Trending Now

വിവിധ മേഖലകള്‍ തിരിച്ച് സംഘടിപ്പിച്ച തൊഴില്‍മേള വിജയകരം: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

ഉദ്യോഗാര്‍ഥികള്‍ക്കായി മെഡിക്കല്‍, പാരാമെഡിക്കല്‍, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകള്‍ തിരിച്ച് സംഘടിപ്പിച്ച തൊഴില്‍മേള വിജയകരമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ വിഭാഗവും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

 

ഇന്ത്യയിലെ പ്രമുഖമായ മുപ്പത്തിയഞ്ചോളം സ്ഥാപനങ്ങളാണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഫലപ്രദമായി ഇടപെടുന്നതിന് കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയ ഭാരവാഹികളെ എംഎല്‍എ അനുമോദിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കായാണ് മേള സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അന്‍ഫല്‍ നൗഷാദ്, ജസ്റ്റീന സാജന്‍, എ. ഭവ്യ, ജോഹാന്‍ സക്കറിയ വൈയ്യിഫ് എന്നിവരെ എംഎല്‍എ ആദരിച്ചു.

 

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ലി, വിഎച്ച്എസ്ഇ ചെങ്ങന്നൂര്‍ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. സിന്ധു,  സിജിസിസി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. ഷാജി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. സുഭാഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ആന്‍സി വര്‍ഗീസ്,  എം.വി. സുധാകരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു കെ.ജി. കുറുപ്പ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റ്റി. സുജ, അധ്യാപകര്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!