Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 21/12/2022)

ദുരന്ത നിവാരണം : സന്നിധാനത്ത് ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

ശബരിമല: അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ശബരിമല സന്നിധാനത്തെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നു സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സന്നിധാനം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ തയാറായിയിരിക്കണമെന്ന് എ.ഡി.എം പറഞ്ഞു.

 

ഡ്യൂട്ടി മജിസ്ട്രേറ്റ് ടി. മുരളി അധ്യക്ഷനായി. 2018ല്‍ തയാറാക്കിയ ശബരിമല അടിയന്തര ഒഴിപ്പക്കല്‍ പദ്ധതി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യണമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് നിര്‍ദേശിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവം സുരക്ഷാവീഴ്ചകളില്ലാതെ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.യോഗത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുയര്‍ന്ന നിര്‍ ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

 

മണ്ഡല-മകര വിളക്ക് ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് അനുവദിച്ചയിടങ്ങളില്‍ മാത്രമേ വിരിവയ്ക്കാന്‍ അനുവദിക്കു. വൈദ്യുത തകരാറുകള്‍ മറികടക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ജനറേറ്ററുകള്‍ സ്ഥാപിക്കണ മെന്ന് യോഗത്തില്‍ കെ.എസ്.ഇ.ബി നിര്‍ദ്ദേശിച്ചു. സന്നിധാനത്തും പരിസരപ്രദേശങ്ങളിലെയും ആശയവിനിമയം സുഖമമാക്കാന്‍ ബി.എസ്.എന്‍.എലിന്റെ ടവര്‍ശേഷി ഉയര്‍ത്തണമെന്നും നിര്‍ദേശമുയര്‍ന്നു.

 

പൊലീസ്, അഗ്നിരക്ഷാസേന, എന്‍.ഡി.ആര്‍.എഫ്., ആര്‍.എ. എഫ്, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ് എന്നിവര്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി ഒരുക്കിയിട്ടുള്ള വിവിധ സുരക്ഷാ നടപടികളെ യോഗം പ്രശംസിച്ചു. സേഫ്റ്റി എന്‍ ജിനീയര്‍ അഥര്‍വ് സുരേഷ്, ഹസാര്‍ഡ്‌സ് കേര്‍ഡിനേറ്റര്‍ ഫഹദ് മര്‍സൂക്ക്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ധന്‍ കെ.എസ്. സരണ്‍ എന്നിവര്‍ സംസാരിച്ചു. പൊലീസ്, അഗ്നിരക്ഷാ സേന, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്. തുടങ്ങി വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

 

 

പമ്പയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

പമ്പ: മേഖലയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ടോയ്‌ലറ്റ് കോംപ്ലക്‌സുകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ശുചിത്വ നിലവാരം പുലര്‍ത്താത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

 

മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂയെന്നും, പരിസര ശുചിത്വം പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ക്കടുത്ത് ഭക്ഷണവസ്തുക്കള്‍ ശേഖരിച്ചു വെക്കുന്നത് അനുവദിക്കില്ലെന്നും തീര്‍ഥാടകര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് മതിയായ സൗകര്യം ഒരുക്കണമെന്നും കരാറുകാരോട് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. പമ്പ ത്രിവേണി, ചെളിക്കുഴി, നീലിമല, ചെറിയാനവട്ടം, വലിയാനവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

 

നോഡല്‍ ഓഫീസര്‍ ഡോ. പ്രശോഭ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മൃദുല്‍ മുരളീകൃഷ്ണ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.പി.ദിനേഷ് ,ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ. നവീന്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ എന്‍.ആര്‍. വിനോദ് കുമാര്‍ , ലാല്‍ജിത്ത്, വി. വിനീത് എന്നിവര്‍ നേതൃത്വം നല്‍കി

 

കര്‍പ്പൂരാഴി ഘോഷയാത്ര ഡിസംബര്‍ 22ന് : 23ന് പോലീസ് സേനയും കര്‍പ്പൂരാഴി ഒരുക്കും

ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര നാളെ (ഡിസംബര്‍ 22ന്) ദീപാരാധനയ്ക്കുശേഷം ശബരിമല അയ്യപ്പസന്നിധിയില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായാണ് കര്‍പ്പൂരാഴി.
ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിക്ക് അഗ്‌നി പകരും. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രവികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശാന്തകുമാര്‍, ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ്, എ.ഡി.എം.വിഷ്ണുരാജ്, പി.ആര്‍.ഒ. സുനില്‍ അരുമാനൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് കര്‍പ്പൂരാഴി ഘോഷയാത്ര ആരംഭിക്കും.

