Trending Now

കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്‍റെ അഞ്ച് നാളുകൾ

തിരശ്ശീല ഉയർന്നു: കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകൾ

സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, അധ്യാപക-വിദ്യാർത്ഥി- യുവജന സംഘടനകൾ, വകുപ്പുകൾ തുടങ്ങി നിരവധി പേരുടെ ഒരുമിച്ചുള്ള പ്രവർത്തനമാണിതെന്നും മന്ത്രി പറഞ്ഞു.

 

കനകകിരീടത്തിൽ മുത്തമിടാൻ എത്തുന്ന കലാ പ്രതിഭകളെ കോഴിക്കോട് എതിരേൽക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വൈവിധ്യങ്ങളുടെ പുതിയ സംസ്കാരം പ്രകടമാകുന്ന കലോത്സവം പരാതിയും പരിഭവവും ഇല്ലാതെ മികച്ചരീതിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 

സംഘാടനത്തിലെ മികവ്, പ്രാതിനിധ്യ സ്വഭാവം സംഘാടന മികവ് എന്നിവ കൊണ്ട് ഏറെ പുതുമ തീർക്കുകയാണ് ഇത്തവണത്തെ സ്കൂൾ കലോത്സവമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കലാസ്വാദകർക്ക് നവ്യാനുഭവം പകർന്നു നൽകുന്നതോടൊപ്പം കലാപ്രതിഭകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

 

നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യത്തെയും കലയെയും പ്രോത്സാഹിപ്പിക്കുന്ന നാടാണ് കോഴിക്കോട്. ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും അതീതമായി എല്ലാവിഭാഗം ആളുകളെയും അണി നിരത്താൻ കലോത്സവത്തിലൂടെ സാധിക്കും. ഒരു ഉത്സവത്തിൽ പങ്കെടുക്കുന്ന പ്രതീതിയോടെ എല്ലാവരും ഈ കലാമേളയിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.കെ രമ, കെ എം സച്ചിൻ ദേവ്, ഇ.കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സിനിമാ താരം ആശ ശരത്ത് പ്രത്യേക ക്ഷണി താവായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ നന്ദിയും പറഞ്ഞു.

കലോത്സവ ചരിത്രത്തിലേക്ക് വഴി തുറന്ന് ചരിത്ര പ്രദർശനം

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു.1957 മുതലുള്ള 55 സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ സംഭവബഹുലമായ ചരിത്രം വിവരിക്കുന്ന പ്രദർശന സ്റ്റാളാണ് കലോത്സ ചരിത്രത്തിൻ്റെ ഇടനാഴിയിലേക്ക് വഴിത്തുറക്കുന്നത്.

 

പ്രദർശന സ്റ്റാളിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡൻ്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ് രാകേഷ് എന്നിവർ സംബന്ധിച്ചു.

 

സ്കൂൾ കലോത്സവമെന്ന ആശയത്തിന് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ ഡയറക്ടർ സി.എസ് വെങ്കിടേഷൻ,1957 ജനുവരി 26, 27 തിയ്യതികളിലായി എറണാകുളം ഗേൾസ് ഹൈസ്ക്കൂളിൽ നടന്ന ആദ്യത്തെ കലോത്സവം, ആദ്യത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വടക്കെ മലബാർ ജില്ല, വിവിധ വർഷങ്ങളിലെ കലാതിലകവും, കലാപ്രതിഭകളും തുടങ്ങി കലോത്സവത്തിൻ്റെ ഇന്നലകളെ അടയാളപ്പെടുത്തുന്ന പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

രണ്ട് വർഷത്തെ പ്രയത്നത്തിലൂടെ ജി അനൂപാണ് കലോത്സവ ചരിത്രം ക്രോഡീകരിച്ചത്. വിവിധ സർക്കാർ രേഖകൾ, ഉത്തരവുകൾ, ചിത്രങ്ങൾ തുടങ്ങിയവ വിവരശേഖരണത്തിന് സഹായകരമായി. കലോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രത്താളുകളും പ്രദർശനത്തിലുണ്ട്.\

