konnivartha.com/പത്തനംതിട്ട : ജനവാസമേഖലയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ അടൂർ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ അടൂർ-നെല്ലിമൂട്ടിൽപടി
ജംഗ്ഷന് സമീപത്ത് തോട്ടിലാണ് മാലിന്യം നിക്ഷേപിച്ചത്.
ഈ ഭാഗത്തേക്ക് ടാങ്കർ അമിത വേഗതയിൽ വന്നുപോയത് നാട്ടുകാർ കണ്ടിരുന്നു. സമീപത്ത് ദുർഗന്ധം വമിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ തോട്ടിലേക്ക് മാലിന്യം തള്ളിയതായി നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
അടൂർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം, കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അടൂർ ടൗണിലെയും, പരിസര
പ്രദേശങ്ങളിലെയും നിരവധി സി.സി.റ്റി.വി ക്യാമറകൾ നിരീക്ഷിച്ചതിനെ തുടർന്ന് ടാങ്കർ
ആദിക്കാട്ടുകുളങ്ങരയിൽ നിന്നും കസ്റ്റഡിയിലെടുത്തു.
പഴകുളം, ചരിവുപറമ്പിൽ, ബദറുദ്ധീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. മുൻപ് അടൂരിലും, പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കിയിരുന്നു.
വിവിധ റെസിഡൻസ് അസോസ്സിയേഷനുകളുമായി ചേർന്ന് രാത്രികാല പരിശോധനയും നടത്തിയിരുന്നു. ടാങ്കറിൽ മാലിന്യം തള്ളിയതു സംബന്ധിച്ച് മുനിസിപ്പാലിറ്റിക്കും,
മോട്ടോർ വാഹനവകുപ്പിനും തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്ക് കത്ത് നൽകാൻ അടൂർ പോലീസിന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ്നിർദേശം നൽകി.
നിരവധി തോടുകളും, കനാലുകളും ഉള്ള അടൂരിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ക്യാമറകളുടെ അഭാവമുണ്ടെന്നും, റെസിഡൻസ് അസോസിയേഷനുകളുടെയും, ജനമൈത്രി സമിതിയുടെയും, വ്യാപാരി വ്യവസായികളുടെയും സഹകരണത്തോടെ കൂടുതൽ
ക്യാമറകൾ അടൂർ ടൗണിലും പരിസര പ്രദേശങ്ങളിലും സ്ഥാപിക്കുവാൻ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഏതാനം മാസം മുൻപ് പുതുവൽ-മാരൂർ ഭാഗങ്ങളിൽ മാലിന്യം തള്ളിയ രണ്ടു വാഹനങ്ങൾ പോലീസ് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, സബ് ഇൻസ്‌പെക്ടർ മനീഷ്.എം , സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ്.ആർ.കുറുപ്പ്, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പിടിച്ചെടുത്തത്.