്ക് 5 കിലോഗ്രാം അരി

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മധ്യവേനൽ അവധിക്കാലത്ത്  5 കിലോഗ്രാം അരി വീതം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മാർച്ച് 20 മുതൽ അരി വിതരണം ആരംഭിക്കും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമിക്കാൻ നവംബർ മാസം ചേർന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. സ്ഥലമില്ലാത്ത സ്‌കൂളുകളിൽ 10 ഗ്രോ ബാഗുകളിലെങ്കിലും പച്ചക്കറി കൃഷി നടത്തുവാനും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുവാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളിൽ കൃഷിയോടുള്ള അഭിരുചിവർദ്ധിപ്പിക്കുക, ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക  എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്, കുട്ടികളുടേയും രക്ഷകർത്താക്കളുടേയും അദ്ധ്യാപകരുടേയും ഇടയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന  12,037 സ്‌കൂളുകളിൽ 10,583 സ്‌കൂളുകളിൽ (87 ശതമാനം) അടുക്കളപച്ചക്കറിത്തോട്ടം  സജ്ജീകരിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്. ഇടുക്കി,കണ്ണൂർ എന്നീ ജില്ലകളിലെ 5 സ്‌കൂളുകളിൽ അവയുടെ ഉപയോഗം കഴിഞ്ഞ് പച്ചക്കറികൾ വിൽക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.മധ്യവേനലവധിക്കാലത്ത് ഈ പച്ചക്കറിത്തോട്ടങ്ങൾ സംരക്ഷിക്കുന്നതിനും അടുത്തവർഷം മുതൽ കൃഷി വകുപ്പിന്റേയും തദ്ദേശ വകുപ്പിന്റേയും പ്രാദേശിക കർഷക സമൂഹത്തിന്റെയും പിന്തുണയോടും സഹകരണത്തോടും എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനും അത്  വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്

ഏപ്രിൽ ഒന്നു മുതൽ തിരുവനന്തപുരത്ത്

        സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) കേരളയുടെ ആഭിമുഖ്യത്തിൽ കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്  സംഘടിപ്പിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏപ്രിൽ 1 മുതൽ 3 വരെ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന പരിപാടി  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ധർ, അധ്യാപകർ, അധ്യാപക പരിശീലകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ തൽപരർ എന്നിവർക്ക് ഒത്തുചേരാനും സ്‌കൂൾ വിദ്യാഭ്യാസത്തിലെ നൂതന പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യാനും കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് വേദിയാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് പ്രയോജനപ്രദമാകുന്ന സ്‌കൂൾ വിദ്യാഭ്യാസ ഗവേഷണം പ്രോത്സാഹിപ്പിക്കുകയാണ് എഡ്യൂക്കേഷൻ കോൺഗ്രസ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയിൽ തത്പരരായ എല്ലാവരുടേയും നിർദ്ദേശങ്ങൾ സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ദൗത്യം. സഫലമാക്കാൻ കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് ലക്ഷ്യമിടുന്നു. നവകേരള സൃഷ്ടിക്കായി  സ്‌കൂൾ വിദ്യാഭ്യാസത്തിലെ ഗുണപരമായ ഇടപെടലുകൾ ആണ് ഫോക്കൽ തീം. എഡ്യൂക്കേഷൻ കോൺഗ്രസിലെ പ്ലീനറി സെഷനുകളിൽ ദേശീയ അന്തർദേശീയ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്‌കൂൾ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക, വിദ്യാഭ്യാസത്തിൽ ഗുണപരമായ ഇടപെടലുകൾക്കുള്ള നിർദ്ദേശങ്ങൾ അവതരിപ്പിക്കുക, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നയരൂപീകരണത്തിനും തീരുമാനങ്ങൾക്കും സഹായകരമാകുന്ന വിവരങ്ങൾ ക്രോഡീകരിക്കുക, കേരളത്തിൽ നടപ്പിലാക്കി വരുന്ന  ഗുണപരമായ ഇടപെടലുകളും നടപടികളും വ്യാപിപ്പിക്കുക, നല്ല പഠന-ബോധന മാതൃകകളും നവീകരണ ശ്രമങ്ങളും അവതരിപ്പിക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.