അടൂര്‍ ഫുട്ഓവര്‍ ബ്രിഡ്ജ് പദ്ധതി:പ്രാഥമിക നടപടിക്ക് തുടക്കമാകുന്നു
അടൂര്‍ ടൗണ്‍ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ നല്‍കിയ കഴിഞ്ഞ ബജറ്റ് നിര്‍ദേശ അംഗീകാരമാണ് ഈ പദ്ധതി. അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലെ യാത്രികരുടെ സൗകര്യാര്‍ഥം വിഭാവനം ചെയ്ത ഈ പദ്ധതിക്കായി 5.50 കോടി രൂപ അടങ്കല്‍ ആണ് വകയിരുത്തിയിട്ടുള്ളത്.
പന്തളത്തും മറ്റൊരു ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സാധ്യമാക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല. ഈ സാമ്പത്തിക വര്‍ഷത്തിനു മുമ്പ് തന്നെ പദ്ധതിയുടെ ടെന്‍ഡറിങ് ക്രമീകരിക്കുന്നതിന് വേണ്ടി അനുബന്ധ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കി കഴിഞ്ഞതായും
അഞ്ചാംക്ലാസ് പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബവാര്‍ഷിക വരുമാനം 2,00,000 രൂപയോ അതില്‍ കുറവുള്ളതോ ആയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
പ്രവേശനം ആഗ്രഹിക്കുന്ന പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരും നടപ്പുവര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ ജാതി, വരുമാനം പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 20നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ മാതൃക ജില്ലാ/ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ www.scdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ലഭിക്കും. ഫോണ്‍ : 0468 2 322 712.
യത്നം ധനസഹായ പദ്ധതി
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിനായുളള സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് യത്നം. ആറുമാസം വരെയുളള പരിശീലനത്തിന് 6000 രൂപയും പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സര്‍വീസ്, ആര്‍.ആര്‍.ബി, യു.ജി.സി, നെറ്റ്, ജെ.ആര്‍.എഫ്, സിഎറ്റി/എംഎറ്റി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പരമാവധി 40000 രൂപയും അനുവദിക്കും. പരിശീലനാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് ഇനത്തില്‍ 2000 രൂപ പരമാവധി 10 മാസത്തേക്ക് അനുവദിക്കും. ജില്ലയിലെ താത്പര്യമുളള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ഫെബ്രുവരി 10നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിലാസം : ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട. വെബ്സൈറ്റ് : https://sjd.kerala.gov.in, ഫോണ്‍ : 0468 2 325 100.
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ശുചീകരണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ഫോണ്‍ : 9497 713 258.
കിറ്റ്സില്‍ എം.ബി.എ കോഴ്സിന് അപേക്ഷിക്കാം
ടൂറിസം വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വകാലാശാലയില്‍ നിന്നും ഏതെങ്കിലും
വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി, കെമാറ്റ്/സിമാറ്റ്/സിഎറ്റി യോഗ്യതയും ഉളളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍: 9446 529 467, 9847 273 135, 0471 2 327 707.
ടെന്‍ഡര്‍
ചാത്തങ്കരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ആഞ്ഞിലിമരം മുറിക്കുന്നതിന് ലേലം ചെയ്തു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13ന് പകല്‍ അഞ്ചു വരെ. ഫോണ്‍ : 0469 2 732 655.
ഏകദിന പരിശീലനവും കലണ്ടര്‍ പ്രകാശനവും നടത്തി
ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപന മേധാവികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്ററില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ നിര്‍വഹിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ എത്തപ്പെടുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ കാണണമെന്നും, സ്ഥാപനത്തിലെത്തുന്ന കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമം 2015 പ്രകാരം ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന തയ്യാറാക്കിയ ടേബിള്‍ ടോപ് കലണ്ടര്‍ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ കമ്മീഷന്‍ അംഗം അഡ്വ. സുനന്ദയ്ക്ക് നല്‍കി പ്രകാശനം നടത്തി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. രാജീവ്, സിഡബ്ല്യൂസി അംഗം സുനില്‍ പേരൂര്‍, ജില്ലാവനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ്, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം, അഞ്ചു മേരി ജോസ്, എലിസബത്ത് ജോസ്, പി.ആര്‍ സ്മിത, ജോബിന്‍ കെ. ജോയ് എന്നിവര്‍ പങ്കെടുത്തു.
