Trending Now

അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത്: ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍

വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ 111 -ാമത് അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങള്‍  മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്
ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധിരാജ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി അഞ്ച് മുതല്‍ 12 വരെ നടത്തുന്ന ഹിന്ദുമത പരിഷത്തിനായി എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതെ ഇറിഗേഷന്‍ വകുപ്പ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കും. എല്ലാ വകുപ്പുകളും തിരക്ക് മനസിലാക്കി അതിന് വേണ്ട തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് മികവുറ്റതാക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടേയും സംഘാടകസമിതിയുടേയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. വെള്ളിയാഴ്ചത്തെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കിയോയെന്ന് പരിശോധിക്കുന്നതിന് എംഎല്‍എയുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ അവലോകനയോഗം നടത്തുമെന്നും ആവശ്യമായ പ്രാഥമിക ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

ഒരു നാടിന്റെ സംസ്‌കാരത്തെ വിളിച്ചോതുന്ന തരത്തിലുള്ള വലിയ സംഗമമാണ് അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മുഴുവന്‍ വകുപ്പുകളുടേയും ഏകോപനത്തില്‍ ശബരിമലയിലെ തീര്‍ഥാടനം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അത്തരത്തില്‍ തന്നെ അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷനും പൂര്‍ത്തീകരിക്കും. സംഘാടക മികവില്‍ യാതൊരു പിഴവുകളുമില്ലാതെ ഇത് പൂര്‍ത്തിയാക്കുമെന്നും മികച്ച മേല്‍നോട്ടത്തിനായി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ച കാര്യക്ഷമമായി നടത്തിയെന്നും തീരുമാനങ്ങള്‍ മികച്ച രീതിയില്‍ പ്രായോഗികമാക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഈ മാസം മുപ്പതിന് മുന്‍പ് എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച് ഹിന്ദുമത പരിഷത്തിനായി പ്രദേശം ഒരുങ്ങുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് മുന്‍പ് പമ്പാനദിയുടെ സംരക്ഷണം, ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമിട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മാരത്തണ്‍ സംഘടിപ്പിക്കും. ആറന്മുള അമ്പലത്തില്‍ നിന്ന് ദീപം ഏറ്റുവാങ്ങി കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ നിന്ന് ആരംഭിച്ച് ചെറുകോല്‍പ്പുഴയില്‍ എത്തിച്ചേരും.

കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.  പരിഷത്ത് നഗറിലെ താല്‍ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തും. പരിഷത്ത് നഗറിന്റെ പരിസരത്തുള്ള കാടും പടര്‍പ്പുകളും മണ്‍പുറ്റുകളും ഉടനടി മേജര്‍ ഇറിഗേഷന്‍ നീക്കം ചെയ്യും. പരിഷത്ത് നഗറിലേക്കുള്ളത് ഉള്‍പ്പെടെയുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം നടത്തും.

പരിഷത്തിന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. അയിരൂര്‍- ചെറുകോല്‍പ്പുഴയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിക്കും.  വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേത് പോലെ ഏര്‍പ്പെടുത്തും. ഡിസ്പെന്‍സറുകളുടേയും ടാപ്പുകളുടേയും എണ്ണം കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിപ്പിക്കും. രണ്ട് ആര്‍.ഒ യൂണിറ്റുകളും അഞ്ച് വാട്ടര്‍ കിയോസ്‌ക്കുകളും പരിഷത്ത് നഗറില്‍ സ്ഥാപിക്കും.

പരിഷത്ത് നഗറില്‍ ആരോഗ്യവകുപ്പ് പ്രഥമശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. നഗറില്‍ താത്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. പരിഷത്ത് നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും ഫോഗിംഗും കുറ്റമറ്റ രീതിയില്‍ നടപ്പാക്കും.  പരിഷത്ത് ആരംഭിക്കുന്നതിന് മുന്‍പ് ഹോട്ടലുകളില്‍ പരിശോധന നടത്തും.

പരിഷത്ത് നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പോലീസ് നിര്‍വഹിക്കും. ഒരു ഡിവൈഎസ്പിയും, രണ്ട് സിഐ മാരുമടങ്ങുന്ന 150 പോലീസ് ഉദ്യോഗസ്ഥരെ പരിഷത്ത് നഗറില്‍ വിന്യസിക്കും. പോലീസ് കണ്‍ട്രോള്‍ റൂം പരിഷത്ത് നഗറില്‍ ആരംഭിക്കും. പരിഷത്ത് നഗറിലും പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി പൂര്‍ത്തിയാക്കും.

റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. പരിഷത്ത് കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്തും. താത്കാലിക ശുചിമുറികള്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാറിനെ ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, സെക്രട്ടറി എ.ആര്‍. വിക്രമന്‍ പിള്ള, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, അഡ്വ. കെ.ഹരിദാസ്, ജോ. സെക്രട്ടറിമാരായ അഡ്വ. ഡി. രാജഗോപാല്‍, അനിരാജ് ഐക്കര, ട്രഷറര്‍ സോമനാഥന്‍ നായര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!