Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (05/01/2023)

മകരവിളക്കുൽസവം: സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി

മകരവിളക്ക് ഉൽസവത്തിൽ പങ്കെടുക്കാനും മകരജ്യോതി ദർശിക്കാനുമെത്തുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി ദേവസ്വംബോർഡും വിവിധവകുപ്പുകളും. തീർഥാടക സുരക്ഷ സംബന്ധിച്ച് ക്രമീകരണങ്ങൾക്കായി ജനുവരി 06ന് വെള്ളിയാഴ്ച രാവിലെ 11.30ന് തീരുവനന്തപുരത്ത് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം എസ്.പിമാരുടെ പ്രത്യേകയോഗം ചേരും. തീർഥാടകരുടെ സഞ്ചാരവഴികളിലും സന്നിധാനത്തും സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾക്ക് യോഗം രൂപം നൽകും. ഇതനുസരിച്ചാകും മകരവിളക്ക് സമയത്ത് സുരക്ഷാക്രമീകരണങ്ങളെന്ന് സ്‌പെഷ്യൽ ഓഫീസർ വി.എസ്. അജി പറഞ്ഞു. നിലവിൽ തിരക്ക് മാനിച്ച് പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളും കർമനിരതരായി രംഗത്തുണ്ട്.

മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. പതിനെട്ടാംപടി കയറുന്നതിനുള്ള തീർഥാടകരുടെ വരി മരക്കൂട്ടത്തിന് താഴെ നീളാതിരിക്കാൻ പോലീസ് പരമാവധി പരിശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തീപിടത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനാണിത്. പാചകപാത്രങ്ങൾ വിൽക്കാൻ പാടില്ലെന്ന് പാത്രകടകളിലും നിർദേശം നൽകിയിട്ടുണ്ട്. പാചകാവശ്യത്തിനുള്ള വലിയ പാത്രങ്ങൾ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിനും അനുവാദമില്ല. റവന്യൂ, പോലീസ്, അഗ്നിസുരക്ഷാസേനാ എന്നിവയുടെ സംയുക്ത പരിശോധനകളും സന്നിധാനത്ത് ശക്തമാണ്. മകരവിളക് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള വിവിധ വകുപ്പുകളുടെ അവലോകനയോഗം ജനുവരി എഴ് ശനിയാഴ്ച സന്നിധാനത്ത് ചേരും.

കർമനിരതരായി വൈദ്യുതവകുപ്പ്

മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി സന്നിധാനത്തെ പ്രഭാപൂരിതമാക്കാനുള്ള തീവ്രശമത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ. കൂടുതൽ സ്ഥലങ്ങളിൽ വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. പുതുതായി ഇരുന്നൂറ് തെരുവുവിളക്കുകളാണ് സന്നിധാനത്തും പരിസരത്തും സ്ഥാപിച്ചത്. പർണശാല കെട്ടാൻ അനുവദിക്കപ്പെട്ട പാണ്ടിത്താവളം ഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടരുകയാണ്. ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം ആവശ്യപ്പെടുന്നത് അനുസരിച്ചാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. ഇതുവരെ ആയിരത്തിലേറെ താൽക്കാലിക അധികവിളക്കുകൾ സ്ഥാപിച്ചതായി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ജി പ്രദീപ്കുമാർ പറഞ്ഞു. 11 കെവിയുടെ നാല് ഫീഡറുകളാണ് സന്നിധാനത്ത് ക്രമീകരിച്ചിട്ടുള്ളത്. റിങ്‌ലൈൻ രീതിയിൽ ഒരുക്കിയതിനാൽ കറണ്ട് പോകുമെന്ന് ഭീതിവേണ്ടെന്ന് അദ്ദേഹം അറിയിച്ചു. കവേഡ് കണ്ടക്ടർ കണക്ഷൻ സംവിധാനം ആയതിനാൽ സുരക്ഷാഭീതി വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ ഇ ഡി, ട്യൂബ്, സോഡിയം ലൈറ്റുകളാണ് സ്ഥാപിച്ചത്. ഉരക്കുഴി, ഹെലിപ്പാഡ് എന്നിവിടങ്ങളിലും കൂടുതൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കും.

ലഹരി പരിശോധന ശക്തം: ഇതുവരെ പിഴയീടാക്കിയക് 1.47ലക്ഷം രൂപ

മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി ലഹരി പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്. ഇതുവരെ 738 കോപ്ടാ കേസുകളാണ് എക്‌സൈസ് വിഭാഗം രജിസ്റ്റർ ചെയ്ത്. ഇതുവഴി 1.47600 രൂപ പിഴയീടാക്കി. രണ്ട് മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. പ്രതികളിൽ നിന്ന് എട്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ തുടർ നടപടികൾക്കായി ചിറ്റാർ എക്‌സൈസ് റേയ്ഞ്ച് ഓഫീസർക്ക് കൈമാറി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് താൽക്കാലിക എക്‌സൈസ് റേയ്ഞ്ചുകളാണ് പ്രവർത്തിക്കുന്നത്. സി.ഐമാർക്കാണ് ഇതിന്റെ ചുമതല. ഓരോ റേയ്ഞ്ചിലും 27 ഓഫീസർമാരും ഡ്യൂട്ടിയിലുണ്ട്. എട്ടുമണിക്കൂർ ഇടവിട്ട് 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് ഇവർ. ഒരു ടീം യൂണിഫോമിലും രണ്ട് ടീം മഫ്തിയിലുമായി പ്രത്യേക പരിശോധന സംവിധാനവും ശക്തമാണ്.

