Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/02/2023)

പുതമണ്‍ പാലം: മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തും – മന്ത്രി മുഹമ്മദ് റിയാസ്
തകര്‍ന്ന പുതമണ്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള്‍ ഗതാഗതം തിരിച്ചു വിടുന്നതിന് താല്‍ക്കാലിക റോഡ് നിര്‍മിക്കാനുള്ള സാധ്യതയും പരിശോധിച്ചു വരുന്നു. നിയമസഭയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

റാന്നിയെയും കോഴഞ്ചേരിയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പുതമണ്‍ പാലം അപകടത്തിലായി ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചതോടെ ജനങ്ങള്‍ ആകെ ബുദ്ധിമുട്ടിലായതായി എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഏകദേശം പത്ത്  കിലോമീറ്റര്‍ അധികം ചുറ്റി സഞ്ചരിച്ചു വേണം പാലത്തിന്റെ മറുകരയില്‍ എത്താന്‍. ഇത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വരെ യാത്ര ചെയ്യാനായി താല്‍ക്കാലിക റോഡും നിര്‍മിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

70 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പാലത്തിന് 13.5 മീറ്റര്‍ നീളവും 10.20 മീറ്റര്‍ വീതിയും ഉണ്ട്. ബീം ഒടിഞ്ഞതിനെ തുടര്‍ന്ന് പാലത്തിന്റെ സ്ലാബ് താഴ്ന്നിട്ടുണ്ട്. ഇതാണ് ഗതാഗതം നിര്‍ത്തി വച്ചിരിക്കുന്നത്. 4.20 മീറ്റര്‍ വീതിയുണ്ടായിരുന്ന പാലം ഏകദേശം 10 വര്‍ഷം മുമ്പ് മൂന്ന് മീറ്റര്‍ വീതം ഇരുവശങ്ങളിലും വീതി കൂട്ടി നിര്‍മിച്ചതാണ്. പാലത്തിന്റെ അപകടാവസ്ഥ എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. ഈ സംഘം സ്ഥലം സന്ദര്‍ശിച്ചു. മധ്യഭാഗത്തെ പഴയ പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താന്‍ കഴിയാത്ത വിധം ബീമുകള്‍ക്ക് ഒടിവ് സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലാണെന്നും പൂര്‍ണമായും പൊളിച്ച് പുനര്‍ നിര്‍മിക്കേണ്ടി വരുമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി അറിയിച്ചു.

പദ്ധതി പുരോഗതി അവലോകന യോഗം ( 8)
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതിനും 2023-24 വാര്‍ഷിക പദ്ധതി മുന്‍ഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതിനും (8) ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുവാന്‍ അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവൃത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13  ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2224070.

കിക്മ എംബിഎ അഭിമുഖം
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം കേരള ഇന്‍സ്ററിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2023-25 എംബിഎ (ഫുള്‍ടൈം) കോഴ്സിന് ഫെബ്രുവരി 17 ന് രാവിലെ 10 മുതല്‍ 12 വരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ കൂടികാഴ്ച നടത്തുന്നു. കേരള സര്‍വകലാശാലയുടെയും  എഐസിറ്റി യുടെയും  അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്.  സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പിനും എസ്.സി/ എസ് റ്റി/ ഒഇസി ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ഉണ്ട്.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ്  എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറാവുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 7356650384/8547618290. ഇ മെയില്‍ : www.kicma.ac.in

ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെ.എ.പി- 3ബറ്റാലിയന്‍) (കാറ്റഗറി നമ്പര്‍. 530/19) തസ്തികയുടെ  ശാരീരിക അളവെടുപ്പ്-കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഫെബ്രുവരി ഒന്‍പത്, 10,13,14,15,16,17,20,21,22,23 എന്നീ തീയതികളില്‍  പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തുന്നു. ഈ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം വെരിഫിക്കേഷന് ഹാജരാകണം.
ഫോണ്‍ : 0468 -2222665

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആരണ്യകം ലൈബ്രറി അടിച്ചിപ്പുഴയില്‍ തുടങ്ങും

