ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി
konnivartha.com : ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവതയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്.. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു.
എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കല്‍ എത്തിയപ്പോള്‍ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന കാരഎള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം, മുന്തിരിഎന്നിവ ചേര്‍ത്തുണ്ടാക്കിയ എള്ളു പായസമാണ് ദേവന് നിവേദിച്ചത്. ജനുവരി ഏഴിനാണ് സംഘം അമ്പലപ്പുഴ ക്ഷേത്രത്തില്‍നിന്ന് യാത്ര തിരിച്ചത്. സമൂഹപ്പെരിയാന്‍ എന്‍.ഗോപാലകൃഷ്ണപിള്ള ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംഘം പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എന്‍ മാധവന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.
പതിനെട്ടുപടികളെയും സാക്ഷിയാക്കി ആലങ്ങാട് യോഗത്തിന്‍റെ കര്‍പ്പൂര താലം എഴുന്നള്ളത്ത്
konnivartha.com : കര്‍പ്പൂര ദീപ്രപഭയാല്‍ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കര്‍പ്പൂര താലം എഴുന്നള്ളത്ത് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് അവര്‍ ഭക്തിയുടെ നെറുകയില്‍ ചുവടുകള്‍ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന തിടമ്പും ചാര്‍ത്തിയാണ് കര്‍പ്പൂര താലം എഴുന്നുള്ളത്ത് നടത്തിയത്. ശുഭവസ്ത്രം ധരിച്ച് വാലിട്ട് കണ്ണെഴുതി, കര്‍പ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങള്‍ ശീവേലിയില്‍ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കല്‍ എത്തിയശേഷം, പടികള്‍ കഴുകി അവയില്‍ കര്‍പ്പൂരപൂജയും ആരാധനയും നടത്തി. തുടര്‍ന്ന് അയ്യപ്പദര്‍ശനത്തനുശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി.
ജനുവരി രണ്ടിന് ആലുവ മണപ്പുറം മഹാദേവക്ഷേത്രത്തില്‍ രഥഘോഷയാത്രയോടെ പുറപ്പെട്ട യോഗക്കാര്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, 11 ന് എരുമേലി പേട്ടതുള്ളലും, 13ന് പമ്പവിളക്കും നടത്തിയ ശേഷമാണ് സന്നിധാനത്ത് എത്തിയത്. 19 ന്മാളികപ്പുറത്തെ ഗുരുതി കണ്ട് തൊഴുത് ഉപചാരം പറഞ്ഞാണ് പടിയിറക്കം. യോഗപെരിയോന്‍ അമ്പാട് എ കെ വിജയകുമാര്‍ യോഗപ്രതിനിധികളായ രാജേഷ് പുറയാറ്റിക്കളരി, ഗിരീഷ്.കെ.നായര്‍, ഷാജി മുത്തേടന്‍, വെളിച്ചപ്പാടുകളായ ആഴകം ജയന്‍, ദേവദാസ് കുറ്റിപ്പുഴ, വേണു കാമ്പള്ളി, അയ്യപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് എത്തിയത്
സന്നിധാനത്ത് പടി പൂജ സമര്‍പ്പിച്ചു