Konnivartha. Com :ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് യുവാവിനെ അടിച്ചു കൊന്ന് കനാലില്‍ തള്ളിയ കേസിലെ പ്രതി പിടിയില്‍. കലഞ്ഞൂര്‍ സ്വദേശി ശ്രീകുമാര്‍ ആണ് കൂടല്‍ ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാര്‍ക്കും പരുക്കേറ്റു. കലഞ്ഞൂര്‍ അനന്തുഭവനില്‍ അനന്തുവാ(28)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കാരുവേലില്‍ കനാലിലാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി മൃതദേഹം കണ്ടെടുത്ത് ഇന്‍ക്വസ്റ്റ് തയാറാക്കുന്നതു വരെ സ്ഥലത്തുണ്ടായിരുന്ന സമീപവാസി ശ്രീകുമാര്‍ ഒളിവില്‍പ്പോയി. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനന്തുവും ശ്രീകുമാറുമായി നേരത്തേയും വാക്കേറ്റം ഉണ്ടായിട്ടുള്ളതായി പറയുന്നു.
കുളത്തുമണ്ണിലുള്ള ബന്ധുവീട്ടിലാണ് ശ്രീകുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടെ വനത്തോടു ചേര്‍ന്നുള്ള ഷെഡിലായിരുന്നു രാത്രി വിശ്രമം. പകല്‍ വനത്തിലേക്ക് കയറിപ്പോകും. ഈ വിവരം അറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി ഷെഡിന് സമീപം പതുങ്ങിയിരുന്നു. രാത്രി ഷെഡിലേക്ക് വന്ന ശ്രീകുമാര്‍ പോലീസ് സംഘത്തെ കണ്ട് വനത്തിലേക്ക് ഓടി. വനത്തിലേക്കുള്ള വഴി പ്രതിക്ക് പരിചയമുള്ളതാണെങ്കിലും പോലീസിന് അങ്ങനെയായിരുന്നില്ല. പ്രതിക്ക് പിന്നാലെ ഓടുന്നതിനും പിടികൂടുന്നതിന് നടത്തിയ മല്‍പ്പിടുത്തത്തിലും നാലോളം പോലീസുകാര്‍ക്കും പരുക്കേറ്റു.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ അനന്തുവിനെ കാണുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് ചൊവ്വാഴ്ച മൃതദേഹം കനാലില്‍ കണ്ടെത്തിയത്. ഞായറാഴ്ച തന്നെ ശ്രീകുമാര്‍ അനന്തുവിനെ കൊലപ്പെടുത്തിയിരുന്നു. തൊട്ടടുത്തുള്ള റബര്‍ പ്ലാന്റേഷനില്‍ വച്ചാണ് കൊല നടന്നത്. ഭാര്യയുമായുള്ള ബന്ധം സംശയിച്ച് അനന്തുവിനെ കൊലപ്പെടുത്താന്‍ തന്നെയാണ് ശ്രീകുമാര്‍ എത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനന്തു. മദ്യപിച്ചു കഴിഞ്ഞാല്‍ ബോധം കെട്ട് അവിടെ തന്നെ കിടക്കുന്നതാണ് അനന്തുവിന്റെ പതിവ്. ഞായറാഴ്ചയും കൂട്ടുകാര്‍ക്കൊപ്പം പ്ലാന്റേഷനില്‍ ഇരുന്ന് അനന്തു മദ്യപിച്ചിരുന്നു. ഈ സമയം അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ കാത്തിരുന്നു. സുഹൃത്തുക്കള്‍ മടങ്ങിയതിന് പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നിലെത്തിയ ശ്രീകുമാര്‍ കമ്പി വടിക്ക് അടിച്ച് താഴെയിട്ടു. മരിച്ചുവെന്ന് ഉറപ്പാക്കിയപ്പോള്‍ മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ച് കനാലില്‍ കൊണ്ടിട്ടു.
മൃതദേഹം പോലീസ് കണ്ടെത്തിയതിന് പിന്നാലെ സമീപത്ത് കണ്ട രക്തത്തുള്ളികള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് ഉറപ്പിച്ച പോലീസ് രക്തത്തുള്ളികള്‍ക്ക് പിന്നാലെ നീങ്ങിയപ്പോള്‍ പ്ലാന്റേഷനില്‍ പാറക്കെട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കൊല നടന്നതെന്ന് വ്യക്തമായി. ഇവിടെ നിന്നായിരുന്നു രക്തത്തുള്ളികളുടെ തുടക്കം. ഇവിടെ വലിയ തോതില്‍ രക്തക്കറ ഉണ്ടായിരുന്നു. പാറക്കെട്ടിനോട് ചേര്‍ന്ന് നീര്‍ച്ചാലുണ്ട്. പാറയില്‍ പുരണ്ട ചോരത്തുള്ളികള്‍ കഴുകി മാറ്റുന്നതിനുള്ള ശ്രമവും നടന്നിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.