Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/12/2022)

അങ്കണവാടി കെട്ടിടം ഉദ്ഘാടനം (23)
കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (23) രാവിലെ 10ന് നിര്‍വഹിക്കും. അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയാകും.

പാലയ്ക്കക്കുഴി വീട്ടില്‍ അംബിക ദേവിയും കുടുംബവും സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്ത് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.


ക്വട്ടേഷന്‍

പത്തനംതിട്ട ടി ബി റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷകാലയളവിലേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ : 0468 2 325 270.


മസ്റ്ററിംഗ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പിരിഞ്ഞ സേവന സോഫ്റ്റ് വെയറില്‍ ഉള്‍പ്പെട്ട 2019 ഡിസംബര്‍ 31 വരെയുളള ഗുണഭോക്താക്കള്‍ക്കായി നടത്തിയിരുന്ന മസ്റ്ററിംഗ് ഇനിയും പൂര്‍ത്തിയാക്കാത്തതിനാല്‍ പെന്‍ഷന്‍ തടയപ്പെട്ടിട്ടുളള ബോര്‍ഡിലെ തൊഴിലാളി, കുടുംബ സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സ്വന്തം ചെലവില്‍ മസ്റ്റര്‍ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ക്ക് വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍ /ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍/ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/ യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിനായും എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫോണ്‍ : 0469 2 603 074.

 

 

കുള്ളാര്‍ ഡാം തുറന്നു
പമ്പാ സ്നാന സരസില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിനും നദിയില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും ഡിസംബര്‍ 20 മുതല്‍ 27 വരെ കുള്ളാര്‍ ഡാം തുറക്കുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഇതുപ്രകാരം ഡിസംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 25,000 ഘനമീറ്ററും 26നും 27നും 40,000 ഘനമീറ്ററും ജലം തുറന്നു വിടും. നേരിയ തോതില്‍ മാത്രമേ നദിയിലെ ജലനിരപ്പ് വര്‍ധിക്കുകയുള്ളു.

 

ജില്ലാ ആസൂത്രണസമിതി യോഗം
ജില്ലാ ആസൂത്രണസമിതി യോഗം ഡിസംബര്‍ 23ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും

 

ദീപശിഖാപ്രയാണം ആരംഭിച്ചു
നയിചേതന കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ദീപശിഖാ പ്രയാണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ദീപശിഖ നഗരസഭ വൈസ് ചെയര്‍പേഴ്സണും സി.ഡി.എസ് ചെയര്‍പേഴ്സണും ചേര്‍ന്ന്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്നും ഏറ്റുവാങ്ങി. അടൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ദീപശിഖാ പ്രയാണം പന്തളം നഗരസഭയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യുവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജലക്ഷ്മിയും ചേര്‍ന്ന് ഏറ്റുവാങ്ങി. കുളനടയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രനും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അയിനി സന്തോഷും കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സഞ്ചുവും ഇരവിപേരൂരില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സജിനിയും ആറന്മുളയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജിയും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സോമവല്ലിയും മെഴുവേലിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധരും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജി ദാമോദരനും ചെന്നീര്‍ക്കരയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് വലിയകാലായിലും സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ഓമന രവിയും തുമ്പമണ്ണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സ്‌കറിയയും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഓമന ഗോപാലനും പന്തളം തെക്കേക്കരയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജി പ്രസാദും ചേര്‍ന്ന് ഏറ്റു വാങ്ങി.

അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് നയിചേതന കാമ്പയിന്റെ ലക്ഷ്യം. യോഗത്തില്‍ നഗരസഭ ക്ഷേമകര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, വിവിധ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ എം. വി. വത്സലകുമാരി, ഗീത പി. കെ, അജിതകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ഗീത, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍ തുളസി സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. ആര്‍ അനുപ, ടി.കെ ഷാജഹാന്‍, എന്‍. യു.എല്‍.എം മാനേജര്‍ വി.സുനിത , പിഎംഎവൈഎസ്ഡിഎസ് ജെയ്സണ്‍ കെ ബേബി, സ്നേഹിത കൗണ്‍സിലര്‍ ട്രീസ.എസ്.ജെയിംസ്, സര്‍വീസ് പ്രൊവൈഡര്‍ ഗായത്രി ദേവി, അക്കൗണ്ടന്റ് ഫൗസിയ, വിദ്യ, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ  അജിരാജ്, കിറ്റി, ജെഫിന്‍, വിജയ്, സെബിന്‍, ബിബിന്‍, ടിനു, സി. ഡി. എസ് -എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2023-24 വര്‍ഷം ചേരുവാന്‍ താല്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവരും, 60 വയസ് കഴിയാത്തവരും, ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ (എഫ്‌ഐഎംഎസ്) രജിസ്റ്റര്‍ ചെയ്തതും, മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായപരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2022 മാര്‍ച്ച് വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും  ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ് ബുക്കിന്റെ പകര്‍പ്പ്, കഴിഞ്ഞ ആറു മാസത്തിനകം  എടുത്ത രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ജനുവരി മാസം ഗുണഭോക്തൃവിഹിതം രണ്ട് ഗഡു 500 രൂപ എന്നിവ സഹിതം തിരുവല്ല, മത്സ്യഭവന്‍ ഓഫീസില്‍ 2023 ജനുവരി 27നും 28 നും രാവിലെ 11 നും വൈകിട്ട് നാലിനുമിടയ്ക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2 967 720.

സംരംഭകത്വ വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) നേതൃത്വത്തില്‍ 2023 ജനുവരി അഞ്ചു മുതല്‍ ഏഴു വരെ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 2,950 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി ഡിസംബര്‍ 26 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. വെബ് സൈറ്റ് :www.kied.info ഫോണ്‍ : 9605542061, 0484 2532890, 2550322.

 

പുരുഷ നേഴ്‌സിംഗ് ആഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) താഴപ്പറയുന്ന തസ്തികകളിലേക്ക് ദിവസവേതനത്തില്‍ പുരുഷ നേഴ്‌സിംഗ് ആഫീസര്‍മാരെ ആവശ്യമുണ്ട്. നിയമിക്കുന്ന തീയതി മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി.

നേഴ്‌സിംഗ് ആഫീസര്‍ (എണ്ണം 10) അപേക്ഷകര്‍ അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്‌ട്രേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 9188 166 512.

 

 

error: Content is protected !!