Trending Now

കാപ്പൊലി പടയണി പഠന കളരിക്ക് തുടക്കമായി

കേരള ഫോക് ലോര്‍ അക്കാദമിയുടെ മൂന്നു ദിവസം നീളുന്ന പടയണി പഠന കളരിക്കു തുടക്കമായി. ആറന്‍മുള കിടങ്ങന്നൂര്‍ പള്ളിമുക്കം ദേവീക്ഷേത്രത്തിലെ പടയണി കളരിയിലാണ് ക്യാമ്പ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായിരുന്നു.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി,  ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍, അക്കാദമി അംഗം അഡ്വ. സുരേഷ് സോമ, അക്കാദമി സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ പി.വി. ലവ് ലിന്‍, സന്തോഷ് എസ്. പുളിയേലില്‍, അനില്‍ ജി നായര്‍, ജൂലി ദിലീപ്, എ.എസ്. മത്തായി, കെ.എസ്. രാജന്‍, പി.ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഠന കളരി രാവിലെ എഴ് മണിക്ക് ആരംഭിക്കും. കടമ്മനിട്ട രഘുകുമാറും മുതിര്‍ന്ന ആശാന്‍മാരും നയിക്കുന്ന തപ്പുമേളത്തിന്റെ ദേശഭേദങ്ങള്‍ ആണ് ആദ്യ ക്ലാസ്. 10ന് നീലംപേരൂര്‍  പടയണി കലയും പൊരുളും പ്രഭാഷണം ഡോ. ബി. രവികുമാര്‍. 11.15ന് വിനു മോഹനന്‍ കുരമ്പാലയും പുറമറ്റം നാരായണനും ആശാന്‍മാരും നയിക്കുന്ന പടയണി വിനോദവും കേരള സംസ്‌കാരവും. ഉച്ചകഴിഞ്ഞ് രണ്ടിന് ഓമനക്കുട്ടന്‍ കവിയൂരും ഡോ. സുരേഷ് ബാബു വെണ്‍പാലയും മുതിര്‍ന്ന ആശാന്‍മാരും നയിക്കുന്ന അടവിയും പടയണിയും.
വൈകുന്നേരം നാലിന് അസി. പ്രൊഫ. കെ. രാജേഷ് കുമാറിന്റെ പ്രഭാഷണം പടയണിപ്പാട്ടും നതോന്നതയും. വൈകുന്നേരം അഞ്ചിന് സുരേന്ദ്രന്‍ നായര്‍ മഠത്തില്‍ കോട്ടാങ്ങലും സുരേഷ് കെ.എന്‍. കുളത്തൂരും ആശാന്മാരും നയിക്കുന്ന വേലകളി ആവിഷ്‌കാര ഭേദങ്ങളും പടയണിയും. രാത്രി ഏഴിന് പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.  രാത്രി 7.30ന് തപ്പുമേളം(തെക്കന്‍മാര്‍ഗം, അന്തരയക്ഷി, ശിവകോലം, സുന്ദരയക്ഷി).  പഠന കളരി ഞായറാഴ്ച രാത്രി സമാപിക്കും. പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ പ്രസന്നകുമാര്‍ തത്വമസിയാണ് ക്യാംപ് നയിക്കുന്നത്. മുതിര്‍ന്ന പടയണി ആശാന്‍മാരും ഇരുപതിലധികം കരകളിലെ കലാകാരന്‍മാരുമടക്കം ഇരുനൂറിലധികം കലാകാരന്‍മാര്‍ പങ്കെടുക്കും. കളരിയില്‍ തന്നെ താമസിക്കുന്ന രീതിയിലാണ് ക്രമീകരണം.
error: Content is protected !!