Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/02/2023)

സ്റ്റേജ് കാര്യേജുകളില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കണം
ജില്ലയിലെ എല്ലാ സ്റ്റേജ് കാര്യേജുകളിലും ഫെബ്രുവരി 28 ന് മുന്‍പായി നിരീക്ഷണ ക്യാമറ ഘടിപ്പിക്കണമെന്ന് ആര്‍ടിഒ എ.കെ. ദിലു അറിയിച്ചു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലും  ഫെബ്രുവരി 28 ന് മുന്‍പായി  വാഹനത്തിന്റെ മുന്‍വശം, ഉള്‍വശം, പിന്‍വശം കാണത്തക്ക രീതിയില്‍ ക്യാമറ ഘടിപ്പിക്കണമെന്ന്  ഗതാഗത വകുപ്പ് മന്ത്രിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന റോഡപകട അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ക്യാമറകള്‍ ഘടിപ്പിക്കുന്നതിന്  ചെലവാകുന്ന തുകയുടെ അസല്‍ ബില്ല് സര്‍ക്കിള്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന പക്ഷം 5000 രൂപ വരെ സര്‍ക്കാര്‍ അനുവദിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിരീക്ഷ ക്യാമറകളുടെ  പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് ജില്ലയില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലും പരിശോധന നടത്തുമെന്നും ആര്‍ടിഒ അറിയിച്ചു.

ക്വട്ടേഷന്‍
വിനോദസഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും എഗ്രിമെന്റ് കാലാവധി മുതല്‍ ഒരുവര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി  28ന് ഉച്ചക്ക്ശേഷം രണ്ടു വരെ ഓഫീസില്‍ സ്വീകരിക്കും. വാഹനം മാസവാടകയ്ക്ക് നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാരവകുപ്പ് ജില്ലാഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാം. ഫോണ്‍ : 0468 2326409.

അറ്റന്‍ഡര്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി. പ്രയോറിറ്റി വിഭാഗത്തില്‍ അറ്റന്‍ഡര്‍(വനിതകള്‍ക്കു മാത്രം)തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത – എസ് എസ് എല്‍ സി യോടൊപ്പം ഏതെങ്കിലും എ ക്ലാസ് രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഹോമിയോ ക്ലിനിക്കില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്.
വയസ് – 01/01/2021 ന് 18-നും 41-നും മധ്യേ. ശമ്പളം – പ്രതിമാസം 18000 രൂപ (കണ്‍സോളിഡേറ്റഡ് പേ). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മാര്‍ച്ച് ആറിന് മുമ്പായി നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. (എസ്‌സി  വിഭാഗത്തിന്റെ അഭാവത്തില്‍ സംവരണവിഭാഗത്തേയോ അഥവാ  ജനറല്‍ വിഭാഗത്തെയോ പരിഗണിക്കും.)

ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ പുതുതായി അക്ഷയ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായി കൊടുമണ്‍ ഗ്രാമ പഞ്ചായത്തിലെ ചന്ദനപ്പളളി, അങ്ങാടിക്കല്‍ നോര്‍ത്ത്, ചാലപ്പറമ്പ് എന്നീ ലോക്കേഷനുകളിലേക്ക് അക്ഷയസംരംഭകരെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയുടെ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്സൈറ്റ്: https://pathanamthitta.nic.in, അക്ഷയ വെബ്സൈറ്റ്:  www.akshaya.kerala.gov.in എന്നിവിടങ്ങളില്‍
ഫലം പരിശോധിക്കാം.

ക്വട്ടേഷന്‍
ഇലന്തൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27ന് രാവിലെ 11 വരെ. കൂടുതല്‍ വിവരത്തിന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9447427702.

ക്വട്ടേഷന്‍

ലൈഫ് മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ന് പകല്‍ മൂന്നിനു മുമ്പായി സമര്‍പ്പിക്കണം. 1000 സിസി എന്നിവയോ, സമാനമായതോ ആയ വാഹനം അഭികാമ്യം. വിശദാംശങ്ങള്‍ ലൈഫ് മിഷന്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഇ മെയില്‍ വിലാസം: [email protected].  ഫോണ്‍: 0468- 2222686.