തത്വമസിയുടെ പൊരുൾതേടി
കെ.പി.മോഹനൻ എം.എൽ.എയും സംഘവും മല ചവിട്ടി

തത്വമസി പൊരുളിന്റെ തീർത്ഥാടന പുണ്യം തേടി കെ.പി.മോഹനൻ എം.എൽ.എ ശബരിമലയിലെത്തി. ഇത് അമ്പത്തി മൂന്നാം തവണയാണ് അയ്യനെ വണങ്ങാൻ കൂത്തുപറമ്പ് എം എൽ എ കെ.പി മോഹനനും സംഘവും മലകയറിയത്. കോവിഡിനെ തുടർന്ന് രണ്ട് തവണ ബരിമലയിലെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളുമുൾപ്പടെ 53 പേരടങ്ങുന്ന സംഘമാണ് ശബരിമലയിലെത്തിയത്. സംഘത്തിന്റെ ഗുരുസ്വാമി കൂടിയാണ് കെ.പി. മോഹനൻ എം എൽ എ. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷം യാത്ര മുടങ്ങിയെങ്കിലും അമ്പത്തിമൂന്നാമത്തെ വർഷമാണ് വ്രതമെടുത്ത് വാവർ തോഴനായ അയ്യപ്പന്റെ ദർശനപുണ്യം തേടി എം എൽ എ യും സ്വാമിമാരുമെത്തിയത്.അഞ്ച് വർഷം സംസ്ഥാന കൃഷി-മൃഗസംരക്ഷണ മന്ത്രിയായിരുന്നപ്പോഴും ശബരിമല യാത്ര കെ പി മോഹനൻ മുടക്കിയിരുന്നില്ല. മുൻ ദേവസ്വം മന്ത്രിയും പൊതു പ്രവർത്തകനുമായിരുന്ന പിതാവ് പി ആർ കുറുപ്പിനൊപ്പം ഇത്തരത്തിൽ സംഘം ചേർന്ന് ശബരിമല തീർത്ഥാടനം നടത്തിയാണ് കെ പി മോഹനനും സ്ഥിരം ശബരിമല തീർത്ഥാടകനായത്. എത്ര തിരക്കുണ്ടെങ്കിലും അയ്യനെ വണങ്ങാനുള്ള ആ യാത്രയാണ് ഇപ്പോഴും തുടരുന്നത്. ഉച്ചയോടെ സന്നിധാനത്തെത്തിയ സംഘം പടി കയറി അയ്യനെ വണങ്ങി.

ശബരിമലയിലെ  ചടങ്ങുകൾ
05.01..2023)

………
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. നട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 12 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30 ന് 25 കലശപൂജ
തുടർന്ന് കളഭാഭിഷേകം12.45 ന് ഉച്ചപൂജ
1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
9.30 മണിക്ക് …..അത്താഴപൂജ
11.20 ന് ഹരിവരാസനം സങ്കീർത്തനം പാടി 11.30 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും

അയ്യപ്പന് കാണിക്കയായി സംഗീതാര്‍ച്ചന

ഭക്തവത്സലനായ ശബരീനാഥന് സ്വരഗീതകം കൊണ്ട് അര്‍ച്ചനയേകി സംഗീതാധ്യാപകനായ ബേബി പ്രകാശ്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളേജ് അധ്യാപകനായ ബേബി പ്രകാശ് ശിഷ്യരോടൊത്താണ് സന്നിധാനം നടപ്പന്തലിലെ മുഖമണ്ഡപത്തില്‍ സംഗീതക്കച്ചേരി നടത്തിയത്. നിനു കോരി വസന്ത വര്‍ണ്ണത്തില്‍ ആരംഭിച്ച കച്ചേരി ഹംസധ്വനി രാഗത്തിലെ വരവല്ലഭയെന്ന ഗണപതി സ്തുതിയോടെ മുറുകി. കീരവാണി രാഗത്തില്‍ രാമനാട് ശ്രീനിവാസ അയ്യങ്കാര്‍ ചിട്ടപ്പെടുത്തിയ നിജമുഖ രാമാ എന്ന കീര്‍ത്തനമായിരുന്നു മുഖ്യാലാപാനം.കീരവാണി രാഗത്തിന്റെ സൂക്ഷമഭാവങ്ങളെ ബേബി പ്രകാശ് ഉള്ളറിഞ്ഞാലപിച്ചപ്പോള്‍ ദര്‍ശനത്തിനെത്തിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് വിരുന്നായി .മായാമാളവ ഗൗളയിലെ ദേവദേവ കലയാമിതേ എന്ന കൃതിക്ക് ശേഷം ജോന്‍പുരിയിലെ തില്ലാനയോടെ മംഗളം പാടി ബേബി കച്ചേരിക്ക് വിരാമമിട്ടു. ആര്‍ എല്‍ വി യില്‍ ബേബി പ്രകാശിന്റെ ശിഷ്യരായ എം എസ് സതീഷ് മൃദംഗത്തിലും മാനവ് രാജ് വയലനിലും പക്കം ഒരുക്കി .