12 കൂട്ടം സദ്യ… മധുരം കൂട്ടാൻ ഹൽവയും വിഭവസമൃദ്ധം ചക്കരപ്പന്തലിലെ ഒന്നാം ദിനം

പാലൈസ്, തണ്ണീർപന്തൽ, സമോവർ, മധുരത്തെരുവ്, കല്ലുമ്മക്കായ്‌, സുലൈമാനി, കുലുക്കി സർബത്ത്, സാൾട്ട് ആന്റ് പെപ്പർ,ഉന്നക്കായ…അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിൽ ഒരുക്കിയ ‘ചക്കരപ്പന്തൽ’ ഭക്ഷണശാലയിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരിച്ച ഭക്ഷണശാലയിലേക്കാണ്. നിരനിരയായി പത്തു കൗണ്ടറുകൾ. ഓരോ കൗണ്ടറിലും ഭക്ഷണത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്ന വരികൾ കുറിച്ചിട്ടിരിക്കുന്നതും കാണാം. ഭക്ഷണം വിളമ്പുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി 1200 അധ്യാപകർ. കോഴിക്കോടിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതുന്ന തരത്തിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നതെന്നു നിസ്സംശയം പറയാം.

 

സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയവരുടെ മനസ്സ് നിറയ്ക്കുന്ന തരത്തിലാണ് ചക്കരപ്പന്തലിലെ ഭക്ഷണവിതരണം. ഭക്ഷണശാലയിലൊരുക്കിയ വേദിക്കു സമീപം നടത്തുന്ന അനൗൺസ്മെന്റിനനുസരിച്ചാണ് ഓരോ കൗണ്ടറിലും ഭക്ഷണം വിളമ്പുന്നത്. അതു കൊണ്ടു തന്നെ തിക്കും തിരക്കുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാമെന്നു പറയുന്നു കലോത്സവത്തിനെത്തിയവർ. ദിവസേന നാലു നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന ഭക്ഷണവിതരണം രാത്രി 10 മണി വരെ നീളും.

 

പൈനാപ്പിൾ പച്ചടി, അവിയൽ, അരിപ്പായസം തുടങ്ങി 12 കൂട്ടം വിഭവങ്ങളാണ് കലോത്സവത്തിന്റെ ഒന്നാം ദിനം കലവറയിലൊരുങ്ങിയത്. ഭക്ഷണശേഷം മധുരത്തിനായി കോഴിക്കോടിന്റെ സ്വന്തം ഹൽവയുമുണ്ട്. ഒന്നാം ദിനം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസും ചക്കരപ്പന്തലിലെത്തിയിരുന്നു. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണമൊരുക്കുന്നത്. എഴുപത് പേരടങ്ങുന്ന സംഘമാണ് പഴയിടം രുചികളുമായി കോഴിക്കോടെത്തിയത്.

മധുരത്തോടെ തുടക്കം കലോത്സവ ഭക്ഷണശാല ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു

കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ പായസം കുടിച്ചുകൊണ്ട് നിർവഹിച്ചു. പാൽപായസ മധുരം വിളമ്പിക്കൊണ്ടാണ് കലോത്സവ ഭക്ഷണശാലയുടെ ആദ്യ വിഭവം വിതരണം ചെയ്തത്.

 

കലോത്സവ ഊട്ടുപുരയിൽ മാറ്റമില്ലാതെ തുടരുന്ന പഴയിടം രുചികൾ തന്നെയാണ് ഇത്തവണയും. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണം ഒരുങ്ങുന്നത്. അദ്ദേഹത്തിന്റ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാർക്കും മറ്റുള്ളവർക്കും മധുരം നൽകിയത്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്.

 

കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തൽ എന്ന ഭക്ഷണ ശാല മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയിൽ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.

മധുരത്തെരുവ്, പാലൈസ് , തണ്ണീർ പന്തൽ , കല്ലുമ്മക്കായ്,സുലൈമാനി തുടങ്ങി കോഴിക്കോടൻ പേരുകൾ നൽകിയ പത്തോളം ഭക്ഷണ കൗണ്ടറുകളാണ് ഭക്ഷണ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിട്ടുള്ളത്. ദിവസേന നാല് നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണിയോളം നീളും.

 

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ കോർപറേഷൻ വാർഡ് കൗൺസിലർ വരുൺ ഭാസ്കർ, ഭക്ഷണ കമ്മിറ്റി കൺവീനർ വി.പി രാജീവൻ ഭക്ഷണ കമ്മിറ്റി വൈസ് ചെയർമാൻ ഇ പ്രേംകുമാർ മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!