
സന്നിധാനത്ത് ദര്‍ശനം ഇനി മൂന്ന് നാള്‍ കൂടി
ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനമവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു. ഇതോടെ സന്നിധാനത്തേക്കെത്തുന്ന ഭക്തര്‍ ആവശ്യാനുസരണം സമയമെടുത്ത് അയ്യപ്പനെ കണ്‍നിറയെ കണ്ട് മനം നിറഞ്ഞാണ് മടങ്ങുന്നത്. വലിയ നടപ്പന്തലിലെ തീര്‍ത്ഥാടകരുടെ നീണ്ട നിര ഞായറാഴ്ച്ച ഉച്ചയോടെ അവസാനിച്ചു.
വലിയ നടപ്പന്തലില്‍ കാത്ത് നില്‍ക്കാതെ പതിനെട്ടാംപടിയിലെ തിക്കും തിരക്കും ഒഴിഞ്ഞ് അയ്യപ്പ സന്നിധിയിലെത്തി ദര്‍ശന സായൂജ്യമണഞ്ഞ് മടങ്ങുന്നതിന്റെ സംതൃപ്തിയാണ് തീര്‍ത്ഥാടനകാലത്തിന്റെ അവസാന ദിവസങ്ങളില്‍ ശബരിമലയിലേക്കെത്തുന്ന ഭക്തര്‍ക്കുള്ളത്. തിരക്കൊഴിഞ്ഞ ദര്‍ശന ഭാഗ്യത്തിനൊപ്പം കൗണ്ടറുകളില്‍ നിന്ന് വലിയ കാത്ത് നില്‍പ്പില്ലാതെ ആവശ്യാനുസരണം അപ്പവും അരവണയും വാങ്ങി മടങ്ങാനും ഭക്തര്‍ക്കാവുന്നുണ്ട്. ഇത്തവണത്തെ മകര ജ്യോതി ദര്‍ശനത്തിനും മകര സംക്രമ പൂജക്കും ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മകരവിളക്കാഘോഷത്തിന് ശേഷവും ഞായറാഴ്ച്ച ഉച്ചവരെ ഇടമുറിയാതെ ഭക്തരുടെ തിരക്കനുഭവപ്പെട്ടിരുന്നു. മകരജ്യോതി ദര്‍ശനത്തിനായി എത്തി സന്നിധാനത്ത് തമ്പടിച്ചിരുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയിരുന്ന ഭക്തര്‍ പൂര്‍ണ്ണമായി തിരികെ പോയി കഴിഞ്ഞു. സംസ്ഥാനത്തിനുള്ളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സന്നിധാനത്തേക്ക് കൂടുതലായി എത്തി. തിരക്ക് കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സന്നിധാനത്ത് പടി പൂജ നടന്നു. ഈ മാസം പത്തൊമ്പത് വരെയാണ് സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനവസരം ലഭിക്കുക. ഭക്തരുടെ തിരക്കൊഴിഞ്ഞതോടെ സന്നിധാനവും പരിസരവും ശുചീകരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
മകരവിളക്ക് :കെ എസ് ആര്‍ ടി സിക്ക് പമ്പയില്‍ ലഭിച്ചത് 31 ലക്ഷം
മകരവിളക്ക് ദര്‍ശനത്തിന് ശേഷം സന്നിധാനത്തു നിന്ന് പമ്പയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് യാത്രാ ക്രമീകരണമൊരുക്കിയതിലൂടെ കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത് 31 ലക്ഷം രൂപ. മകരവിളക്ക് ദര്‍ശനശേഷമുള്ള ഭക്തരുടെ മടക്കത്തിലൂടെ ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച്ച അര്‍ധരാത്രി വരെയുള്ള കണക്കാണിത്. കുറ്റമറ്റരീതിയിലായിരുന്നു കെ എസ് ആര്‍ ടി തീര്‍ത്ഥാടകരുടെ മടക്കയാത്രക്കായുള്ള ബസ് സര്‍വ്വീസുകള്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ഓടിച്ചത്.
തടസ്സങ്ങള്‍ ഒന്നുമില്ലാതെ നേരം പുലരുന്നതിനു മുന്‍പ് പരമാവധി തീര്‍ഥാടകരെ പമ്പയില്‍ നിന്നു മടക്കി അയക്കാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. മകരവിളക്ക് ദര്‍ശനത്തിനുശേഷവും തൊട്ടടുത്ത ദിവസവുമായി 996 ദീര്‍ഘദൂര സര്‍വ്വീസുകള്‍ പമ്പയില്‍ നിന്ന് നടന്നു.മറ്റ് ഡിപ്പോകളില്‍ നിന്ന് നടന്ന കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസുകളും അധിക വരുമാനം നേടി കൊടുത്തു.
സര്‍വ്വീസുകള്‍ ക്രമീകരിച്ചതിനൊപ്പം ഏറ്റവും തിരക്കേറിയ ശനിയാഴ്ച്ച രാത്രിയില്‍ നിരത്തില്‍ തടസ്സങ്ങളില്ലാതെ സര്‍വ്വീസ് നടത്തുന്നതിനും ഇത്തവണ കെ എസ് ആര്‍ ടി സി ശ്രദ്ധ പുലര്‍ത്തി.
