Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/01/2023)


മകരവിളക്ക് ശനിയാഴ്ച

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങള്‍ക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയും വിശേഷാല്‍ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്.
തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍വെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടില്‍വെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. എം.എസ് ജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിക്കും.
തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തില്‍ ഉണ്ടാകും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നടക്കും.
ശനിയാഴ്ച ഉച്ച 12 മണി വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തുമായി ലക്ഷക്കണക്കിന് ഭക്തരാണ് തമ്പടിച്ചിരിക്കുന്നത്. ജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിച്ചു. തുടര്‍ന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകള്‍ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ നടന്നു.

ജ്യോതി ദര്‍ശനത്തിനു ശേഷം സാവധാനം മലയിറങ്ങാം

മകരജ്യോതി ദര്‍ശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്തു നിന്നും സമീപ ഇടങ്ങളില്‍ നിന്നുമായി രണ്ട് പാതകള്‍ ക്രമീകരിച്ച് പോലീസ്. ഏറ്റവും സൗകര്യപ്രദമായി മകരജ്യോതി ദര്‍ശിക്കാവുന്ന പാണ്ടിത്താവളത്താണ് ഏറ്റവും കൂടുതല്‍ ഭക്തരുടെ തിരക്ക് പോലീസ് പ്രതീക്ഷിക്കുന്നത്. നൂറ്റെട്ട് പടി, തിരുമുറ്റം തുടങ്ങിയ ഇടങ്ങളിലും ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിനായി നില ഉറപ്പിക്കും. പാണ്ടിത്താവളം വാട്ടര്‍ ടാങ്ക്, മാഗുണ്ട അയ്യപ്പനിലയം തുടങ്ങിയ ഇടങ്ങളിലും സമീപ കേന്ദ്രങ്ങളിലും തമ്പടിച്ച ഭക്തര്‍ പാണ്ടിത്താവളം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഇന്‍സിനറേറ്ററിന്റെയും അന്നദാനമണ്ഡപത്തിന്റെയും പിറകിലൂടെ ബെയിലി പാലം വഴി സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവേശിക്കണം. നൂറ്റെട്ട്പടി ആരംഭിക്കുന്നിടത്തു നിന്ന് തിരിഞ്ഞ് ഭക്തര്‍ മകരജ്യോതി ഗസ്റ്റ് ഹൗസിന് പിറകിലൂടെ പുതിയ ട്രാക്ടര്‍ റോഡിലൂടെ എത്തി മലയിറങ്ങുന്ന രീതിയിലാണ് രണ്ടാമത്തെ പാത ക്രമീകരിച്ചിട്ടുള്ളത്.
തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡ് വഴി ഭക്തരുടെ മടക്കയാത്ര സാധ്യമാക്കും. ഈ സമയം ഇതുവഴിയുള്ള ട്രാക്ടര്‍ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിക്കില്ല. യാത്ര ഒറ്റദിശയിലേക്ക് ക്രമീകരിക്കും.
രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്. കൂടുതല്‍ പോലീസിനെ എത്തിക്കേണ്ടി വന്നാല്‍ അതിനായുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌തെത്തുന്ന ഭക്തരടക്കം ഒന്നരലക്ഷത്തിനടുത്ത് ആളുകള്‍ മകരവിളക്കാഘോഷത്തിനായി സന്നിധാനത്ത് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഈ തിരക്ക് മുന്നില്‍ കണ്ടാണ് ഭക്തരുടെ മടക്കത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകരവിളക്ക് ദിവസം ഉച്ചയ്ക്ക് 12 ന് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.

