Trending Now

ഗോവ ഗവർണറും മുഖ്യമന്ത്രിയും ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലുകളായി

രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് ഗോവ രാജ്ഭവനിൽ ദേശീയോദ്ഗ്രഥന വരയരങ്ങ് നവ്യാനുഭവമായി

ഗോവ രാജ്ഭവനിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് വിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് ഇൻഫോടൈൻമെന്റ് കലാരൂപം അരങ്ങേറി. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, കേന്ദ്ര ഗതാഗതവകുപ്പ്, ടൂറിസം സഹമന്ത്രി ശ്രീപദ് നായിക് എന്നിവർ ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലാകാൻ ഗോവ രാജ് ഭവനിലെ വേദി യിലേക്ക് കയറിയപ്പോൾ മന്ത്രിമാരും എം പി മാരും എം എൽ എ മാരും മുതിർന്ന ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരും നിറഞ്ഞിരുന്ന സദസ്സ് കയ്യടിയോടെ പ്രോത്സാഹനമേകി.

 

ഗവർണർ പി എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ട സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, അടൽ ബിഹാരി വാജ്പേയി, റാം മനോഹർ ലോഹ്യ, ഛത്രപതി ശിവജി മഹാരാജ്, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നിവരുടെ രേഖാചിത്രങ്ങൾ ഇരുകൈകളും ഒരു പോലെ ഉപയോഗിച്ച് ജിതേഷ്ജി മിന്നലിനെ വെല്ലുന്ന വേഗത്തിൽ വരച്ചപ്പോൾ സദസ്സ് ആവേശഭരിതരായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും സ്വാതന്ത്ര്യ സമരസേനാ നി വീര സവർക്കറിനെയും വരയ്ക്കാനാണ് ഗോവ മുഖ്യമന്ത്രി ഡോ : പ്രമോദ് സാവന്ത് നിർദ്ദേശിച്ചത്. അതും സെക്കണ്ടുകൾക്കുള്ളിൽ വരച്ചുതീർത്ത ശേഷം ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ്, മംഗൾ പാണ്ഡേ, ബാലഗംഗാധര തിലക് തുടങ്ങിയ മഹാൻമാരായ സ്വാതന്ത്ര്യസമരനേതാക്കളെയും ഇന്ദിരാഗാന്ധി, ഡോ മൻമോഹൻ സിംഗ് തുടങ്ങിയ മുൻപ്രധാനമന്ത്രിമാരെയും വരക്കാൻ ജിതേഷ്ജി മറന്നില്ല.

 

വരയ്ക്കൊപ്പം ഇംഗ്ലീഷിൽ കവിത തുളുമ്പുന്ന ഭാഷണവും ഗോവയുടെ പ്രേക്ഷകർക്ക് ഹൃദയസ്പർശിയായ നവ്യാനുഭമായി.
ഇടയ്ക്ക് സദസ്സിൽ ഉപവിഷ്ഠനായിരുന്ന കേന്ദ്ര ഗതാഗത , ടൂറിസം സഹമന്ത്രി ശ്രീപദ്നായിക്കിനെയും സ്റ്റേജിലേക്ക് ക്ഷണിച്ച് മോഡലാക്കി വരയ്ക്കാൻ മാസ്മരിക വരവേഗം കൊണ്ട് ലോകശ്രദ്ധയാർജ്ജിച്ച ജിതേഷ്‌ജി മറന്നില്ല.

ദേശീയ ഗാനം എഴുതിയ ടാഗോറിനെ അദ്ദേഹംത്തിന്റെ ഗീതാഞ്ജലിയിലെ മുപ്പത്തിനാലാമത്തെ കവിതചൊല്ലി വരച്ച്‌ ജിതേഷ്ജി വരവന്ദനത്തിന് വിരാമമിട്ടപ്പോൾ വി വി ഐ പി കൾ നിറഞ്ഞ പ്രൌഡഗംഭീരസദസ്സിന് അക്ഷരാർത്ഥത്തിൽ തന്നെ മനസ്സ്നിറഞ്ഞു. മനോഹരമായ കടൽത്തീരം ഏറെയുള്ള ഗോവയിൽ വാക്കിന്റെ കടലിരമ്പവും വരയുടെ ഇടിമിന്നൽ വേഗവും

വരയരങ്ങിലൂടെ ആസ്വദിച്ചറിയുകയായിരുന്നു ഗോവയുടെ പ്രൌഡപ്രേക്ഷകർ.
സ്റ്റേജിൽ നിന്ന് വരയരങ്ങ് പൂരത്തീകരിച്ച്‌ സദസ്സിലേക്ക് ചെന്ന മലയാളി ചിത്രകാരനു ചുറ്റും സെൽഫി ക്യാമറകളുമായി ചെന്ന ഗോവ നിവാസികളും രാജ്ഭവനിൽ വേറിട്ട കാഴ്ചയായി.
സോഷ്യൽമീഡിയയിൽ തന്റെ വേഗവര വീഡിയോകൾക്ക് ഒരു കോടിയിലേറെ പ്രേക്ഷകരുള്ള ഇന്ത്യൻ ചിത്രകാരനാണ് ജിതേഷ്ജി.

2008 ൽ വെറും 5 മിനിറ്റിനുള്ളിൽ 50 പ്രശസ്തരുടെ ചിത്രം ഇരുകൈകളും ഒരേ പോലെ ഉപയോഗിച്ച് അരങ്ങിൽ വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്.
അതിദ്രുതചിത്രരചനയ്ക്കൊപ്പം പശ്ചാത്തല സംഗീതവും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ അധികരിച്ചുള്ള കുറിക്കുകൊള്ളുന്ന നർമ്മഭാഷണവും കവിതയും വിസ്മയാനുഭവങ്ങളുമൊക്കെ സമഞ്ജസമായി സമന്വയിക്കുന്ന ഇൻഫോടൈൻമെന്റ് കലാരൂപമാണ് ജിതേഷ്ജി 1990 ൽ ആവിഷ്കരിച്ച വരയരങ്ങ്.

വരയരങ്ങ് തനതുകലാരൂപത്തിന്റെ ട്രെയ്ഡ് മാർക്ക് പേറ്റന്റും വേർഡ് മാർക്ക് പേറ്റന്റ് അവകാശങ്ങളും ജിതേഷ്ജി എന്ന ഈ പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ്. 20 ലേറെ വിദേശരാജ്യങ്ങളിലെ അന്താരാഷ്ട്രവേദികളിലടക്കം പതിനായിരത്തോളം അരങ്ങുകളിൽ വരയരങ്ങ് എന്ന വരവേഗവിസ്മയമൊരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര സ്വദേശിയാണ് ചിത്രകലയെ രംഗകലയാക്കി മാറ്റിയ ജിതേഷ്ജി എന്ന പെർഫോമിംഗ്‌ ചിത്രകാരൻ.

error: Content is protected !!