Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 10/01/2023)

തിരുവാഭരണ ഘോഷയാത്ര: പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ജനുവരി 12ന് പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല.

 

തൊഴില്‍സഭ 12ന്
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജനുവരി 12ന് രാവിലെ 10.30 ന് പഴകുളം പാസ്ഓഡിറ്റോറിയത്തില്‍ തൊഴില്‍സഭ സംഘടിപ്പിക്കും. തൊഴില്‍ സഭയില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തൊഴില്‍ തേടുന്നവര്‍ ,സ്വയം തൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭക താത്പര്യമുള്ളവര്‍, സംരംഭക പുനരുജ്ജീവനം ആവശ്യമുള്ളവര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.


ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി

ജില്ലയില്‍ പറക്കോട് ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിളള, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ ജ്യോതിഷ് ബാബു, അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജെ.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം
01.01.2000 മുതല്‍ 31.10.2022 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ യഥാസമയം രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍ സീനിയോരിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍ക്കും, ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്ത്/ രാജി വെച്ചവര്‍ക്കും, ഈ കാലയളവില്‍ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടമായവര്‍ക്കും, അസല്‍ രജിസ്ട്രേഷന്‍ സീനിയോരിറ്റി പുനസ്ഥാപിച്ചു നല്‍കുന്നതിന് മാര്‍ച്ച് 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  www.eemployment.kerala.gov.in വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും പുതുക്കാം. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോംപേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയാണ് പുതുക്കേണ്ടത്.

ടെന്‍ഡര്‍
റാന്നി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലുളള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 19ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ :0473 5 221 568.


എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ: അപേക്ഷാ തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഈ മാസം ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുളള തീയതി ജനുവരി 20 വരെ നീട്ടി.   പ്ലസ് ടു അഥവാ തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിവരങ്ങള്‍ക്ക് www.srccc.in സന്ദര്‍ശിക്കുക. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം 695 033.
ഫോണ്‍: 9846 033 001.
കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

കോഴഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ 30 വയസിന് മുകളിലുള്ള വനിതകള്‍ക്കായി സംഘടിപ്പിച്ച കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷന്‍ അംഗം സാറാമ്മ ഷാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല ആശുപത്രി മുന്‍ കാന്‍സര്‍ മേധാവി ഡോ.ശശി കാന്‍സറിനെ കുറിച്ച് ക്ലാസ് എടുത്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗര്‍ഭാശയ കാന്‍സര്‍, ബ്രസ്റ്റ് കാന്‍സര്‍, ബ്ലഡ് കാന്‍സര്‍ എന്നി ടെസ്റ്റുകള്‍ നടത്തി. ചെറുകോല്‍ പിഎച്ച്‌സി, കോഴഞ്ചേരി മൈക്രോലാബ് എന്നിവയുടെ നേതൃത്വത്തിലാണ് ടെസ്റ്റുകള്‍ നടന്നത്. ക്യാമ്പില്‍ 85 പേര്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് മിനി സുരേഷ്, ആരോഗ്യ ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ്, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പന്തളം തെക്കേക്കര സന്ദര്‍ശിച്ചു

കാര്‍ഷിക മേഖലയിലെ വൈവിധ്യങ്ങള്‍ തേടി പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പന്തളം തെക്കേക്കരയില്‍. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കിവരുന്ന വിവിധ കാര്‍ഷിക പദ്ധതികളെ കുറിച്ച് നേരിട്ട് മനസ്സിലാക്കുവാനും കര്‍ഷകരുമായി നേരില്‍ സംവദിക്കുവാനും കാര്‍ഷിക വില നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പി.രാജശേഖരന്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. കേരഗ്രാമത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ മാവര പാടശേഖരസമിതിയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ നേരില്‍ കണ്ടു തട്ടബ്രാന്‍ഡ് കേരളത്തില്‍ മുഴുവന്‍ ലഭ്യമാക്കുന്ന രീതിയിലേക്ക് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇല വാഴ കൃഷി എന്ന പുത്തന്‍ ആശയത്തെയും ചീരഗ്രാമം പദ്ധതിയും അദ്ദേഹം നേരിട്ട് മനസിലാക്കി.