മടക്കയാത്രയ്ക്ക് 1000 അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മകരവിളക്ക് ദര്‍ശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി 1000 അധിക സര്‍വീസുകള്‍ നടത്തും. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേയാണ് ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരുടെ യാത്രാക്ലേശമൊഴിവാക്കാനുള്ള നടപടി. ദീര്‍ഘദൂര സര്‍വീസിന് 795 ബസും പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 205 ബസുമാണ് ഉണ്ടാവുക.
മകര വിളക്ക് ദിവസം രാവിലെയാണ് ബസുകള്‍ എത്തുക. വൈകിട്ട് മുതല്‍ അധിക സര്‍വീസുകള്‍ ആരംഭിക്കും. 250 ബസുകള്‍ പമ്പയില്‍ ക്രമീകരിക്കും. ത്രിവേണിയില്‍ നിന്നാരംഭിക്കുന്ന ചെയിന്‍ സര്‍വീസ് ഹില്‍ടോപ്പ് ചുറ്റി നിലയ്ക്കല്‍ വരെ ഉണ്ടാകും. 400 ബസുകള്‍ ഇതിനായി ഉപയോഗിക്കും. നിലയ്ക്കലില്‍ ആറാമത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ 100 ബസുകള്‍ ക്രമീകരിക്കും.
ചെയിന്‍ സര്‍വീസിന്റെ ആദ്യ റൗണ്ടില്‍ 400 ബസുകള്‍ ഉപയോഗിക്കും. രണ്ടാം റൗണ്ട് മുതല്‍ ഭക്തരുടെ എണ്ണം കണക്കാക്കിയായിരിക്കും സര്‍വീസ്. ഇതിനൊപ്പം ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കും. ചെയിന്‍ സര്‍വീസിന്റെ രണ്ടാം റൗണ്ടില്‍ കുറഞ്ഞത് 200 ബസുകള്‍ ഓടിക്കും. നിലയ്ക്കല്‍ മുതല്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 50 ബസുകള്‍ സജ്ജമാക്കി നിര്‍ത്തും. പമ്പയില്‍ നിന്ന് ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായുള്ള ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകള്‍ പമ്പയിലേക്കെത്തിക്കും.
തുലാപ്പിള്ളി, ചെങ്ങന്നൂര്‍, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളില്‍ ക്രമീകരിച്ച് നിര്‍ത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് ആരംഭിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളിലായി ബസുകള്‍ ക്രമീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് നടത്തുന്നത്.
സ്വന്തം ബസുകള്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കാനും കെഎസ്ആര്‍സി സംവിധാനമൊരുക്കിയിട്ടുണ്ട്. മെക്കാനിക്കും ഡ്രൈവറും ഉള്‍പ്പെടുന്ന സംഘം ഇരുചക്ര വാഹനത്തില്‍ നിരത്തിലുണ്ടാകും. ഏതെങ്കിലും വാഹനത്തില്‍ പകരം ഡ്രൈവറെ നിയോഗിക്കേണ്ടി വന്നാല്‍ ഇരു ചക്രവാഹനത്തിലെത്തുന്ന ഡ്രൈവര്‍ തുടര്‍ സേവനം ഏറ്റെടുക്കും.
നിലവില്‍ പമ്പയിലേക്ക് മറ്റ് ഡിപ്പോകളില്‍ നിന്ന് നടന്നു വരുന്ന ബസ് സര്‍വീസുകള്‍ക്ക് പുറമെ ഇരുന്നൂറ്റിയെഴുപതോളം ബസുകള്‍ എത്തിച്ചാണിപ്പോള്‍ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ 205 എണ്ണം ചെയിന്‍ സര്‍വീസിനായും 65 എണ്ണം ദീര്‍ഘദൂര സര്‍വീസിനായും ഉപയോഗിക്കുന്നു. ഇതില്‍ യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകള്‍ പമ്പയില്‍ നിന്ന് തിരികെ അയയ്ക്കുമെന്നും മറ്റ് ഡിപ്പോകളില്‍ നിന്നടക്കം അഞ്ഞൂറോളം ബസ് സര്‍വീസുകള്‍ നടന്ന് വരുന്നതായും കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യല്‍ ഓഫീസര്‍ ഷിബു കുമാര്‍ അറിയിച്ചു.

അയ്യപ്പഭജനുമായി ഹൈദരബാദ് പഞ്ചഗിരീശ്വര ഭക്ത സമാജ സംഘം

അയ്യപ്പ ഭജനുകളിലൂടെ ഭക്തരുടെ മനം നിറച്ച് ഹൈദരാബാദില്‍ നിന്നെത്തിയ പഞ്ചഗിരീശ്വര ഭക്തസമാജ സംഘം. തെലുങ്ക് ചലച്ചിത്രരംഗത്തെ അഭിനേതാവ് കൂടിയായ വൈ ചന്ദ്രശേഖര്‍, കെ രാമകൃഷ്ണ എന്നിവരാണ് ഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്.

ഇത് രണ്ടാം തവണയാണ് സംഘാംഗങ്ങള്‍ അയ്യപ്പസന്നിധിയില്‍ ഗാനാര്‍ച്ചന നടത്തുന്നത്. വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ഭക്തിഗാനാര്‍ച്ചനയില്‍ മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലായി രണ്ട് മണിക്കൂറിലേറെ സമയം ഭക്തിഗീതങ്ങള്‍ ആലപിക്കപ്പെട്ടു. ഇതോടെ സന്നിധാനത്തെത്തിയ അയ്യപ്പ ഭക്തരും ആടിയും പാടിയും വലിയ നടപ്പന്തലില്‍ ഭക്തസമാജ സംഘത്തിനൊപ്പം ചേര്‍ന്നു. 1994 ല്‍ രൂപം കൊണ്ട പഞ്ചഗിരീശ്വര ഭക്തസമാജത്തില്‍ നൂറോളം അംഗങ്ങളുണ്ട്. പന്ത്രണ്ട് പേരാണ് ശബരിസന്നിധിയില്‍ ഭക്തിഗാനാര്‍ച്ചന നടത്തിയത്.

വാദ്യോപകരണങ്ങളുമായി മറ്റ് സംഘാംഗങ്ങളും ഒപ്പം ചേര്‍ന്നു. മല ചവിട്ടി പുണ്യപൂങ്കാവനത്തിലെത്തി ഗാനാര്‍ച്ചനയര്‍പ്പിച്ച പഞ്ചഗിരീശ്വര ഭക്ത സമാജ സംഘാംഗങ്ങള്‍ മകരജ്യോതി ദര്‍ശനവും കഴിഞ്ഞേ അയ്യപ്പ സന്നിധിയില്‍ നിന്ന് മടങ്ങൂ.