Trending Now

നല്ല ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് കാര്‍ഷിക സെന്‍സസ്: ജില്ലാ കളക്ടര്‍

ആഗോളതലത്തില്‍ കാര്‍ഷിക ഭാവിയുടെ നിര്‍ണയമാണ് കാര്‍ഷിക സെന്‍സസിലൂടെ നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ താലൂക്ക്തല പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.
നല്ല ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് കാര്‍ഷിക സെന്‍സസ്.

ആഗോളതലത്തില്‍ ഭാവിയുടെ വികസനത്തിനായി എന്തൊക്കെ ചുവടുവയ്പ്പുകളാണ് നടത്തേണ്ടത് എന്നതിന്റെ അടിത്തറ പാകുകയാണ് സെന്‍സസിലൂടെ ചെയ്യുന്നത്. പ്രക്രിയയുടെ പ്രാധാന്യം മനസിലാക്കി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. നടത്തുന്ന വിവരശേഖരണം സുതാര്യമായിരിക്കണം. ജനങ്ങളെ സെന്‍സസിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കണം. വ്യക്തിപരവും, സാമൂഹികപരവുമായുള്ള നല്ല ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് കാര്‍ഷിക സെന്‍സസ്. സെന്‍സസില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്.എ.ഒ.) ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 1970-71 മുതല്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തുടര്‍ച്ചയായി കാര്‍ഷിക സെന്‍സസ് നടത്തിവരുന്നുണ്ട്. ഇത്തരത്തില്‍ 2021-22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് നടത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് കേരളത്തിലും  സെന്‍സസിന് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തില്‍ സെന്‍സസിന്റെ  നടത്തിപ്പു ചുമതല ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനാണ്.

വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമാണ് കാര്‍ഷിക സെന്‍സസ് ഡേറ്റ ഉപയോഗിക്കുന്നത്. കൃഷി കൈവശക്കാരുടെ എണ്ണവും വിസ്തൃതിയും, ഭൂവിനിയോഗം, കൃഷിരീതി, കൃഷിക്ക് ഉപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ മുതലായ വിവരങ്ങളാണ് ഈ സെന്‍സസിലൂടെ ശേഖരിക്കുന്നത്. കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍  നിന്ന് വിവരം ശേഖരിക്കുന്നതിന് തെരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്.

ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മജീദ് കാര്യംമാക്കുല്‍, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷണല്‍ ജില്ലാ ഓഫീസര്‍ കെ.ആര്‍. ഉഷ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍.സുമേഷ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജുള മുരളീകൃഷ്ണന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ടി. ഗോപകുമാര്‍, എന്യൂമറേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.