കുടുംബശ്രീ രജത ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് നടന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമം ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ മഞ്ഞിനിക്കര വാര്‍ഡിലെ തണല്‍ അയല്‍ക്കൂട്ടം സന്ദര്‍ശിക്കുകയും സന്ദേശം കൈമാറുകയും ചെയ്തുകൊണ്ട് അയല്‍ക്കൂട്ട സംഗമ പരിപാടിക്ക് തുടക്കം കുറിച്ചു.
ജനുവരി 26 മുതല്‍ കുടുംബശ്രീ ദിനമായ മെയ് 17 വരെ വ്യത്യസ്തമായ പരിപാടികളോട് കൂടി രജത ജൂബിലി ആഘോഷങ്ങള്‍ നടത്തുന്നതിനാണ് തുടക്കമിട്ടിരിക്കുന്നത്. ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെ ജീവിതത്തിലും സമൂഹത്തിലും കുടുംബശ്രീ മുഖേന ഉണ്ടായ മാറ്റം,അയല്‍ക്കൂട്ട കുടുംബങ്ങളുടെയും അയല്‍ക്കൂട്ട പരിധിയിലുള്ള കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ അയല്‍ക്കൂട്ടത്തിലും ചര്‍ച്ചകള്‍ നടന്നു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവി, ബ്ലോക്ക് മെമ്പര്‍ വി.ജി ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മനോജ് കുമാര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, മറ്റു ഗ്രാമപഞ്ചായത്ത് ജനപ്രനിധികള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളി, കുടുംബശ്രീ ജില്ലാ പ്രോഗാം മാനേജര്‍ എസ്.അജിത്,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി ,സി ഡി എസ് അംഗങ്ങള്‍ എന്നിവര്‍ വിവിധ അയല്‍ക്കൂട്ടങ്ങള്‍ സന്ദര്‍ശിച്ചു.