 ആദിവാസി മേഖലയിലെ കുട്ടികളുടെ വളര്‍ച്ച ലക്ഷ്യം
 അമ്മത്തൊട്ടിലില്‍ 18 കുഞ്ഞുങ്ങളെ ലഭിച്ചു
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ 1517

ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് അറിവും വായനാ ശീലവും പകര്‍ന്നു നല്‍കുന്നതിനായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ അടിച്ചിപ്പുഴയില്‍ ആരണ്യകം ലൈബ്രറി തുടങ്ങുന്നതിന് തീരുമാനമായി.

 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന 22-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആദിവാസി കുട്ടികളുടെ പഠന മുറി കെട്ടിടത്തിലെ ഒരു മുറി ഇതിനായി സജ്ജമാക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആരണ്യകം ലൈബ്രറി തുടങ്ങുന്നത്.

ജില്ലാ ശിശുക്ഷേമ സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന തണലില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 98 പരാതികള്‍ ലഭിച്ചു. കൃത്യമായ ഇടപെടലിലൂടെ സിഡബ്ല്യുസി, പോലീസ് എന്നിവയുടെ സഹായത്താല്‍ പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ചു. കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളും അക്രമങ്ങളും തടയാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും തണലുമായി 1517 എന്ന ടോള്‍ഫ്രീ നമ്പര്‍ മുഖേന ബന്ധപ്പെടാം.

ജില്ലാ ശിശുക്ഷേമ സമിതിയുടെ ഓമല്ലൂരിലെ ശിശുപരിപാലന കേന്ദ്രത്തില്‍ ഇതുവരെ 19 കുഞ്ഞുങ്ങളെ സിഡബ്ല്യുസി ഉത്തരവു പ്രകാരം പരിപാലിച്ചിട്ടുണ്ട്. നിലവില്‍ 12 ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളും ഇവിടെ വളരുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നാലു കുഞ്ഞുങ്ങളെ ദത്ത് നല്‍കി. 10 കുട്ടികളെ ഫോസ്റ്റര്‍ കെയറിന് അയച്ചു.

പത്തനംതിട്ട ജനറല്‍ ആശുപത്രി വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ 18 കുഞ്ഞുങ്ങളെ ലഭിച്ചു. 17 കുഞ്ഞുങ്ങളെയും സംസ്ഥാന സമിതി ഏറ്റെടുത്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രാദേശിക ഫണ്ട് വിനിയോഗിച്ച് അമ്മത്തൊട്ടില്‍ പുതിയ ഇലക്ട്രോണിക് സംവിധാനങ്ങളോടെ നവീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍, പിറന്നു വീഴുന്ന കുട്ടികള്‍, മൂന്നു വയസുവരെ പ്രായമുള്ള കുട്ടികള്‍ എന്നിവരുടെ സംരക്ഷണത്തിനായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ 17 ക്രഷുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,10,04060.80 രൂപ വരവും 1,09,25,926.30 രൂപ ചെലവും 78,134.50 രൂപാ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസാക്കി.

 

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക് ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായരും അവതരിപ്പിച്ചു. പ്രൊഫ. ടി.കെ.ജി നായര്‍, വൈസ് പ്രസിഡന്റ് പ്രൊഫ.കെ. മോഹനകുമാര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. ജയകൃഷ്ണന്‍, അസിസ്റ്റന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ കെ.ഇ. വിനോദ് കുമാര്‍, വനിത – ശിശു വികസന ഓഫീസര്‍ അബ്ദുള്‍ബാരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ രേണുകാഭായി, കലാനിലയം രാമചന്ദ്രന്‍, രാജന്‍ പടിയറ, സി.ആര്‍. കൃഷ്ണകുറുപ്പ്, സി.ജി. ചന്ദ്രിക, സി.എന്‍. ജാനകി, കോമളം അനിരുദ്ധന്‍, നിര്‍മ്മലാദേവി, എഇഒമാര്‍, സിഡിപിഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രോത്സാഹന ധനസഹായം
2022-23 അധ്യയന വര്‍ഷം പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുളള ക്ലാസുകളില്‍ പഠനം നടത്തുന്നതും നിലവില്‍ 75ശതമാനം ഹാജര്‍ ഉളളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരം, രക്ഷകര്‍ത്താക്കളില്‍ ഒരാളുടെ പേര് വിവരങ്ങള്‍ , ബാങ്ക് അക്കൗണ്ട് (പാസ് ബുക്ക് പകര്‍പ്പ് ) എന്നിവ  ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തി  റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ്  ഓഫീസില്‍ ലഭ്യമാക്കണം. എം.ആര്‍.എസ്, സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നു പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25.