തങ്ങളുടെ ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ അത് നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കി.
യന്ത്ര തകരാര്‍ മൂലം ബസുകള്‍ നിരത്തില്‍ കിടക്കുന്നതൊഴിവാക്കാന്‍ ഇരുചക്രവാഹനത്തില്‍ മെക്കാനിക്കിന്റെ സേവനം നിരത്തില്‍ സാധ്യമാക്കിയിരുന്നു.
അയ്യപ്പ സന്നിധിയില്‍ ചുവടു വെച്ച് സീരിയല്‍ താരം ആഷ്ബിന്‍ അനില്‍
ടെലിവിഷന്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ നന്ദനത്തില്‍ ശ്രീകൃഷ്ണനായി വേഷമിടുന്ന പാലക്കാട് സ്വദേശി ആഷ്ബിന്‍ അനില്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. ഇരുന്നൂറ് പേരടങ്ങുന്ന പഴമ്പാറക്കോട് അയ്യപ്പ സേവാ സംഘത്തിനൊപ്പമാണ് ആഷ്ബിന്‍ ശബരീശ സന്നിധിയില്‍ എത്തിയത്. ദര്‍ശന ശേഷം ആഷ്ബിന്‍ വലിയ നടപ്പന്തലിലെ ശ്രീ ശാസ്ത ഓഡിറ്റോറിയത്തില്‍ കുച്ചുപ്പുടി അവതരിപ്പിച്ചു.
ഏഴ് തവണ അയ്യപ്പ ദര്‍ശനത്തിനെത്തിയിട്ടുള്ള ആഷ്ബിന്‍ ആദ്യമായാണ് അയ്യപ്പ സന്നിധിയില്‍ ചുവട് വച്ചത്. തന്റെ ഗുരു ഗീത പത്മകുമാര്‍ ചിട്ടപ്പെടുത്തിയ ദുര്‍ഗ സ്തുതിയാണ് ആഷ്ബിന്‍ ശബരീശ സന്നിധിയില്‍ അവതരിപ്പിച്ചത്. ആഷ്ബിന്റെ ചടുലമായ ചുവടുകള്‍ സന്നിധാനത്തെത്തിയ ഭക്തരുടെ മനം നിറച്ചു. ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥിയായ ആഷ്ബിന്‍ മൂന്ന് വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്നു. ഉഷയാണ് മാതാവ്. മുമ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ആഷ്ബിന്‍ അയ്യപ്പ സന്നിധിയില്‍ ചുവട് വയ്ക്കുകയെന്ന തന്റെ എക്കാലത്തേയും വലിയ സ്വപ്നം സാക്ഷാത്ക്കരിച്ചാണ് അയ്യപ്പ സന്നിധിയില്‍ നിന്നും തിരികെ ഇറങ്ങിയത്.
ശബരിമലയിലെ ചടങ്ങുകള്‍
( 17.01.2023)
………
പുലര്‍ച്ചെ 4.30 ന് പള്ളി ഉണര്‍ത്തല്‍
5 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
5.05 ന് …. പതിവ് അഭിഷേകം
5.30 ന് … ഗണപതി ഹോമം
5.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11.30 വരെയും നെയ്യഭിഷേകം
12 .15 ന് 25 കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം12.40 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പടിപൂജ
9.30 ന് അത്താഴപൂജ
10 മണിക്ക് മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്ക് എഴുന്നെള്ളത്ത്
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും
അയ്യന്റെ പൂങ്കാവനത്തെ പുണ്യമാക്കി ‘വിശുദ്ധി സേന‘
ശബരിമലയിലെ പ്രധാനമാണ് മെറൂണ്‍ യൂണിഫോമില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവിശുദ്ധിസേന. വലിയ നടപ്പന്തലിലും, പമ്പയിലും, മരക്കൂട്ടത്തും അപ്പാച്ചി മേട്ടിലും, സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഈ ചെറുസംഘങ്ങള്‍ ഭക്തര്‍ക്ക് ശുചിത്വ ബോധമുണര്‍ത്തുന്ന കാഴ്ച കൂടിയാണ്. തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചു നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ ട്രെയിലറുകള്‍ നിറയെ വാരിക്കൂട്ടൂന്ന ഈ സംഘങ്ങള്‍ക്ക് അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യം.
ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ്. 1995ല്‍ രൂപീകൃതമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് കീഴിലാണ് വിശുദ്ധി സേനാഗംങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്‌നാട് അയ്യപ്പസംഘം മുഖേനയാണ്വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്.
ഈ വര്‍ഷം 1000വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 305 പേരാണ് ശുചീകരണത്തിനായുള്ളത്. പമ്പയില്‍ 300 പേരും നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 350 പേരുമാണുള്ളത്. പന്തളത്തും കുളനടയിലും ഇവരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.
കര്‍ണാടക ആഭ്യന്തര മന്ത്രി ദര്‍ശനം നടത്തി
കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശബരിമലയില്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടേന്തി വന്ന മന്ത്രി തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ദര്‍ശനം നടത്തിയത്.