Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 24/12/2022)

മണ്ഡല പൂജക്കൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം

*തങ്കയങ്കി ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം സന്നിധാനത്ത്
*27ന് ഉച്ചയ്ക്ക് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ

ശബരിമല: മണ്ഡലപൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുന്നു. കലിയുഗവരദന് ചാർത്താനുള്ള തങ്കയങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ ഡിസംബർ 26ന് വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികൾ വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറന്നശേഷം 5.15 ഓടെ അയ്യപ്പ സന്നിധിയിൽനിന്നു തന്ത്രി പൂജിച്ചു നൽകുന്ന പ്രത്യേക ഹാരങ്ങളും അണിഞ്ഞ് ശരണം വിളികളുമായി ശരംകുത്തിയിൽ എത്തിച്ചേരും.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ. ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് തുടങ്ങിയവർ ചേർന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് മുന്നിൽ വച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. തുടർന്ന് തങ്കയങ്കി സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോകും. ശേഷം 6.35ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും.
തുടർന്ന് ഭക്തർക്ക് തന്ത്രി പ്രസാദം വിതരണം ചെയ്യും. പിന്നീട് ഭക്തർക്ക് തങ്കയങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. 26ന് രാത്രി 9.30ന് അത്താഴപൂജ. രാത്രി 11.20ന് ഹരിവരാസനം പാടി 11.30ന് ക്ഷേത്ര നട അടയ്ക്കും.
ഡിസംബർ 27ന് പുലർച്ചെ മൂന്നിന് നട തുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജയും നടക്കും. ഡിസംബർ 27ന് ഉച്ചക്ക് 12.30 നും ഒരു മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക.
മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാൽ വൈകുന്നേരം വീണ്ടും നടതുറക്കും. അയ്യപ്പഭക്തർക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡും പോലീസും സംയുക്തമായി ഒരുക്കുന്നുണ്ട്. ഡിസംബർ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്.

ശബരിമലയിലെ  ചടങ്ങുകൾ

(26.12.2022)

പുലർച്ചെ 2.30ന് പള്ളി ഉണർത്തൽ
3 ന്…. നട തുറക്കൽ.. നിർമ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കൽ
വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും
5.30 ന് ശരംകുത്തിയിൽ തങ്കയങ്കി ഘോഷയാത്രക്ക് വരവേൽപ്പ്
6.35ന്… തങ്കയങ്കി ചാർത്തിയുള്ള
മഹാദീപാരാധന
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീർത്തനം പാടി 11.30 ന് ശ്രീകോവിൽ നട അടയ്ക്കും.

 

ഇന്‍സിനേറ്ററുകളിലേക്ക് എത്തിയത് 1250 ലോഡ് മാലിന്യം

ശബരിമല: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇന്‍സിനേറ്ററുകളിലേക്ക് ഈ സീസണില്‍ ഇതുവരെ എത്തിയത് 1250 ലോഡ് മാലിന്യം. സീസണിന്റെ തുടക്കംമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്നു യൂണിറ്റ് ഇന്‍സിനേറ്ററുകളാണ് ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിന്റെ പശ്ചാത്തലത്തിലും മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കുന്നത്.
പാണ്ടിത്താവളത്തുള്ള രണ്ടു പ്ലാന്റുകളിലായി സ്ഥാപിച്ചിട്ടുള്ള മൂന്നു യൂണിറ്റുകളില്‍ മണിക്കൂറില്‍ 700 കിലോ മാലിന്യം കത്തിക്കാനാവും. മണിക്കൂറില്‍ 300 കിലോ ശേഷിയുള്ള ഒരു ഇന്‍സിനേറ്ററുള്ള പ്ലാന്റും മണിക്കൂറില്‍ 200 കിലോവീതം ശേഷിയുള്ള രണ്ട് ഇന്‍സിനേറ്ററുകളുള്ള മറ്റൊരു പ്ലാന്റുമാണ് ഇവിടെയുള്ളത്. ശരാശരി 30 ട്രാക്ടര്‍ ലോഡ് ദിവസവും ഇവിടെയെത്തുന്നുണ്ട്്. രണ്ടു പ്ലാന്റുകളിലുമായി മൂന്നുഷിഫ്റ്റുകളിലായി 66 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
മരക്കൂട്ടം മുതലുള്ള തീര്‍ഥാടന വഴിയിലെ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കാനത്തിക്കുന്നത്. മാലിന്യങ്ങള്‍ വേര്‍തിരിക്കലാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യങ്ങളും തുണിയും ഇന്‍സിനേറ്ററില്‍ കത്തിക്കും. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും കാര്‍ഡ് ബോര്‍ഡും വേര്‍തിരിച്ചുവയ്ക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തര്‍ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവപാഴ്വസ്തുക്കളും കുഴിച്ചിടും.
ഭക്തര്‍ക്കു സൗജന്യ ഔഷധ കുടിവെള്ളം ശബരിമലയിലുടനീളം യഥേഷ്ടം വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുവരുന്നത് വര്‍ധിച്ചുവരികയാണ്. ഹോട്ടല്‍ മാലിന്യം തരം തിരിച്ചു നല്‍കാത്തതും വെല്ലുവിളിയാണ്. ഏറ്റുമാനൂരിലും തിരുവനന്തപുരത്തും ഉള്ള കമ്പനികളാണ് ഇന്‍സിനേറ്ററിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.

 

അമിതവില: ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ

ശബരിമല: അയ്യപ്പഭക്തരില്‍നിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ ചുമത്തി. പാണ്ടിതാവളത്തു പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളിനാണ് വില വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതെ അയ്യപ്പ ഭക്തരില്‍നിന്ന് അമിതവില ഈടാക്കിയതിന് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയെത്തുടര്‍ന്നു പിഴ ചുമത്തിയത്.
അനധികൃതമായി മൊബൈല്‍ ചാര്‍ജിങ് സെന്റര്‍ പ്രവര്‍ത്തിച്ചതായി കഴിഞ്ഞദിവസത്തെ പരിശോധനയില്‍ കണ്ടെത്തിയ പാണ്ടിത്താവളത്തെ സ്ഥാപനത്തിന് കെ.എസ്.ഇ.ബി. 16000 രൂപ പിഴയും ചുമത്തി.
തുടര്‍ന്നുള്ള ദിവസങ്ങളിലും സന്നിധാനത്തും പരിസരങ്ങളിലുമുള്ള വ്യാപാരശാലകളില്‍ കര്‍ശനപരിശോധന നടത്തുമെന്നു ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.