റീ-ടെന്‍ഡര്‍

കോന്നി ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരുവര്‍ഷ കാലയളവിലേക്ക് വാഹനം  കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ.അ

സി ഡിറ്റിന്റെ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സി ഡിറ്റിന്റെ മെയിന്‍ ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ വീഡിയോഗ്രഫി ആന്റ് ഫോട്ടോഗ്രഫി എന്നീ മാധ്യമ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കേണ്ട കുറഞ്ഞ യോഗ്യത പ്ലസ് ടു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഫെബ്രുവരി 18. താത്പര്യമുളളവര്‍  സി ഡിറ്റ് കമ്മ്യൂണിക്കേഷന്‍  കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടാം.  ഫോണ്‍ : 0471 2721917,9388942802,8547720167.

വൈഗ 2023 ബിടുബി മീറ്റ്രജിസ്ട്രേഷന്‍ ഫെബ്രുവരി 8 വരെ

കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് നടത്തുന്ന വൈഗ 2023ല്‍ ഉല്പാദക-സംരഭകമീറ്റിന്റെ (ബി ടു ബി മീറ്റ്) രജിസ്‌ട്രേഷന്‍ ഫെബ്രുവരി എട്ടുവരെ. കാര്‍ഷികമൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ഉല്‍പന്നങ്ങളും, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും വില്‍ക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന ഉത്പാദകര്‍ ,ഉപഭോക്താക്കള്‍/സംരഭകര്‍ എന്നിവരെ  തമ്മില്‍ ബന്ധിപ്പിക്കുവാനാണ് ബി ടു ബി മീറ്റ് വഴി ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന വൈഗ ബിടുബി  മീറ്റില്‍പങ്കെടുക്കുന്നതിന് കര്‍ഷകഗ്രൂപ്പുകള്‍, കാര്‍ഷികഉല്പാദന സംഘടനകള്‍ (എഫ്പിഒ), കൃഷി അനുബന്ധ മൈക്രോ സ്മാള്‍ മീഡിയം സംരംഭങ്ങള്‍, എക്സ്പോട്ടേര്‍സ്, കൃഷിക്കൂട്ടങ്ങള്‍ തുടങ്ങിയവര്‍ക്ക് www.vaigakerala.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റര്‍ചെയ്യാം.
ഫോണ്‍ : 9387877557, 9846831761.

 

സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക, ന്യൂനപക്ഷ, വിഭാഗങ്ങളില്‍ വനിതകള്‍ക്ക് കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കും.18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നു. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ഡിസ്ട്രിക്ട് ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍, പണിക്കന്റത്ത് ബില്‍ഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം. ഫോണ്‍ : 8281552350.
 

ക്വട്ടേഷന്‍
വിനോദസഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും എഗ്രിമെന്റ് കാലാവധി മുതല്‍ ഒരുവര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി  14 ന് ഉച്ചക്ക്ശേഷം രണ്ടു വരെ ഓഫീസില്‍ സ്വീകരിക്കും. വാഹനം മാസവാടകയ്ക്ക് നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരവകുപ്പ് ജില്ലാഓഫീസുമായി നേരിട്ടോ ഫോണ്‍മുഖേനയോ ബന്ധപ്പെടാം.
ഫോണ്‍ : 0468 2326409.
error: Content is protected !!