Trending Now

ലഹരിയുടെ ആസക്തി അപകടകരമെന്ന് തിരിച്ചറിയണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ലഹരിയുടെ ആസക്തി അപകടകരമെന്ന് സമൂഹം തിരിച്ചറിയണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നവര്‍ക്കുള്ള പരിശീലന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചാണ് റാന്നി ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ് എന്ന പദ്ധതി റാന്നി മണ്ഡലത്തില്‍ നടത്തുന്നത്. റെയിന്‍ പദ്ധതി ജനകീയമായി മാറുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഭാവി വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാര്‍ഥികള്‍ ലഹരിയുടെ ആസക്തിയില്‍ നിന്ന് സമൂഹത്തെ കൈപിടിച്ച് ഉയര്‍ത്തേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാട് കൊണ്ടുമാണ് വിദ്യാര്‍ഥികളെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നതെന്നും എംഎല്‍എ പറഞ്ഞു. ഈ വിഷയത്തില്‍ ലഭ്യമാകുന്ന നേതൃത്വത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ പോരാടാന്‍ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു.

മൂന്ന് ഘട്ടമായിട്ടാണ് റെയിന്‍ പദ്ധതി നടത്തുന്നത്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്‌സ് ടീമിനെ രൂപീകരിച്ച് അവര്‍ക്ക് പരിശീലനം നല്‍കുകയാണ് ആദ്യം ഘട്ടത്തില്‍. ഇങ്ങനെ പരിശീലനം നേടിയവര്‍ മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ അവബോധ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകും. റാന്നിയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ്, പോളീ ടെക്‌നിക്, ഐടിഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ ആര്‍മി എസ്പിസി മാതൃകയില്‍ രൂപീകരിച്ചു.

 

രണ്ടാംഘട്ടത്തില്‍ കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകര്‍ത്താക്കള്‍ക്ക് അവബോധം നല്‍കും. അതിനുശേഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗല്‍ഭ രെ ഉള്‍പ്പെടുത്തി ജാഗ്രത സമിതികളും രൂപീകരിക്കും. തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്ക് ചുറ്റും ലഹരി വിരുദ്ധ ഗ്രാമസഭയും ചേരും. കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ മേല്‍ അവരെ സഹായിക്കുവാനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് ഭാഗമായി സ്റ്റുഡന്‍സ് സെന്ററും റാന്നിയില്‍ തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.

 

വിദ്യാഭ്യാസ മേഖലയില്‍  സമഗ്രമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജ്വാല, നോളജ് വില്ലേജ് പോലെയുള്ള പദ്ധതി ഇതിനോടകം മണ്ഡലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതിനൊപ്പമാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള എംഎല്‍എയുടെ ഇടപെടല്‍.
മുന്‍ ജില്ല കളക്ടറായ പി.വേണുഗോപാല്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍ പ്രസാദ്, റാന്നി ഡിവൈഎസ്പി സന്തോഷ് കുമാര്‍, സ്മിതാ ചന്ദ്രന്‍, സന്തോഷ് ബാബു, ദിശ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷിജു എം. സാംസണ്‍,  ഫാ. സാം. പി.ജോര്‍ജ് , വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.