ഉപഭോക്താവിന്റെ അവകാശവും, കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഉപഭോക്തൃ ദിനാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ഉത്പാദകരും ഉപഭോക്താക്കളും ചേരുമ്പോഴാണ് ഒരു സാമ്പത്തിക സംവിധാനമൊരുങ്ങുന്നത്. ഉത്പാദകര്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപഭോക്താക്കളാണ്. ഉപഭോഗവസ്തുക്കള്‍ ഉത്പാദിപ്പിക്കുക എന്നതാണ് ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യേകത. ഹരിത സംസ്‌കാരം ലോകത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയേയും, പരിസ്ഥിതിയേയും സംരക്ഷിക്കുന്ന സംസ്‌കാരമാണ് ഇപ്പോള്‍ ലോകം തിരഞ്ഞെടുത്തിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിതരണം ചെയ്തു.
ക്വിസ് മത്സര വിജയികള്‍: ഒന്നാം സ്ഥാനം അര്‍ജുന്‍ എസ്.കുമാര്‍, ജിവിഎച്ച്എസ്എസ്, കലഞ്ഞൂര്‍. രണ്ടാം സ്ഥാനം ശ്രേയ സുനില്‍, ജിഎച്ച്എസ്എസ് കോന്നി, മൂന്നാം സ്ഥാനം: ദേവിക സുരേഷ് ജിഎച്ച്എസ്എസ്തോട്ടക്കോണം.
പ്രസംഗ മത്സര വിജയികള്‍: ഒന്നാം സ്ഥാനം ജൊവാന സൂസന്‍ മാത്യു, മാര്‍ത്തോമ കോളജ് തിരുവല്ല. രണ്ടാം സ്ഥാനം അഖില രാജ്, സെന്റ് തോമസ് കോളജ് കോഴഞ്ചേരി.
ഉപന്യാസ മത്സര വിജയികള്‍: ഒന്നാം സ്ഥാനം അനഘ സജികുമാര്‍, ജിഎച്ച്എസ്എസ് തുമ്പമണ്‍ നോര്‍ത്ത്. രണ്ടാം സ്ഥാനം അഫ്ര ഫാത്തിമ, മാര്‍ത്തോമ എച്ച്എസ്എസ് പത്തനംതിട്ട. മൂന്നാം സ്ഥാനം, എസ്. അജീഷ, കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട.
ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂനിയര്‍ സൂപ്രണ്ട് എ.ബി. ബിജുരാജ്, ജില്ലാ ഡിപ്പോ മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍, കേരള കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ പ്രതിനിധി ജനു. കെ. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.