Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 26/12/2022 )

മണ്ഡലപൂജ ഇന്ന്;നട 30ന് വീണ്ടും തുറക്കും

ശബരിമല: 41 ദിവസത്തെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയില്‍  മണ്ഡലപൂജ നടക്കും.
(ഡിസംബര്‍ 27) പുലര്‍ച്ചെ മൂന്നിന് നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവുപൂജയും നടക്കും. ഉച്ചക്ക് 12.30നും ഒരു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക.

മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകുന്നേരം വീണ്ടും നടതുറക്കും. അയ്യപ്പഭക്തര്‍ക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി ഒരുക്കുന്നുണ്ട്. ഡിസംബര്‍ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്.

 

 

ശബരിമല വരുമാനം 222.98 കോടി;തീര്‍ഥാടകര്‍ 29 ലക്ഷം പിന്നിട്ടു

ശബരിമല: ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.

മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും.

29,08,500 തീര്‍ഥാടകര്‍ എത്തി. ഇതില്‍ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവര്‍ഷത്തോളം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിക്കാന്‍ കാരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും വേണ്ടി ഇക്കുറി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്.
പരമാവധി പരാതികുറച്ച് തീര്‍ഥാടനം ഇക്കുറി പൂര്‍ത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദര്‍ശനത്തിന് ആളുകള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നതായി ആക്ഷേപമുയര്‍ന്നത്. ശബരിമലയില്‍ തിരക്ക് സ്വഭാവികമാണ്. എന്നാല്‍ സാധാരണയില്‍ കൂടുതല്‍ നേരം ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായാല്‍ അതു പരിശോധിക്കുന്നതാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു.

ദേവസ്വം ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍,
വിജിലന്‍സ് എസ്.പി. സുബ്രഹ്മണ്യം എന്നിവര്‍ പങ്കെടുത്തു.

 

 

മണ്ഡലപൂജ: ഒരുക്കങ്ങള്‍ വിലയിരുത്തി

ശബരിമല: മണ്ഡലപൂജയ്ക്കായി സന്നാഹങ്ങള്‍ സജ്ജമെന്ന് എ.ഡി.എം. പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. ക്യൂ കോംപ്ലക്സില്‍ തീര്‍ഥാടകര്‍ക്കായി ആറുഭാഷയിലുള്ള അറിയിപ്പുകള്‍ നല്‍കും. മണ്ഡലപൂജയ്ക്കായി അയ്യന് ചാര്‍ത്താന്‍ കൊണ്ടുവരുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്കു സുരക്ഷയൊരുക്കാന്‍ പമ്പയില്‍നിന്ന് തീര്‍ഥാടകരെ നിയന്ത്രിക്കുമെന്ന്് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദ് പറഞ്ഞു. അസിസ്റ്റന്റ് സ്്്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ അനുഗമിക്കും.

ശബരിമലയിലെ ജലവിതരണം അടക്കമുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഇടവേളയില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ പി. നിതിന്‍രാജ്, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മനോജ് രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന് പുതിയ ട്രാക്ടര്‍

 

*സംഭാവന നല്‍കിയത് നാഗര്‍കോവില്‍ മേയര്‍ ആര്‍. മഹേഷ്

ശബരിമല: ശബരിമല സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന് പുതിയ ട്രാക്ടര്‍ സ്വന്തം. നാഗര്‍കോവില്‍ മേയര്‍ അഡ്വ. ആര്‍. മഹേഷ് സംഭാവനയായി നല്‍കിയതാണ് പുതിയ ട്രാക്ടര്‍. ഇന്നലെ രാവിലെ(ഡിസംബര്‍ 26) 9.00 മണിക്ക് സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് നാഗര്‍കോവില്‍ മേയര്‍ ട്രാക്ടര്‍ കൈമാറി.

അപ്പം അരവണ വിതരണത്തിനാണ് പുതിയ ട്രാക്ടര്‍. പുതിയ ട്രാക്ടര്‍ കൂടി വന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നാലു ട്രാക്ടറുകള്‍ സ്വന്തമായി. മഹീന്ദ്ര അര്‍ജുന്‍ നോവോ 605 ഡി.എല്‍. ഐ ട്രാക്ടറാണ് 12 ലക്ഷം രൂപ മുടക്കി ബോര്‍ഡിന് സംഭാവനയായി നല്‍കിയത്. തികഞ്ഞ അയ്യപ്പഭക്തനായ മേയര്‍ ആര്‍. മഹേഷ് കഴിഞ്ഞമാസം ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് ബോര്‍ഡിന് ട്രാക്ടര്‍ സമ്മാനിക്കാനുള്ള സന്നദ്ധത മേയര്‍ അറിയിച്ചത്. ട്രാക്ടറിന്റെ ട്രെയ്ലര്‍ കൂടി എത്താനുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ അതു ലഭ്യമാക്കുമെന്ന് ആര്‍. മഹേഷ് പറഞ്ഞു.
ദേവസ്വം അംഗം അഡ്വ. എസ്.എസ്. ജീവന്‍, എക്സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസര്‍ രവികുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പവിത്രം ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി
ദേവസ്വം പ്രസിഡന്റ്
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനം ‘പവിത്രം ശബരിമല’യില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍.  (ഡിസംബര്‍26) രാവിലെ 9.30 മുതല്‍ സന്നിധാനത്തു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
സന്നിധാനത്ത് വിവിധ ഇടങ്ങളില്‍ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങള്‍ സ്വയം ചുമന്നു ട്രാക്ടറിലേക്കു മാറ്റി. ദേവസ്വം ബോര്‍ഡ് ബുക്ക് സ്റ്റാളില്‍ നിന്നാരംഭിച്ച ശുചീകരണ പ്രവര്‍ത്തികളില്‍ പതിനെട്ടാം പടിയ്ക്ക് സമീപവും പൂങ്കാവനം ഓഫീസിനു സമീപവുമുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേതൃത്വം നല്‍കി. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍, എക്സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

സന്നിധാനത്ത് സദ്യയൊരുക്കി ദേവസ്വം ബോര്‍ഡ്

ശബരിമല: മണ്ഡലപൂജയ്ക്ക് മുന്നോടിയായി ഇന്നലെ (26/12/22) സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ദേവസ്വം മെസ് ഹാളില്‍ ഒരുക്കിയ സദ്യയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഭദ്രദീപം തെളിച്ചു തുടക്കം കുറിച്ചു. വിഭവങ്ങള്‍ ഇലയില്‍ വിളമ്പി ഭഗവാന് സമര്‍പ്പിച്ചതോടെ ഇത്തവണത്തെ മണ്ഡല പൂജാ സദ്യയ്ക്ക് തുടക്കമായി.
ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍, എക്സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, സന്നിധാനം അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ നിതിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.