പുലിവാഹനനായ അയ്യപ്പന്‍, വിവിധ വാദ്യമേളങ്ങള്‍, പുരാണ വേഷവിദാനങ്ങള്‍, പൂക്കാവടി, മയിലാട്ടം, വിളക്കാട്ടം തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. ശബരിമലയില്‍ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കര്‍പ്പൂരാഴി ഘോഷയാത്ര. 23ന് സന്നിധാനത്ത് ചുമതലയിലുള്ള പോലീസ്‌സേനാ ഉദ്യോഗസ്ഥരുടെ വകയായി കര്‍പ്പൂരാഴി ഘോഷയാത്ര നടക്കും.

 

ഐ പി.ആര്‍.ഡി
മീഡിയ സെന്റര്‍,
ശബരിമല പത്രക്കുറിപ്പ്-3


അമിതവില, ക്രമക്കേട്: ഹോട്ടലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും 20000 രൂപ പിഴ

ശബരിമല: സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20000 രൂപ പിഴയീടാക്കി. ഡിസംബര്‍ 17 മുതല്‍ സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ കീഴില്‍ രൂപീകരിച്ച പുതിയ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ക്ക് പിഴ ചുമത്തിയത്.
റവന്യു, ലീഗല്‍ മെട്രോളജി, ആരോഗ്യ വകുപ്പ്, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്നത്. അമിതവില ഈടാക്കിയ രണ്ടു പാത്രക്കടകള്‍ക്ക് 5000 രൂപ വീതവും അമിതവില ഈടാക്കിയ ശരംകുത്തിയിലെ ഹോട്ടലിന് 5000 രൂപയും, മുദ്ര പതിപ്പാക്കാത്ത ത്രാസ് ഉപയോഗിച്ചു കച്ചവടം നടത്തിയ സന്നിധാനത്തെ വ്യാപാരസ്ഥാപനത്തിന് 2000 രൂപയും ശരംകുത്തിയിലെ മറ്റൊരു ഹോട്ടലിന് 3000 രൂപയും ഉള്‍പ്പെടെയാണ് 20000 രൂപ പിഴ ഈടാക്കിയത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ ആഹാരം പാകം ചെയ്യുന്ന കടകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു കര്‍ശനനടപടിക്കു ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി.
വിലനിലവാരം, വൃത്തി, ഗുണനിലവാരം, ഹോട്ടല്‍ ജീവനക്കാരുടെ ആരോഗ്യകാര്‍ഡ്, അളവ് തൂക്കത്തിലെ കൃത്യത, വില പ്രദര്‍ശിപ്പിക്കല്‍ എന്നിവ പരിശോധിച്ചു വീഴ്ച വരുത്തിയ ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ച ബാറ്ററി ചാര്‍ജിങ് കേന്ദ്രത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി. സന്നിധാനത്തും പരിസരങ്ങളിലും അനധികൃതമായി പ്രവര്‍ത്തിച്ച ലോട്ടറി കച്ചവടക്കാരില്‍നിന്നു ലോട്ടറി പിടിച്ചെടുത്തശേഷം താക്കീതു ചെയ്തു. അയ്യപ്പഭക്തന്മാരെ ചൂഷണം ചെയ്യുന്നതോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ടി. മുരളി അറിയിച്ചു.
സന്നിധാനവും പരിസരവും പല മേഖലകളായി തിരിച്ചു സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ പോലീസ് ബാരക്കിലേക്ക് പോകുന്ന വഴിയുടെ വശത്തായി കൂട്ടിയിരിട്ടിരുന്ന മാലിന്യങ്ങള്‍ മുഴുവനും ജെ.സി.ബി. ഉപയോഗിച്ചു നീക്കം ചെയ്തു. അടഞ്ഞു കിടന്ന ഓടകള്‍ വൃത്തിയാക്കിയും മാലിന്യങ്ങള്‍ നീക്കിയും സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്.
ശബരിമലയിലെ  ചടങ്ങുകള്‍
(22.12.2022)

………
പുലര്‍ച്ചെ 2.30ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.