 

സമ്പൂര്‍ണ ശുചിത്വം: ജില്ലാ പഞ്ചായത്തിന്റെ ത്രിദിന
ശില്‍പ്പശാല ചരല്‍ക്കുന്നില്‍ ഫെബ്രുവരി 21 മുതല്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഖ്യസന്ദേശം നല്‍കും
ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുക ലക്ഷ്യം

ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് ചരല്‍ക്കുന്നില്‍ ഫെബ്രുവരി 21, 22, 23 തീയതികളില്‍ ശില്‍പ്പശാല നടക്കും. ജില്ലാ പഞ്ചായത്ത്, കില, നവകേരളം കര്‍മപദ്ധതി, എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. 21ന് രാവിലെ 10ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഖ്യസന്ദേശം നല്‍കും. മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന നിര്‍മ്മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതിയുടെ നിര്‍വഹണത്തെപ്പറ്റി വിശദമായ പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത്/ നഗരസഭ അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
21ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ മാലിന്യ സംസ്‌കരണ അവസ്ഥ, വൃത്തിയുള്ള കേരളം, കിച്ചന്‍ ബിന്നും തുമ്പൂര്‍മൂഴി മോഡലും, സീറോ വേസ്റ്റ് പരിപാടി, റിപ്പയര്‍ ഷോപ്പ്-ഹരിയാലി, ധനവിഭവ സാധ്യതകള്‍, അജൈവ മാലിന്യ സംസ്‌കരണം, ക്ലീന്‍ കേരള കമ്പനിയുടെ സാധ്യതകള്‍, ഹരിതമിത്രം സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പൊതുഅവതരണം നടക്കും.
22ന് രാവിലെ ഒന്‍പതു മുതല്‍ വിവിധ വിഷയങ്ങളുടെ അവതരണം. ഉച്ചകഴിഞ്ഞ് 2.30ന് പ്ലീനറി സമ്മേളനത്തില്‍ കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍ പങ്കെടുക്കും. വൈകുന്നേരം 3.30ന് ഗ്രൂപ്പ് ചര്‍ച്ച. 23ന് രാവിലെ ഒന്‍പതു മുതല്‍ വിവിധ ഗ്രൂപ്പുകളുടെ അവതരണം. 11.30ന് ബ്ലോക്ക്/നഗരസഭാതല പരിപാടി തയാറാക്കല്‍. ഉച്ചയ്ക്ക് 12ന് ബ്ലോക്ക് പ്രസിഡന്റ്/ നഗരസഭാ ചെയര്‍മാന്മാര്‍ എന്നിവരുടെ അവതരണം. വൈകുന്നേരം മൂന്നിന് ഏകോപനം മുന്‍ മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. 3.30ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപനസമ്മേളനത്തില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ ബാലഭാസ്‌കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ വിതരണം
സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ഭിന്നശേഷിക്കാരായ  ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  01.01.2022 ന് മുന്‍പായി  ക്ഷേമനിധിയില്‍ അംഗത്വം എടുത്ത് സജീവ അംഗത്വം നിലനിര്‍ത്തി  വരുന്ന 40 ശതമാനമോ അതിലധികമോ വൈകല്യമുളള ഭിന്നശേഷിക്കാരായ  അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നോ മുന്‍പ് സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നോ  മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ ലഭിച്ചിട്ടുളളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. യോഗ്യരായ ക്ഷേമനിധി അംഗങ്ങള്‍ മാര്‍ച്ച് 20 ന് മുമ്പായി അപേക്ഷ നല്‍കണമെന്ന് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2222709.

പ്രീഡിഡിസി യോഗം മാറ്റി
ജില്ലാ വികസന സമിതിയുടെ ഫെബ്രുവരി 20 ന് നടത്താനിരുന്ന പ്രീഡിഡിസി യോഗം ഫെബ്രുവരി 22 ന് രാവിലെ 11 ലേക്ക് മാറ്റി വെച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

ലൈസന്‍സ് പുതുക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ/ ഫാക്ടറി/  വ്യാപാര/  സംരംഭകത്വ/  മറ്റ് സേവനങ്ങള്‍ക്കുളള 2023-24 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് പുതുക്കലിനുളള അപേക്ഷ മാര്‍ച്ച് 31 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2350229, 8301835200.

ബീച്ച് അംബ്രല്ല വിതരണം
സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല നല്‍കുന്ന  പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പത്തനംതിട്ട മുന്‍സിപ്പല്‍ ഹാളില്‍ നടത്തും. സംസ്ഥാന ഭാഗ്യകുറി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി. സുബൈര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അംബ്രല്ല വിതരണോദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ഫോണ്‍  : 0468 – 2222709.

ഇ-ലേലം
മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട വായ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കീഴ് വായ്പൂര്‍ യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ മണ്ണ്/ മണല്‍/ ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം നടത്തുന്നു. ഫെബ്രുവരി 27ന്  രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലേലത്തില്‍ പങ്കെടുക്കാം. വെബ് സൈറ്റ് : https://eauction.gov.in, ഫോണ്‍ : 9961993567, 9544213475.