തൊഴില്‍സഭ സംഘടിപ്പിച്ചു
ആറന്മുള ഗ്രാമപഞ്ചായത്തിലെ മായലുമണ്‍ സ്‌കൂളില്‍ ആറു മുതല്‍ 10 വരെ സഘടിപ്പിച്ച തൊഴില്‍ സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ. റ്റി. ടോജി നിര്‍വഹിച്ചു. വ്യവസായ വകുപ്പിന്റെ സ്‌കീമില്‍ ഉള്‍പ്പെടുത്തി സംരംഭങ്ങള്‍ ആരംഭിച്ച ഗീത അനില്‍കുമാര്‍, മധുസുധന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. തൊഴില്‍ സഭയെപ്പറ്റിയുള്ള വീഡിയോ അവതരണം നടത്തി.
ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചു വ്യക്തിഗതമായും ഗ്രൂപ്പായും തുടങ്ങാന്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് വ്യവസായ വകുപ്പ് നല്‍കുന്ന സേവനങ്ങളെ പറ്റി വ്യവസായ വകുപ്പ് ഇന്റേണ്‍ വിശദീകരിച്ചു. തൊഴില്‍ അന്വേഷകരുടെ ഗ്രൂപ്പില്‍ വിവിധ യോഗ്യതയുള്ളവരടങ്ങുന്ന 50 പേര്‍ പങ്കെടുത്തു.
ആറന്മുള ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് അംഗം പി. എം. ശിവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒന്‍പതാം വാര്‍ഡ് അംഗമായ എ.എസ് മത്തായി, ദീപ നായര്‍, സെക്രട്ടറി ആര്‍. രാജേഷ്, സെക്ഷന്‍ ക്ലാര്‍ക്ക് റ്റി. ആര്‍ ജയശങ്കര്‍, കില ഫാക്കള്‍ട്ടി ശോഭന, വ്യവസായ വകുപ്പ് ഇന്റേണ്‍ അനില മാത്യു, കുടുംബശ്രീ റിസോഴ്‌സ്‌പേഴ്‌സണ്‍ സരിത എസ.് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന ജില്ലാതല ജന്‍ഡര്‍ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിമന്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍  ജനുവരി 20ന് അഞ്ചിന് മുന്‍പായി ലഭ്യമാക്കണം.
ഒഴിവുകളുടെ എണ്ണം- 1, പ്രായപരിധി: 23- 40, പ്രതിമാസ ഓണറേറിയം- 17,000 രൂപ. ഫോണ്‍ : 0468 2 966 649

അക്കാദമി ഫെലോഷിപ്പിന് അപേക്ഷിക്കാം
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് അനുവദിക്കും.
അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. മാധ്യമപഠന വിദ്യാര്‍ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.
സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (www.keralamediaacademy.org). വിലാസം:  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030. ഫോണ്‍:  0484 2 422 275.

കടത്ത് സര്‍വീസ് പുനരാംഭിച്ചു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കോമളം കടവില്‍ നിന്നും പഞ്ചായത്തിന്റെ കടത്ത് സര്‍വീസ് പുനരാംഭിച്ചു. പഞ്ചായത്ത് വാങ്ങിയ പുതിയ വള്ളം ഉപയോഗിച്ചാണ് കടത്ത് സര്‍വീസ് പുനരാംഭിച്ചത്. കടത്ത് സര്‍വീസിന്റെ സമയം രാവിലെ ഏഴ്  മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും. ഒരു സമയം വള്ളത്തില്‍ തുഴച്ചില്‍ക്കാരനുള്‍പ്പെടെ പരാമവധി ആറ് പേരെ മാത്രമേ അനുവദിക്കുകയുള്ളു. ലൈഫ് ജാക്കറ്റ് ധരിക്കാതെ യാത്രക്കാരെ വള്ളത്തില്‍ ഒരു കാരണവശാലും കയറ്റില്ലെന്ന്     പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലയിലെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകണമെന്നും വിദ്യാലയങ്ങളുടെ കൂട്ടായ്മയിലൂടെ വിവിധ തലങ്ങളില്‍ ജില്ലയെ മുന്നിലെത്തിക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണം ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നടന്ന പാഠ്യപദ്ധതി ചര്‍ച്ചകളുടെ, പത്തനംതിട്ട ഡയറ്റ് തയാറാക്കിയ ക്രോഡീകൃതസമാഹാരം, പത്താം തരത്തിലെ റിസല്‍റ്റ് മെച്ചപ്പെടുത്തുന്ന മുന്നേറ്റം 23 പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ് രേണുക ഭായി, സമഗ്ര ശിക്ഷാ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ സുദേവ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ്, ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ. ഷീജ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന പാഠ്യപദ്ധതി ജില്ലാതല സെമിനാറില്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ എസ്. രാജേഷ് വിഷായവതരണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.പി വേണുഗോപാലന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, പ്രഫ. മാലൂര്‍ മുരളീധരന്‍, കെ.എന്‍. രാജേശ്വരന്‍, ഷാജി മാത്യൂ, ബിനോയ് കെ. എബ്രാഹാം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പത്താം തരം ഉള്‍പ്പെടെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ പി.ആര്‍ ഷീലകുമാരി, പി.ആര്‍ പ്രസീന എന്നിവര്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബി.ആര്‍.സി കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!