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2022 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള കലണ്ടര്‍ വര്‍ഷത്തില്‍ അവസാന വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരളത്തിന് അകത്തുളള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, റ്റിറ്റിസി, ഐടിഐ, പോളിടെക്നിക്, ജനറല്‍ നേഴ്സിംഗ്, ബി എഡ്, മെഡിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഫോം ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 15വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോണ്‍ : 0468 2 327 415.
അവലോകന യോഗം ഫെബ്രുവരി എട്ടിന്
2022-23ലെ ശബരിമല ഉത്സവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
ഹിന്ദുമത പരിഷത്ത്: യോഗം ഫെബ്രുവരി രണ്ടിന്
ഹിന്ദുമത പരിഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധി രാജ മന്ദിരത്തില്‍ നടക്കും.
ഗാന്ധി സ്മൃതിയില്‍ ഇലന്തൂര്‍ ഉണര്‍ന്നു
ഇലന്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും, സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തില്‍ ഗാന്ധിസ്മൃതി സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ. ജെ സിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ ലെജു പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ പ്രകാശ്, പിടിഎ പ്രസിഡന്റ് എസ്.വി.വിജയന്‍, ഹെഡ്മിസ്ട്രസ്സ് കെ.എം സെലീന, അധ്യാപകന്‍ പി ജി ആനന്ദന്‍,സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ പി വി സുജ, ബിആര്‍സി ട്രെയിനര്‍ ജിജി സാം, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ബെന്‍സിലാല്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തിന് ശേഷം എസ്എസ്‌കെ ജില്ലാ ഡോക്യുമെന്റേഷന്‍ ടീം ഗാന്ധിജിയുടെ ജില്ലയിലെ സന്ദര്‍ശനം പ്രമേയമാക്കി തയ്യാറാക്കിയ ‘പഥം’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടത്തി. ഗാന്ധിജിയെ നേരില്‍ക്കണ്ട് ഗാന്ധിയന്‍ ആശയങ്ങള്‍ ഇന്നും ജീവിതചര്യയാക്കിയ കൊച്ചുകുഞ്ഞിനെ സമഗ്രശിക്ഷ ജില്ലാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ്എസ്‌കെ – ഇലന്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും, സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തില്‍ ഗാന്ധിസ്മൃതി സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ആറാം ക്ലാസ്പ്രവേശന തീയതി നീട്ടി
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട് വരെ നീട്ടിയതായി നവോദയ പ്രിന്‍സിപ്പല്‍ വി .സുധീര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂര്‍ നോളജ് സെന്ററില്‍ പിഎസ്‌സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിംഗ് വിത്ത് ലാപ്ടോപ് ടെക്നോളജി, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും അഡ്മിഷന്‍ തുടരുന്നു. ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9526 229 998
കട്ടില്‍ വിതരണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതി പ്രകാരം പഞ്ചായത്തിലെ എസ്.സി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട 131 കുടുംബങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി ജി. നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, ജെ. പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീശ് കുമാര്‍, അസി. സെക്രട്ടറി ദീപ എം. നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഖില എന്നിവര്‍ പങ്കെടുത്തു.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍
പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കായി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ കെ.ജി.എം.ഒ.എ ഹാളില്‍ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ആരോഗ്യ സംവിധാനത്തിലുമുള്ള (അലോപ്പതി, ആയുഷ്, ഹോമിയോ) സ്വകാര്യആശുപത്രി / ക്ലിനിക് ജീവനക്കാരും വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി (ആരോഗ്യം) അറിയിച്ചു.