Trending Now

ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണം : മന്ത്രി എം.ബി. രാജേഷ്

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ശുചിത്വമിഷനും സംയുക്തമായി ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ജില്ലാതല ശില്പശാലയില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഹരിത കര്‍മ്മ സേന ഫലപ്രദമായും സജീവമായും പ്രവര്‍ത്തിക്കേണ്ടത് മാലിന്യ സംസ്‌കരണത്തില്‍ വളരെ പ്രധാനമാണ്. ഒരു വാര്‍ഡില്‍ രണ്ട് എന്നാണ് ഹരിതകര്‍മ്മ സേനാംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, ജില്ലയില്‍ ഇതിലും കുറവാണ്. ഹരിത കര്‍മ്മ സേനയ്ക്ക് ജില്ലയില്‍ 100 ശതമാനം കവറേജും ന്യായമായ വരുമാനവും ലഭിക്കുന്നതിനുള്ള നടപടികള്‍  സ്വീകരിക്കണം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇതിനായി വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ആലോചിക്കണം.

 

ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി  ശേഖരണവും സംസ്‌കരണവും എന്നതാണ് അടിസ്ഥാന ലക്ഷ്യം. ജില്ലയില്‍ ഉറവിട മാലിന്യ സംസ്‌കരണ സൗകര്യങ്ങളുള്ള വീടുകള്‍ കുറവാണ്. ഇത് പരമാവധി വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.

 

ഓരോ പഞ്ചായത്തിലും ഒരു വാര്‍ഡ് പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കണം. പിന്നെ പഞ്ചായത്ത്, നഗരസഭ എന്ന നിലയ്ക്ക് മുന്നോട്ടുപോകണം. മാലിന്യമുക്തമാക്കുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യണം. വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കുന്നതിന് എന്‍എസ്എസ്, എസ്പിസി, പരിസ്ഥിതി ക്ലബ്ബുകള്‍ തുടങ്ങിയവരുടെ സഹായം തേടാവുന്നതാണ്. ഏറ്റവും നന്നായി മാലിന്യ സംസ്‌കരണം നടത്തുന്ന പഞ്ചായത്ത്, വാര്‍ഡ്, റെസിഡന്‍സ് അസോസിയേഷന്‍, വീട് എന്നിങ്ങനെ  സമ്മാനവും നല്‍കാവുന്നതാണ്. ഭൗതിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവ സമയബന്ധിതമായി നടപ്പാക്കി  മുന്നോട്ടു പോകാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞാല്‍ സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി മന്ത്രി സംവദിച്ചു.

 

ജനപ്രതിനിധികളുടെയും  സന്നദ്ധ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് തുടങ്ങിവയ്ക്കുകയും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും നഗരസഭകളും സജീവമായി ഏറ്റെടുക്കുകയും ചെയ്ത ബൃഹത്തായ കര്‍മ്മ പദ്ധതിയാണ് നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല എന്ന സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി.   പദ്ധതിയുടെ വിജയത്തിന് ശുചിത്വവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, സെമിനാറുകള്‍ നടത്തുക, ഗൃഹ സന്ദര്‍ശനം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 200 ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തെ വാര്‍ത്തെടുത്ത് അവരുടെ പൂര്‍ണമായ ശേഷി ഉപയോഗപ്പെടുത്തുന്നതിന് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

മലയാളികള്‍ വ്യക്തി ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നവരാണെന്നും എന്നാല്‍ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ ഇനിയും പടവുകള്‍ താണ്ടുവാന്‍ ഉണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശുചിത്വ സര്‍വേയും സമഗ്രമായിട്ടുള്ള ശുചിത്വ അവബോധ പ്രക്രിയയും ജില്ലയില്‍ നടത്തി വരുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. മുന്‍ ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. തദ്ദേശസ്ഥാപന പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 21, 22, 23 തീയതികളില്‍ ത്രിദിന ശില്പശാല ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ ആസൂത്രണസമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത്/ നഗരസഭ അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ റിസോഴ്സ് പേഴ്സണ്‍സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

 

ജില്ലയിലെ മാലിന്യ സംസ്‌കരണ അവസ്ഥ, വൃത്തിയുള്ള കേരളം, കിച്ചന്‍ ബിന്നും തുമ്പൂര്‍മൂഴി മോഡലും, സീറോ വേസ്റ്റ് പരിപാടി, റിപ്പയര്‍ ഷോപ്പ്-ഹരിയാലി, ധനവിഭവ സാധ്യതകള്‍, അജൈവ മാലിന്യ സംസ്‌കരണം, ക്ലീന്‍ കേരള കമ്പനിയുടെ സാധ്യതകള്‍, ഹരിതമിത്രം സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പൊതുഅവതരണം നടന്നു. ബുധനാഴ്ച നടന്ന പ്ലീനറി സമ്മേളനത്തില്‍ കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍ പങ്കെടുത്തു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച നടന്നു.

 

(ഫെബ്രുവരി 23) രാവിലെ ഒന്‍പതു മുതല്‍ വിവിധ ഗ്രൂപ്പുകളുടെ അവതരണം. 11.30ന് ബ്ലോക്ക്/നഗരസഭാതല പരിപാടി തയാറാക്കല്‍. ഉച്ചയ്ക്ക് 12ന് ബ്ലോക്ക് പ്രസിഡന്റ്/ നഗരസഭാ ചെയര്‍മാന്മാര്‍ എന്നിവരുടെ അവതരണം. വൈകുന്നേരം മൂന്നിന് ഏകോപനം മുന്‍ മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. 3.30ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപനസമ്മേളനത്തില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ ബാലഭാസ്‌കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.