ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ കണ്ടെത്തി. അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ട് പറയുന്നു.
കേന്ദ്ര അതോറിറ്റി കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന. നിലവിൽ കരാർ കമ്പനി നൽകിയ ഏലക്ക പൂർണമായി ഒഴിവാക്കി പുതിയ ഏലക്ക വെച്ച് അരവണ തയ്യാറാക്കേണ്ടി വരുമോയെന്ന കാര്യം ഇനി കോടതി നിലപാട് വരുമ്പോൾ വ്യക്തമാകും.