പ്രീ പ്രൈമറികള്‍ വിദ്യാഭ്യാസത്തിന്റെ നെടുംതൂണ്‍ : ഡെപ്യൂട്ടി സ്പീക്കര്‍
പ്രീ പ്രൈമറികളാണ് വിദ്യാഭ്യാസത്തിന്റെ നെടുംതൂണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുട്ടികളുടെ പിഞ്ചു മനസിലേക്ക് സ്വപ്നങ്ങളും ഒപ്പം അറിവുകളും ആലേഖനം ചെയ്യപ്പെടുന്നതും പ്രീ പ്രൈമറികളില്‍ നിന്നാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണകൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട്ടുവ ഗവ. എല്‍ പി സ്‌കൂളില്‍ ആരംഭിച്ച പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീ പ്രൈമറികളാണ് വര്‍ണകൂടാരം പദ്ധതിയിലൂടെ സജ്ജമാകുന്നത്. വര്‍ണകൂടാരം പദ്ധതിയിലുള്‍പ്പെടുത്തി തോട്ടുവ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഒരുക്കിയ മാതൃക പ്രീ പ്രൈമറി വിദ്യാലയം സമഗ്രശിക്ഷാ കേരളം ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതാണ്.
സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ ജയകുമാര്‍ പ്രണവം അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവികുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്യ വിജയന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രഞ്ജിനി കൃഷ്ണകുമാര്‍, ഡോ. ലെജു പി തോമസ്, ഹെഡ്മിസ്ട്രസ് പി.വി. ശ്യാമളകുമാരി, മുന്‍ ഹെഡ്മാസ്റ്റര്‍ സി. മോഹനന്‍, സൗദാമിനി, ബിനു വെള്ളച്ചിറ, വിമല്‍ കൈതക്കല്‍, എന്‍. സജി, വി. ദര്‍ശന, കെ.ജെ. നിഷ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാന്‍ സമഗ്ര ശിക്ഷ കേരള നടപ്പാക്കിയ പ്രീ സ്‌കൂള്‍ ശാക്തീകരണപദ്ധതിയാണ് വര്‍ണക്കൂടാരം. സംസ്ഥാനത്തെ മുഴുവന്‍ പ്രീ പ്രൈമറി ക്ലാസുകളെയും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളില്‍ നിലവിലുളള കെട്ടിടങ്ങള്‍ നവീകരിച്ചാണ് പ്രീ പ്രൈമറി ക്ലാസ് റൂമുകള്‍ നിര്‍മിക്കുന്നത്.