Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/01/2023)

കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം പറഞ്ഞ് ചുവട് 2023
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസിന്റെ ഭാഗമായി ചുവട് 2023 ക്യാമ്പയിനില്‍ നടന്നു. എല്ലാ എ.ഡി.എസിലും ബാലസഭാ കുട്ടികള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റു സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിളംബരറാലിയും സംഘടിപ്പിച്ചു. ഇരുപത്തഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് അംഗങ്ങളുടെയും ബാലസഭാ കുട്ടികളുടെയും വിവിധതരം പരിപാടികള്‍ നടന്നു. മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, വയോജന അംഗങ്ങള്‍, ബാലസഭാ കുട്ടികള്‍, ഉന്നത വിജയം കൈവരിച്ച കുട്ടികള്‍, പ്രശസ്ത വ്യക്തികള്‍ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് വലിയകാലായില്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, കല അജിത്ത്, വാര്‍ഡ് അംഗങ്ങള്‍, കേരള നാടന്‍ കലാ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ, ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എ. ഗോകുലേന്ദ്രന്‍, ജില്ലാ പ്രോഗ്രം മാനേജര്‍ അനുപ, മുന്‍ ജില്ലാ പ്രോഗ്രം മാനേജര്‍ ഉണ്ണികൃഷ്ണന്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചനീയര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31ന് രാവിലെ 11.30ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബി ടെക് ബിരുദമാണ് യോഗ്യത.

ഗതാഗത നിയന്ത്രണം
തോന്നല്ലൂര്‍ ആദിക്കാട്ടുകുളങ്ങര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കായംകുളം പത്തനാപുരം റോഡില്‍ പത്താംകുറ്റി ഭാഗത്തു നിന്നും പന്തളത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശ്ശനാട് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തണ്ടാനുവിള-കുരമ്പാല വഴി പന്തളത്തേക്ക് എത്തേണ്ടതും പന്തളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കുരമ്പാലയില്‍ നിന്നും തിരിഞ്ഞ് ഇതേറൂട്ടില്‍ തന്നേ പോകണമെന്നും അടൂര്‍ നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ശുചിത്വമിഷന്‍ ഹാക്കത്തോണ്‍: ജനുവരി 31 വരെ അപേക്ഷിക്കാം
ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തദ്ദേശസ്വയംഭരണ വകുപ്പിന് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി നാലു മുതല്‍ ആറു വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീന്റെ ജിഎക്സ് കേരള 23 ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.

മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശനപരിഹാരത്തിനുള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരികയെന്നതാണ് ഹാക്കത്തോണിലൂടെ ലക്ഷ്യം വെക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫ്രബ്രുവരി അഞ്ചാം തീയതി ഗ്ലോബല്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും.

 

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 25000 രൂപ, രണ്ടാം സ്ഥാനം 15000 രൂപ, മൂന്നാം സ്ഥാനം 10000 രൂപ എന്ന നിരക്കില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ആശയങ്ങളിലെ പുതുമയും ആഴവും, ആവിഷ്‌ക്കരണത്തിലുള്ള അവധാനത, പ്രാവര്‍ത്തികമാക്കുന്നതിലുള്ള സാധ്യതകള്‍, പ്രായോഗികത, ഭാവിയിലെ സാധ്യതകള്‍, വാണിജ്യ മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലായിരിക്കും വിധി നിര്‍ണ്ണയിക്കുന്നത്. ഹാക്കത്തോണില്‍ പങ്കെടുക്കുന്നതിനായി https://suchitwamission.org/see- all എന്ന ലിങ്ക്‌സന്ദര്‍ശിക്കുക.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. രജിസ്ട്രേഷന്‍ സൗജന്യം. വെബ് സൈറ്റ് : www.suchitwamission.org.

 

അപേക്ഷ ക്ഷണിച്ചു
പി.എം.എഫ്.എം.ഇ പദ്ധതിയില്‍ ജില്ലയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭകരെ കണ്ടെത്തി അവരുടെ പദ്ധതി നിര്‍വഹണത്തിനാവശ്യമായ ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, പ്രോജക്ടുകള്‍ തയ്യാറക്കല്‍, ബാങ്കുമായി ബന്ധപ്പെടുത്തി വായ്പ അനുവദിക്കല്‍ തുടങ്ങി കൈത്താങ്ങ് സഹായം ചെയ്യുന്നതിനായി ഗവണ്‍മെന്റ്, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് റിട്ടയര്‍ ചെയ്തിട്ടുള്ളതോ, പ്രോജക്ട് നടത്തിപ്പില്‍ വൈദഗ്ദ്ധ്യം ഉള്ളവരോ, കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നതോ ആയ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പ്രോജക്ട് നടത്തിപ്പിന് കൈത്താങ്ങ് സഹായം നല്‍കാന്‍ സാധിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യം ഉള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] ലേക്ക് അപേക്ഷ സര്‍പ്പിക്കണം.

ശ്രവണ സഹായി വിതരണ ക്യാമ്പ്
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇ.എന്‍.റ്റി വിഭാഗവും കോഴിക്കോട് സി.ആര്‍.സിയും സംയുക്തമായി ചേര്‍ന്ന് അഡിപ് സ്‌കീമിന്റെ ഭാഗമായി കേള്‍വി വൈകല്യമുളളവര്‍ക്ക് ശ്രവണ സഹായി വിതരണ ക്യാമ്പ് നടത്തും. മാസവരുമാനം 30,000 രുപയില്‍ താഴെയുളളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ മൂന്നു വര്‍ഷത്തിനുളളില്‍ മറ്റു കേന്ദ്ര സംസ്ഥാന പദ്ധതികളില്‍ നിന്ന് കേള്‍വി സഹായി കിട്ടിയിട്ടുളളവര്‍ ആകരുത്. (12 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് ഇത് ഒരു വര്‍ഷം). രജിസ്റ്റര്‍ ചെയ്യുവാന്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 40% കുറയാത്ത കേള്‍വി വൈകല്യ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുമായി കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.റ്റി ഒപി യില്‍ ഫെബ്രുവരി ആറാം തീയതിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അര്‍ഹരായ 30 പേര്‍ക്കാണ് കേള്‍വി സഹായി ലഭിക്കാന്‍ അര്‍ഹതയുളളത്.

ജലാശയ നവീകരണം; ഉദ്ഘാടനം
വള്ളിക്കോട് പഞ്ചായത്തിലെ മൈലക്കുളം ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന ആസാദി കാ അമൃത് മഹോത്സവ് പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗരന്‍ ഇടമന തോമ്പില്‍ ഗോപാലകൃഷ്ണന്‍ നായര്‍ ശിലാസ്ഥാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, വാര്‍ഡ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.സുഭാഷ്, വാര്‍ഡ് അംഗങ്ങളായ എം.വി. സുധാകരന്‍, അഡ്വ.തോമസ് ജോസ് അയ്യനേത്ത്, പ്രസന്നകുമാരി, ജോയിന്റ് ബി.ഡി.ഒ. ജോണ്‍, കൃഷി ഓഫീസര്‍ രഞ്ജിത്ത്, എന്‍ആര്‍ജി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാലിന്യ മുക്ത കേരളം കാമ്പയിന്‍
മാലിന്യങ്ങള്‍ വലിച്ചെറിയല്‍ മുക്ത കേരളം എന്ന കാമ്പയിന്റെ ഭാഗമായി വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ലെ കുറ്റിയില്‍ പടിയിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ പ്രതിജ്ഞ ചൊല്ലി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, എം.വി സുധാകരന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, പി.ജെ രാജേഷ്, മിനി തോമസ്, സന്ധ്യ വിവിധ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.